കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ കോര്‍പ്പറേഷന്റെ അനുമതിയുള്ള വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി നല്‍കി.
36 കേന്ദ്രങ്ങള്‍ കോര്‍പ്പറേഷന്‍ മാര്‍ക്ക് ചെയ്ത് നല്‍കും. കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മിറ്റിയുമായി വ്യാപാരികളും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചെങ്കിലും വഴിയോരക്കച്ചവടം അനുവദിച്ചിരുന്നില്ല. ഇത് കച്ചവടക്കാരും പൊലീസും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ തീരുമാനം.
മിഠായിത്തെരുവില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള നൂറിലേറെ വഴിയോര കച്ചവടക്കാരുണ്ട്. ഇവരെ കച്ചവടം നടത്താന്‍ അനുവദിക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം.
എന്നാല്‍, വഴിയോര കച്ചവടം തുടങ്ങിയാല്‍ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും അനുവദിക്കാനാവില്ലെന്നും കച്ചവടം നടത്തിയാല്‍ പിടിച്ചെടുക്കുമെന്നുമായിരുന്നു പൊലീസ് പറഞ്ഞത്.
ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഇതിനു പിന്നാലെ കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മിറ്റിയുമായി വ്യാപാരികളും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
അതേസമയം, ഇന്ന് കോഴിക്കോട് 1022 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ബലിപെരുന്നാള്‍ പ്രമാണിച്ച് അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കേരളത്തോട് സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇന്നു തന്നെ വിശദീകരണം നല്‍കണമെന്നാണ് കോടതി അറിയിച്ചത്.
അതേസമയം സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവ് നല്‍കിയത് കോടതി സ്റ്റേ ചെയ്തില്ല. ഹരജി നാളെ വീണ്ടും പരിഗണിക്കും.