സ്വാകാര്യ പ്രാക്ടീസ് നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുമതി
Kerala
സ്വാകാര്യ പ്രാക്ടീസ് നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2013, 4:47 pm

[]തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് സ്വാകാര്യ പ്രാക്ടീസ് നടത്താന്‍ സര്‍ക്കാരിന്റെ അനുമതി. കേരളത്തില്‍ പനിയും, പകര്‍ച്ച വ്യാധികളും പടരുന്ന സാഹചര്യത്തിലാണ് ഒരു മാസം സ്വകാര്യ പ്രാക്ടീസ് നടത്താന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക്  അനുമതി കൊടുത്തത്. മന്ത്രിസഭയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവുണ്ടായത്.[]

ഗവണ്‍മെന്റ്  ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് പുറമേ വീട്ടിലെത്തുന്ന രോഗികളെ കൂടി ചികിത്സിക്കാന്‍ അനുമതി നല്‍കണമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ സ്വകാര്യ പ്രക്ടീസ് നടത്താന്‍ അനുമതി നല്‍കിയത്.

മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി സമയം ദീര്‍ഘിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായി.

മെഡിക്കല്‍ കോളേജ് ജില്ലാ, താലൂക്ക് ആശുപത്രികളില്‍ രാത്രി എട്ട് മണിവരെ ഒ.പി. പ്രവര്‍ത്തിക്കും. മെഡിക്കല്‍ കോളേജില്‍ ഗുരുതര രോഗികള്‍ക്ക് പ്രത്യേക വാര്‍ഡ് ഏര്‍പ്പെടുത്തും. ഡോക്ടര്‍മാരുടെ അമ്പത് തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കാനും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരുകോടി രൂപ അനുവദിക്കാനും തീരുമാനമായി.

ആരോഗ്യമന്ത്രി വി.എസ് ശിവകുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാനത്ത് പനി ബാധിച്ച് മൂന്ന് പേരാണ് ഇന്നലെ മരിച്ചത്. കൂടാതെ കേരളത്തില്‍  ഇന്നലെമാത്രം ഏകദേശം 16,982 പേരാണ് പനി ബാധിച്ച്  ചികിത്സ തേടിയെത്തിയെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.