യു.എ.ഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ അനുമതി
Daily News
യു.എ.ഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 14, 02:35 am
Thursday, 14th July 2016, 8:05 am

students uae

അബുദാബി: യു.എ.ഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പഠനത്തോടൊപ്പം ജോലി ചെയ്യാം. സ്വകാര്യമേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം വരെ ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന നിയമം യു.എ.ഇയില്‍ പ്രാബല്യത്തില്‍ വന്നു. സ്വദേശികളും വിദേശികളുമായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമം ബാധകമായിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരീശിലനം നേടുന്നതിനും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനും അവസരം നല്‍കുന്നതാണ് പുതിയ നിയമം. ഈ നിയമപ്രകാരം പന്ത്രണ്ട് വയസു മുതല്‍ പതിനെട്ട് വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനവും പതിനഞ്ച് മുതല്‍ പതിനെട്ട് വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റും ലഭിക്കും. മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്ന അതേ വേതനവും ആനൂകൂല്യങ്ങളുമാണ് വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുക.

ദിവസം ആറു മണിക്കൂര്‍ വരെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലെടുക്കാം. എന്നാല്‍ അടുപ്പിച്ച് നാലുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാനും പാടില്ല. താത്കാലികം, പാര്‍ട് ടൈം, ജുവനൈല്‍ എന്നിങ്ങനെ മൂന്ന് തരം വര്‍ക്ക് പെര്‍മിറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. എല്ലാ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും അഞ്ഞൂറ് ദിര്‍ഹമാണ് ഫീസ്. ജോലി ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കുകയും വേണം.