കോഴിക്കോട്: മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച മീന്‍ ഡ്രൈവര്‍ നിരീക്ഷണത്തിലിരിക്കേ കോഴിക്കോട് ഹാര്‍ബറില്‍ ചിലവഴിച്ചത് രണ്ടു ദിവസം. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ഹാര്‍ബര്‍ ഉള്‍പ്പെടുന്ന 75ാം വാര്‍ഡ് കണ്ടെയന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു.
അടച്ചിട്ട കോഴിക്കോട് ഹാര്‍ബര്‍ രാവിലെ അഗ്നിശമന സേനയെത്തി അണുനശീകരണം നടത്തി. കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെ വാര്‍ഡില്‍ കടകള്‍ രാവിലെ എട്ടു മുതല്‍ അഞ്ച് വരെ മാത്രമായിരിക്കും തുറന്നു പ്രവര്‍ത്തിക്കുക.
റൂട്ട്മാപ്പ് എടുത്തതിനെ തുടര്‍ന്നാണ് ഹാര്‍ബറില്‍ ഇയാള്‍ എത്തിയിരുന്നെന്ന വിവരം ലഭിക്കുന്നത്. ശനിയാഴ്ച രാവിലൊയാണ് ഡ്രൈവര്‍ ഹാര്‍ബറില്‍ എത്തിയത്. ഹാര്‍ബറിന് സമീപത്തുള്ള കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചതായും സ്ഥിരീകരിച്ചു.
ഞായറാഴ്ച കാന്റീന്‍ തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ പാവങ്ങാടുള്ള ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങുകയും ചെയ്തു. കാന്റീന്‍ ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും ഭക്ഷണം വാങ്ങിച്ച ഹോട്ടല്‍ അടച്ചിടാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
അതേസമയം ഇയാള്‍ യാത്രചെയ്ത ഓട്ടോറിക്ഷ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ജോലിയുടെ ഭാഗമായി ആന്ധ്രാ പ്രദേശില്‍ പോയ ശേഷം ഇയാള്‍ മടങ്ങി വന്നത് ജൂണ്‍ നാലിനാണ്. തുടര്‍ന്ന് ഇയാള്‍ക്ക് ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 17ന് മഞ്ചേരി മെഡിക്കല്‍ കോളെജില്‍ സ്രവപരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരത്തും ഇയാള്‍ എത്തിയതായി സംശയമുണ്ട്. 28 ദിവസം ക്വാറന്റീനില്‍ പോകണമെന്ന നിര്‍ദേശം പാലിക്കാതെയാണ് ഇയാള്‍ പുറത്തിറങ്ങി നടന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക