| Wednesday, 19th November 2014, 5:31 pm

പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫിയുടെ വിവാദ പ്രഭാഷണം: സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് മേധാവി പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി പ്രതികള്‍ക്കനുകൂലമായി നടത്തിയ പ്രഭാഷണം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വന്‍വിമര്‍ശനങ്ങളാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. പെണ്‍കുട്ടി ലൈംഗികാവയവത്തില്‍ ബലൂണ്‍കൊണ്ട് ഉരസിരസിക്കുന്നവളാണെന്ന ധ്വനിയില്‍ പീഡനത്തിനിരയായ ബാലികയെ മനുഷ്യത്വമില്ലാതെ വിവരിച്ചതും ഒപ്പം അവളെ വിവിധരീതിയില്‍ അധിക്ഷേപിച്ച് സംസാരിച്ചതുമാണ് വിമര്‍ശന വിധേയമായിരിക്കുന്നത്. പ്രമുഖ പ്രതികരണങ്ങളിലേക്ക്…

“അവള്‍ക്കൊന്നുറക്കെ കരയാമായിരുന്നില്ലേ!!!”


അപര്‍ണ പ്രഭാ ശശിധരന്‍


പാറക്കടവ് ദാറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 4 വയസുകാരി എല്‍.കെ.ജി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മതമേധാവികളുടെ പ്രതികരണം ഒട്ടും തന്നെ ഞെട്ടലുണ്ടാക്കിയില്ല.

കുട്ടി എന്തുകൊണ്ട് കരഞ്ഞില്ല? ടീച്ചറോട് പറഞ്ഞില്ല? മാതാപിതാക്കളുടെ അടുത്ത നിന്നും മറച്ചുവച്ചു? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ഇത് മതമേധാവികളുടെ മാത്രം കാര്യമല്ല.. പൊതുപുരുഷാധിപത്യ സദാചാരബോധത്തിന്റെ വക്താക്കളില്‍ നിന്ന് നിരന്തരം കേള്‍ക്കാറുള്ളതാണ്.

സ്ത്രീകള്‍ പൊതു ഇടത്തില്‍ (അതായത് ആണുങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട) വരുന്നതാണ് പ്രശ്‌നം എന്ന് പോലും ഇവര്‍ പറഞ്ഞ് കളയും.. ആണ്‍ നോട്ടങ്ങളും ആണിന്റെ മണം എത്തുന്നിടത്ത് നിന്നുവരെ പെണ്ണ് അകന്ന് നില്‍ക്കണം എന്ന് പറയുന്ന പുരുഷാധിപത്യവക്താക്കള്‍, പുരുഷന്മാര്‍ പെണ്ണിനെ കണ്ടാല്‍ ഉടന്‍ കടിച്ച് കീറാന്‍ നടക്കുന്നവരാണ് എന്ന് തുറന്ന് സമ്മതിക്കുകയാണ്.

പീഡിപ്പിക്കാന്‍ വരുമ്പോള്‍ കുട്ടി എന്തുകൊണ്ട് കരഞ്ഞില്ല, ഓടിയില്ല എന്നൊക്കെയുള്ള ഡയലോഗുകള്‍ നമ്മള്‍ എത്രയോ തവണ കണ്ട കയ്യടിച്ച സിനിമകളിലും ഉണ്ടായിരുന്നു… ഹിറ്റ്‌ലര്‍ എന്ന സിനിമയിലെ “അവള്‍ക്കൊന്നുറക്കെ കരയാമായിരുന്നില്ലേ” എന്ന സോമന്റെ കഥാപത്രത്തിന്റെ ഡയലോഗ് അതിലൊരുദാഹരണം മാത്രം…

രോഷം എന്ന വികാരമേ മാഞ്ഞ് വല്ലാതെ നിസ്സഹായനായി തൊണ്ടയില്‍ ഒരു നിലവിളി


ബച്ചൂ മാഹീ


ചില വയലന്‍സുകള്‍ കേള്‍ക്കുകേം അറിയുകേം ചെയ്യുമ്പോള്‍, അതിന്റെ തോത് അനുസരിച്ച് അകമേ പ്രകോപിതമാകാറുണ്ട്; ചിലപ്പോളല്പം രൂക്ഷമായ ഭാഷ ഉപയോഗിച്ച് പ്രതികരിക്കാറുണ്ട്.

എന്നാല്‍, അതിന്റെ പാരമ്യത അളക്കാവുന്ന ഒരു പരിധിക്ക് അപ്പുറത്തേക്ക് ആകുമ്പോള്‍, വാക്കുകള്‍ ഉള്ളില്‍ കുരുങ്ങി ശ്വാസംമുട്ടി, രോഷം എന്ന വികാരമേ മാഞ്ഞ് വല്ലാതെ നിസ്സഹായനായി തൊണ്ടയില്‍ ഒരു നിലവിളി പുറത്തേക്ക് വരാതെ കുടുങ്ങി നില്ക്കും… സ്വയമേ തളര്‍ത്തിക്കൊണ്ട്…

ഈയിടെ സ്‌കൂളില്‍ ചിലരുടെ അതിക്രമത്തിന് വിധേയയായ നാലുവയസുള്ള ഒരു കുരുന്നിനെ, പ്രസ്തുത സംഭവത്തെ പരാമര്‍ശിക്കാന്‍ ഒരു പുരോഹിതവേഷം ഉപയോഗിച്ച വാക്കുകളിലൂടെ അറിയാതെ കടന്ന് പോകേണ്ടി വന്നപ്പോള്‍ മുതല്‍ ഒന്നും പറയാനാകാത്ത നിസ്സഹായത ചൂഴ്ന്ന് നില്‍ക്കുന്നു…

ദൈവമേ, നീയെന്ന ഉണ്മ ഉള്ളതെങ്കില്‍, എന്ത് കൊണ്ട് ഇത്തരം വാക്കുകള്‍ പുറത്തേക്ക് ഒഴുകും മുന്‍പേ അവ പുറപ്പെടുവിക്കുന്ന ശരീരങ്ങള്‍ അഗ്‌നിയാല്‍ ഭസ്മമായി തീരുന്നില്ല?!

ഖുര്‍ആനിലെ നാലാം അദ്ധ്യായം


അലി കോയ


ഖുര്‍ആന്‍ നാലാം അദ്ധ്യായത്തില്‍ നിന്ന്:

[107] ആത്മവഞ്ചന നടത്തുന്നവര്‍ക്കുവേണ്ടി നീ വാദിക്കരുത്. കൊടുംവഞ്ചകനും പെരുംപാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

[108] അവര്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുന്നു. എന്നാല്‍ അല്ലാഹുവില്‍നിന്ന് മറച്ചുവെക്കാനവര്‍ക്കാവില്ല. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത സംസാരത്തിലൂടെ രാത്രിയിലവര്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോഴും അവന്‍ അവരോടൊപ്പമുണ്ട്. അവര്‍ ചെയ്യുന്നതൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.

[109] ഐഹികജീവിതത്തില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ നിങ്ങളുണ്ട്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ക്കുവേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുണ്ടാവുക? ആരാണ് അവിടെ അവരുടെ വക്കാലത്ത് ഏറ്റെടുക്കുക?

[110] തെറ്റ് ചെയ്യുകയോ തന്നോടുതന്നെ അക്രമം കാണിക്കുകയോ ചെയ്തശേഷം അല്ലാഹുവോട് പാപമോചനം തേടുന്നവന്‍, ഏറെ പൊറുക്കുന്നവനും ദയാപരനുമായി അല്ലാഹുവെ കണ്ടെത്തുന്നതാണ്.

[111] എന്നാല്‍ തെറ്റുകള്‍ ഒരുക്കൂട്ടി വെക്കുന്നവന്‍ സ്വന്തം നാശത്തിനിടവരുത്തുന്ന സംഗതികളാണ് ശേഖരിച്ചുവെക്കുന്നത്. അല്ലാഹു സര്‍വജ്ഞനും യുക്തിജ്ഞനുമാകുന്നു.

[112] ആരെങ്കിലും വല്ല തെറ്റോ കുറ്റമോ ചെയ്തശേഷം അത് നിരപരാധിയുടെ പേരില്‍ ചാര്‍ത്തുന്നുവെങ്കില്‍ ഉറപ്പായും കടുത്ത കള്ളാരോപണവും പ്രകടമായ പാപവുമാണവന്‍ പേറുന്നത്.

എന്ത് കണ്ടാലും വാദിച്ചു ജയിപ്പിക്കാനുള്ള ഒരു വാതരോഗം.


അഷറഫ് സല്‍വ


ഞങ്ങളെ ബാപ്പാര് മാപ്ലാര് ആയിരുന്നു,
തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന മാപ്ലാര് .
അന്ന് ഞങ്ങള്‍ക്ക് ഇംഗ്ലീഷ് നരകത്തിലെ ഭാഷയായിരുന്നു.

ഇന്ന്
ഇംഗ്ലീഷ് പഠിച്ചു,
ഇംഗ്ലീഷ് പഠിപ്പിച്ചു,
ഇംഗ്ലീഷിനെ ബഹുമാനിച്ചു .

ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങി,
ഇംഗ്ലീഷ് പഠിച്ച മോല്യാമ്മാരും,മൌലവി മാരും
ഇംഗ്ലീഷില് വര്‍ത്താനം പറയണ മോല്യാര് കുട്ട്യോളും
ഇംഗ്ലീഷില് ക്ലിപ്പ് തയ്യാറാക്കി വാദ പ്രതിവാദവും
ഇംഗ്ലീഷ് സെമിനാറും,
ഇംഗ്ലീഷിന്റെ വലിപ്പത്തരവും,
ഒക്കെ കിട്ടി മത്സരിച്ചു ജയിച്ചു.

ഞങ്ങള്‍ എപിം ഇകീം മുജായിദും ജമായത്തും ഒക്കെയാണ്
ഞങ്ങള്‍ക്ക് വാദിച്ചു വാദിച്ച് വാതം പിടിച്ചിട്ടുണ്ട്,
എന്ത് കണ്ടാലും വാദിച്ചു ജയിപ്പിക്കാനുള്ള ഒരു വാതരോഗം.

ഇപ്പോള്‍ ഇംഗ്ലീഷ് നരകത്തിലെ ഭാഷയല്ല.
പക്ഷെ
ഇംഗ്ലീഷ് മീഡിയം സ്‌കൂളോ ?
നരകത്തിലെ ഭാഷ പഠിപ്പിക്കുന്ന സ്‌കൂള്‍.
കാരണം സ്വര്‍ഗത്തില് ഇമ്മാതിരി ഭാഷ ഉണ്ടാകോ?

പൗരോഹിത്യത്തിനെതിരെ ഒരു വായ തുപ്പല്‍


ഹസ്‌ന ഷാഹിദ


നാലു വയസുള്ള ഒരു മോള്.. അവള്‍ വാ തുറന്നാല്‍ ഇപ്പോഴും മണക്കുക മുലപ്പാലായിരിക്കും..
അവളുടെ കുഞ്ഞുദേഹത്തും മനസ്സിലും ആ ദുഷ്ടന്മാരുടെ അടയാളങ്ങള്‍ വടു കെട്ടി നീറുന്നുണ്ടാകും..

വെള്ളയിട്ട് തലേക്കെട്ടുകെട്ടിയ ഒരു ശവം,
ആ മോളെ നഗ്നയാക്കി ആള്‍കൂട്ടത്തിനു മുന്നില്‍ വച്ച് പിച്ചി നോവിക്കുന്നു..

പീഡനത്തിനിരയായ പൈതല്‍ ബോധം കെട്ടാലോ മരണപ്പെട്ടാലോ ചോരയൊഴുകി അവശയായാലോ മാത്രമെ ആ കുട്ടിയെ വിശ്വസിക്കുകയൊള്ളു പോലും..
അവള്‍ ആരോടും ഒന്നും പറഞ്ഞില്ലയത്രെ..

നാലു വയസുള്ള ഒരു കുഞ്ഞിനെ ഭയം എങ്ങനെയൊക്കെ നിശബ്ദയാക്കുമെന്ന് ഊഹിക്കാനുള്ള തെളിച്ചം അയാളുടെ ചിന്തക്ക് കാണാനൊരു വഴിയുമില്ല..

ബലൂണ്‍ വീര്‍പ്പിച്ച് ശരീരത്തില്‍ അടിക്കുന്നത് കണ്ടപ്പോള്‍ ഉമ്മ അവളോട് ചോദിച്ചെത്രെ എന്താ അങ്ങനെ ചെയ്യുന്നതെന്ന്.. അത് പറഞ്ഞ്, ഈക്കളിയൊക്കെ കളിച്ചിട്ടും ബലൂണ്‍ കൊണ്ട് കളിക്കാനുള്ള പ്രചോദനം നിനക്കെവിടെന്ന് കിട്ടീ എന്ന് വഷളന്‍ ചിരിയോടെ അവളോട് അയാള്‍ ചോദിക്കുന്നു..

ആരുടെ വികാരം വേണമെങ്കിലും വ്രണപ്പെട്ടോളു..

ആ കുഞ്ഞിനെ കൊത്തിക്കീറിയ ആ വിദ്യാര്‍ത്ഥികളേക്കാള്‍ എനിക്ക് അറപ്പ് ഈ പേരോടത്തെ ജീവിയോടാണ്…

അശ്ലീലം കയറിയനാക്കുകൊണ്ട് അയാള്‍ അപമാനിക്കുന്ന ഈ കുഞ്ഞ് വലുതാകുമ്പോളേക്കും ചത്ത് പുഴുത്തിട്ടില്ലെങ്കില്‍ അയാളുടെ മുഖത്ത് അവളുടെ കാലിലെ ചെരുപ്പിന്റെ അടയാളം പതിപ്പിക്കട്ടെ..

ആറ് വയസുള്ള എന്റെ കുഞ്ഞാവയുടെ അതേ മുഖമല്ലേ നിന്റേതും? അവനുറങ്ങും പോലെ ഉറക്കത്തില്‍ നീ ചിരിക്കാറില്ലേ?
കുളിക്കുമ്പോള്‍ തല വഴി വെള്ളം വീഴുന്ന നേരം നിങ്ങള്‍ രണ്ടും ഇക്കിളി കൂടുക ഒരു പോലെയല്ലേ?

കണ്ണീരടക്കാനാകുന്നില്ല..

എന്റെ മോളെ, അയാളെ കണ്ടാല്‍ കൊഴുപ്പിച്ച ഒരു വായ തുപ്പല്‍ നിനക്ക് വേണ്ടി ആ മുഖത്തേക്ക് തുപ്പണം.. ത്ഫൂൂ…

ഇനി പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അടിയും തടയും മാത്രം പഠിച്ചാല്‍ പോരാ.


സുനില്‍ ശാന്തിനഗര്‍


പെണ്‍കുട്യോള്‍ടെ ഒരു ഗതികേടേ….

ഇനി പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അടിയും തടയും മാത്രം പഠിച്ചാല്‍ പോരാ.

അഥവാ ആരേലും അത്തരത്തിലൊരു ശ്രമത്തിന് ഇരയായാല്‍ അത് ബോധ്യപ്പെടുത്താന്‍ വേണ്ടി ബോധം കെടാനും, കരഞ്ഞ് നിലവിളിക്കാനും, ചോര പൊടിഞ്ഞത് നാട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കാനും തയ്യാറാകേണ്ടിയിരിക്കുന്നു… !! പേരോട് ഭാഷ്യം.!!!

നാലു വയസ്സുള്ള ഒരു പെണ്‍കുട്ടി ബലൂണ്‍ വച്ച് കളിച്ചതില്‍ പോലും അശ്ലീലം കാണുന്നവരെ എന്തു വിശേഷിപ്പിക്കണം?


അനില്‍ ശ്രീ


നാലു വയസ്സുള്ള ഒരു പെണ്‍കുട്ടി ബലൂണ്‍ വച്ച് കളിച്ചതില്‍ പോലും അശ്ലീലം കാണുന്നവരെ എന്തു വിശേഷിപ്പിക്കണം? അയാള്‍ പറയുന്നതൊക്കെ കേട്ട് ഇയാളെ സപ്പോര്‍ട്ട് ചെയ്ത് ആമേന്‍ പറയുന്ന ആ സദസ്സിലെ മനുഷ്യരും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണല്ലോ എന്നോര്‍ത്ത് ലജ്ജിക്കുന്നു.

എല്ലാവരും ഈ പ്രസംഗം കേള്‍ക്കണം. കേരളത്തില്‍ നാലോ അഞ്ചോ വയസ്സുള്ള പെണ്‍കുട്ടികളുള്ള മാതാപിതാക്കളെ ഈ പ്രസംഗം കേള്‍പ്പിക്കണം. മനുഷ്യന്‍ എത്രമാത്രം അധ:പതിക്കാം എന്ന് ഇയാളുടെ പ്രസംഗം കേട്ടാല്‍ മനസ്സിലാകും.

(അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റക്കാരാകട്ടെ, നിരപരാധികളാകട്ടെ, അത് പുറകെ തെളിയട്ടെ. അതെന്തായാലും ഒരു പെണ്‍കുട്ടിയെ കുറിച്ച് ഇയാള്‍ പറയുന്നതിനെ ന്യായീകരിക്കാന്‍ ഒരുത്തനും മുതിരില്ല എന്നു കരുതുന്നു.)

മതാധിഷ്ഠിത സദാചാരവാദികളുടെ തനിനിറം


മോഹനന്‍ വെളിച്ചംതൊടാന്‍


മതാധിഷ്ഠിത സദാചാരവാദികളുടെ തനിനിറം എന്താണെന്ന് വെളിപ്പെടുത്തുന്നു പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ ഈ പ്രഭാഷണം…..

സദാചാരത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വയം പ്രഖ്യാപിത മൊത്തക്കച്ചവടക്കാരുടെ തനിനിറം പുറത്ത് വരികയാണ്…   പ്രതികള്‍ “സ്വന്തക്കാര്‍” ആയപ്പോള്‍ ഇരകള്‍ക്ക് മേലെ ചീറ്റപ്പുലികളെ പോലെ ചാടിവീഴുകയാണവര്‍…

ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ പിടിക്കപ്പെട്ട ആദ്യ ദിവസം തന്നെ ഈ നരാധമന്‍ ടിവിയില്‍ പ്രതികരിച്ചത് “പീഡിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന കുട്ടി” എന്ന രീതിയിലായിരുന്നു. തലേന്നാള്‍ ആ കുട്ടിയെ “പീഡിപ്പിച്ചയാള്‍” എന്നുപറഞ്ഞ് ആ ബസ് ജീവനക്കാരനെ അറസ്റ്റു ചെയ്യിക്കാന്‍ നടന്നതും ഇക്കൂട്ടര്‍ തന്നെയാണ് എന്നോര്‍ക്കണം…

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ റോജി റോയിയുടെ ദാരുണാന്ത്യത്തിലേതെന്നപോലെ ഈ സംഭവവും തേയ്ച്ചു മായ്ച്ചു കളയാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നതെന്നാണ് മനസ്സിലാവുന്നത്… ഇത്തരം സംഭവങ്ങള്‍ ഇനിയും ഇവിടെ ആവര്‍ത്തിക്കപ്പെടാതിരിക്കണമെങ്കില്‍ രണ്ടു സംഭവത്തിലെയും പ്രതികള്‍ രക്ഷപെട്ടുകൂട…

മാപ്പ്.. ഞാനുള്‍പ്പെടുന്ന മനുഷ്യരുടെ മാപ്പ്… .!


സൂര്യന്‍


നാം മനുഷ്യര്‍ എന്ന പദവിക്ക് യോഗ്യരായിട്ടില്ല…!

എനിക്ക് പെണ്‍കുട്ടികളുടെ കാര്യം അറിയില്ല.. എന്റെ കാര്യം പറയാം.. ശരീരത്തില്‍ ഒരു വേദനവന്നാല്‍ എന്തെങ്കിലും മാര്‍ദ്ദവമുള്ള വസ്തുകൊണ്ട് അവിടെ അമര്‍ത്തിപ്പിടിച്ചാല്‍ അല്പം ആശ്വസം കിട്ടുമെങ്കില്‍ അങ്ങിനെ ചെയ്യും…

ഒരു ബലൂണ്‍ കവിളില്‍ ചേര്‍ത്ത് വെക്കുമ്പോള്‍ എനിക്ക് സുഖം തോന്നാറുണ്ട്…!

പ്രിയപ്പെട്ട കുഞ്ഞേ, നിനക്ക് വര്‍ണ്ണ ബലൂണുകള്‍ വാനില്‍ പറപ്പിക്കേണ്ട പ്രായത്തില്‍ വേദനയൊപ്പാന്‍ ഉപയോഗിക്കേണ്ടി വന്നുവല്ലോ…!

മാപ്പ്.. ഞാനുള്‍പ്പെടുന്ന മനുഷ്യരുടെ മാപ്പ്… .!

We use cookies to give you the best possible experience. Learn more