കോഴിക്കോട്: കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ വ്യക്തിയെ കണ്ടെത്താനായില്ല. ഓടയിൽ വീണ വ്യക്തിക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
58 വയസുള്ള കോവൂർ സ്വദേശി ശശിയാണ് ഓടയിൽ വീണത്. ഇന്നലെ രാതിയായിരുന്നു ശശി ഓടയിൽ വീണത്. ഓടയുടെ സമീപം നിൽക്കുകയായിരുന്ന ശശി കാൽവഴുതി ഓടയിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ ഫയർഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിക്കുകയും നാട്ടുകാരുളപ്പാടെയുള്ള സംഘം തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
രണ്ടര കിലോമീറ്ററോളം ദൂരം ഫയർഫോഴ്സ് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പുലർച്ചെ രണ്ട് മണി വരെയും ഫയർഫോഴ്‌സ് തിരച്ചിൽ നടത്തിയിരുന്നു. കോവൂർ, മെഡിക്കൽ കോളേജ്, ചേവരമ്പലം തുടങ്ങിയ പ്രദേശത്തെ വെള്ളം ഈ ഓടയിലൂടെയാണ് മാമ്പുഴയിലേക്ക് എത്തിച്ചേരുന്നത്.
കനത്ത മഴയിൽ ഓട കവിഞ്ഞൊഴുകുകയായിരുന്നു. കോവൂര്‍ ഭാഗത്ത് ഒരു മണിക്കൂര്‍ നേരം അതിശക്തമായി മഴ പെയ്തിരുന്നു. ഓടയിൽ വലിയ കുത്തൊഴുക്കുണ്ടായി എന്ന് നാട്ടുകാര്‍ പറയുന്നു. ഓടക്ക് സ്ലാബ് ഇല്ലാത്തതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
അപകടം നടന്ന് അല്പസമയം കഴിഞ്ഞിട്ടാണ് ശശിയുടെ കൂടെയുണ്ടായിരുന്നവർ അദ്ദേഹം ഓടയിൽ വീണ വിവരം പറഞ്ഞതെന്നും നാട്ടുകാർ പറഞ്ഞു. ഇന്ന് ഏഴ് മണിയോട് കൂടി വിപുലമായ രീതിയിലുള്ള തിരച്ചിൽ വീണ്ടും ആരംഭിക്കുന്നതാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് ഓടയിൽ വെള്ളം കുറഞ്ഞത് തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുമെന്നാണ് നിഗമനം.
Content Highlight: Person who fell into drain in Kovur, Kozhikode not found; Search intensifies