| Monday, 4th September 2017, 11:50 am

പാക് അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കിയ ബി.ജെ.പി റോഹിങ്ക്യരെ പുറത്താക്കുന്നതിന് പിന്നിലെ വര്‍ഗീയ അജണ്ട

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിസ കാലാവധി അവസാനിച്ചാലും കുഴപ്പമില്ല പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കുമെന്ന് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടു രാജ്യങ്ങളിലും മതന്യൂനപക്ഷങ്ങള്‍ മനുഷ്യാവകാശ ലംഘനം നേരിടുന്ന സാഹചര്യത്തില്‍ മനുഷ്യത്വത്തിന്റെ പേരിലാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചത്.

എന്നാല്‍ മനുഷ്യാവകാശത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധത അത്ര ആത്മാര്‍ത്ഥമല്ലെന്നാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ വിഷയത്തിലെ ഇടപെടലുകള്‍ നമുക്ക് മനസിലാക്കി തരുന്നത്.

സ്വന്തം രാജ്യം തന്നെ പൗരത്വം നിഷേധിച്ച വിഭാഗമാണ് റോഹിങ്ക്യര്‍. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നതും റോഹിങ്ക്യരാണ്. അത് കൊണ്ട് അവശേഷിക്കുന്ന മനുഷ്യത്വം മരവിച്ചിട്ടില്ലെങ്കില്‍ നാടുകടത്തുന്നതിന് പകരം രാജ്യത്തിന്റെ വാതിലുകള്‍ റോഹിങ്ക്യര്‍ക്ക് കൂടെ തുറന്നു കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.

റോഹിങ്ക്യരെ നാടുകടത്തുന്നതിനെതിരെ നല്‍കിയ ഹരജിയില്‍ തിങ്കളാ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പോരാത്തതിന് വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രിമോദി മ്യാന്‍മാറിലേക്കും പോകുന്നുണ്ട്. അവിടെ ഇന്ത്യയിലെ അഭയാര്‍ത്ഥികളുടെ വിഷയം ചര്‍ച്ചയാവുമെന്നാണ് കരുതപ്പെടുന്നത്.

റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എടുത്ത നടപടികളെല്ലാം രാഷ്ട്രീയക്കളികളാണ്. ഇന്ത്യ ഹിന്ദുക്കളുടെ നാടാണെന്ന തത്വശാസ്ത്രമാണ് ബി.ജെ.പിയെ നയിക്കുന്നത്. അത് കൊണ്ട് അങ്ങനെയൊരു വര്‍ഗീയ കണ്ണുകൊണ്ട് മാത്രമേ അവര്‍ക്ക് അഭയാര്‍ത്ഥി പ്രശ്‌നത്തെ കാണാന്‍ സാധിക്കുകയുള്ളൂ. പക്ഷെ വിഷയം പരിഗണിക്കുന്ന കോടതിക്ക് ഒരിക്കലും അങ്ങനെയുള്ള പരിഗണനകള്‍ ഉണ്ടാകരുത്.

അഭയാര്‍ത്ഥികളെ പരിഗണിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിയമങ്ങള്‍ ഇല്ല. അഭയാര്‍ത്ഥികളെ സംബന്ധിച്ച 1951ലെ യു.എന്‍ കണ്‍വെന്‍ഷനിലും ഇന്ത്യ ഭാഗമല്ല. പക്ഷെ അഭയാര്‍ത്ഥി വിഷയത്തില്‍ ഇതിപ്പോള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ കീഴ്‌വഴക്കമായിരിക്കുകയാണ്. ഇതിലെ പ്രധാന ആശയം (non-refoulment: a state cannot force refugees to return to a country “where his life or freedom would be threatened on account of his race, religion, nationality, membership of a particular social group or political opinion”) തന്നെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന അഭയാര്‍ത്ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കരുതെന്നാണ്. ഈ ആശയത്തെ അന്താരാഷ്ട്ര വേദികളില്‍ പലതവണ ഇന്ത്യ പിന്തുണച്ചിട്ടുമുണ്ട്.

ഈ അന്താരാഷ്ട്ര കീഴ്‌വഴക്കം പരിഗണിച്ച് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്നും പറഞ്ഞയക്കാതിരിക്കാന്‍ സാധിക്കുയെന്ന് ചോദിച്ചാല്‍ പറ്റുമെന്നാണ് കരുതേണ്ടത്. കാരണം ഗ്രാമഫോണ്‍ കമ്പനി ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് vs ബിരേന്ദ്ര ബഹാദൂര്‍ പാണ്ഡെ കേസില്‍ സുപ്രീംകോടതി പറഞ്ഞത് ഇന്ത്യയിലെ നിയമങ്ങളെ ബാധിക്കാത്തിടത്തോളം കാലം അന്താരാഷ്ട്ര നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാമെന്നാണ്.

ബി.ജെ.പിയുടെ ഈ കണ്ണില്‍ ചോരയില്ലാത്ത രാഷ്ട്രീയത്തെ പൊളിച്ച് റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ ഈ അന്താരാഷ്ട്ര കീഴ്‌വഴക്കം നടപ്പിലാക്കുകയെന്നാണ് സുപ്രീംകോടതിക്ക് ചെയ്യാനുള്ളത്.

We use cookies to give you the best possible experience. Learn more