പാലക്കാട്: സംസ്ഥാനത്തേക്കു കടക്കാനുള്ള പാസില്ലാതെ വാളയാര്‍ കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ്. ചെന്നൈയില്‍ നിന്നുമെത്തിയ എത്തിയ ഇയാള്‍ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയാണ്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.
മെയ് ഒന്‍പതാം തീയ്യതിയാണ് ഇയാള്‍ വാളയാര്‍ ചെക്ക്‌പോസ്റ്റിലെത്തിയത്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മറ്റ് ഒന്‍പത് പേര്‍ക്കൊപ്പമാണ് ചെന്നൈയില്‍ നിന്നും മിനി ബസില്‍ പാസെടുക്കാതെ വാളയാറിലെത്തിയത്.
മെയ് എട്ടിനാണ് സംഘം ചെന്നൈയില്‍ നിന്നും യാത്ര തിരിച്ചത്. മെയ് ഒന്‍പതിന് രാവിലെ വാളയാറിലെത്തിയ സംഘത്തിന്റെ വാഹനം ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
കടുത്ത തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകിരിക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശിയും നിരീക്ഷണത്തിലാണ്. ഇയാളോടൊപ്പം കേരളത്തിലേക്കെത്തിയ മറ്റു എട്ടു പേരെയും നിരീക്ഷണത്തിലാക്കിയെന്നും കളക്ടര്‍ അറിയിച്ചു.
ഇതോടെ മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 26 ആയിട്ടുണ്ട്. പാസില്ലാതെ കേരളത്തിലെ അതിര്‍ത്തികളിലേക്ക് നിരവധി പേരായിരുന്നു എത്തിക്കൊണ്ടിരുന്നത്. പാസില്ലാത്തവരെ കയറ്റേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
അതേസമയം വരുന്ന എല്ലാവരെയും കയറ്റിവിടണമെന്നും സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നുമുള്ള വാദവുമായി കോണ്‍ഗ്രസും എത്തിയിരുന്നു. എന്നാല്‍ പാസ് ഏര്‍പ്പാടാക്കിയ സര്‍ക്കാര്‍ നടപടി ശരിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നിലവില്‍ കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കാതെ വാളയാറില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അനുമതി നല്‍കണമെന്നും അടിയന്തരമായി പാസ് അനുവദിക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
അതേസമയം ഇതൊരു കീഴ് വഴക്കമായി സ്വീകരിക്കരുതെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുവേണം ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിടാനെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക