തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് അനുമതി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൊങ്കാല നടത്താമെന്നാണ് തീരുമാനം. എന്നാല്‍ ക്ഷേത്രവളപ്പില്‍ മാത്രമായിരിക്കും പൊങ്കാല നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.
പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുമതിയില്ല. ആള്‍ക്കാര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാം എന്നും തീരുമാനമായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പൊങ്കാല സംബന്ധിച്ച് തീരുമാനമായത്.
പൊങ്കാല നടത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നത്.
വി.എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍മാര്‍, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര വളപ്പിലേക്കുള്ള പ്രവേശനം അനുവദിക്കുക. ക്ഷേത്രത്തിലേക്ക് എത്ര പേരെ പ്രവേശിപ്പിക്കണമെന്ന് കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാമെന്നും യോഗം തീരുമാനിച്ചു.
ക്ഷേത്രപരിസരത്തെ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുക. ക്ഷേത്രത്തില്‍ അന്നദാനം ഉണ്ടാവും. ഗ്രീന്‍ പ്രോട്ടോക്കോളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും അന്നദാനം.
അതേസമയം ക്ഷേത്രത്തിലെ കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കുവാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക