കര്‍ണാടകയില്‍ കൊവിഡ് ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തിയുടെ മൃതദേഹം ബസ് സ്‌റ്റോപില്‍ കിടന്നത് മൂന്ന് മണിക്കൂര്‍; പ്രതിഷേധം കനക്കുന്നു
national news
കര്‍ണാടകയില്‍ കൊവിഡ് ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തിയുടെ മൃതദേഹം ബസ് സ്‌റ്റോപില്‍ കിടന്നത് മൂന്ന് മണിക്കൂര്‍; പ്രതിഷേധം കനക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th July 2020, 4:57 pm

ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയയാളുടെ മൃതദേഹം പിപിഇ കിറ്റില്‍ പൊതിഞ്ഞ് ബസ് സ്‌റ്റോപില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ പ്രതിഷേധം കനക്കുന്നു. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. റാണബെണ്ണൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപത്ത് ബസ് സ്റ്റാന്‍ഡിലാണ് മൂന്ന് മണിക്കൂറുകളോളം മൃതദേഹം കിടന്നത്.

സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ബ്‌സ സ്റ്റോപില്‍ മണിക്കൂറുകളോളം അവഗണിക്കപ്പെട്ട് കിടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുത്ത പനിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ 28നാണ് ഇയാള്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ജൂണ്‍ 28ന് തന്നെ ഇയാളുടെ സ്രവ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് പരിശോധനാഫലം വാങ്ങാനായി ഇദ്ദേഹം ആശുപത്രിയിലേക്കെത്തിയത്.

എന്നാല്‍ റിസള്‍ട്ട് വരുന്ന് വരെ ബസ് സ്റ്റോപില്‍ വിശ്രമിക്കാനായി പോയി. എന്നാല്‍ കുറച്ചു സമയത്തിനകം ഇദ്ദേഹം അവിടെ വെച്ച് മരിക്കുകയായിരുന്നു.

വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ബസ് സ്‌റ്റോപില്‍ എത്തുകയും മൃതദേഹം പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ അവിടെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു.

എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവം വിവാദമായി. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ എത്തി മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോയി.

കൊവിഡ് മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന വാര്‍ത്തകള്‍ മുമ്പും പുറത്ത് വന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

പി.പി.ഇ കിറ്റുകള്‍ ധരിച്ചെത്തിയ ആളുകള്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ വലിയൊരു കുഴിയിലേക്ക് തള്ളുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ