ന്യൂദൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിയായി ഇംഫാലിലെ പാലസ് ഗ്രൗണ്ട് വേണമെന്ന ആവശ്യം മണിപ്പൂർ സർക്കാർ തള്ളി. പിന്നാലെ യാത്ര മണിപ്പൂരിൽ നിന്ന് തന്നെ ആരംഭിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
അനുമതി നിഷേധിച്ചതിനു പിന്നിൽ രാഷ്ട്രീയമാണെന്നും റാലിക്കായി മണിപ്പൂരിൽ മറ്റൊരു വേദി നോക്കുമെന്നും കെ.സി. വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘ഇതൊരു രാഷ്ട്രീയപരമായ യാത്രയല്ല. ഈ യാത്രയിലൂടെ ഞങ്ങൾ മണിപ്പൂർ വിഷയം രാഷ്ട്രീയവത്കരിക്കുകയില്ല. കലാപം നടക്കുമ്പോഴും രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചിട്ടുള്ളതാണ്.
ഞങ്ങളുടെ ആവശ്യം വ്യക്തമാണ്, സമാധാനപരമായ മണിപ്പൂർ. ഇന്ത്യയുടെ കിഴക്കിൽ നിന്ന് പടിഞ്ഞാറിലേക്ക് ഞങ്ങൾ ഒരു യാത്ര ആരംഭിക്കുമ്പോൾ എങ്ങനെയാണ് മണിപ്പൂരിനെ ഒഴിവാക്കാൻ സാധിക്കുക? അങ്ങനെ ചെയ്താൽ എന്ത് സന്ദേശമാണ് നമ്മൾ ജനങ്ങൾക്ക് നൽകുന്നത്?
ഞങ്ങൾ മണിപ്പൂരിൽ നിന്ന് തന്നെ യാത്ര ആരംഭിക്കും. ഞങ്ങൾ മുഖ്യമന്ത്രിയോട് കാര്യങ്ങളെല്ലാം പറഞ്ഞതാണ്. എന്നാൽ ഞങ്ങൾക്ക് പാലസ് ഗ്രൗണ്ട് അനുവദിക്കാൻ അവർ തയ്യാറല്ല.
പാലസ് ഗ്രൗണ്ട് നൽകിയില്ലെങ്കിൽ അത് പൊരുതി നേടാനൊന്നും ഞങ്ങൾ ശ്രമിക്കുന്നില്ല. മണിപ്പൂരിൽ ഞങ്ങൾ മറ്റൊരു സ്ഥലം കണ്ടുപിടിക്കും,’ കെ.സി. വേണുഗോപാൽ പറഞ്ഞു.
ജനുവരി 14നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. ഇതേദിവസം പാലസ് ഗ്രൗണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പി.സി.സി അധ്യക്ഷൻ കത്ത് നൽകിയിരുന്നു. ഈ അപേക്ഷയിൽ സംസ്ഥാന സർക്കാരിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല.
തുടർന്ന് ഇന്ന് രാവിലെ സംസ്ഥാന സർക്കാരുമായി പി.സി.സി അധ്യക്ഷൻ ബന്ധപ്പെട്ടപ്പോഴാണ് പരിപാടി നടത്തുന്നതിനുള്ള അപേക്ഷ സർക്കാർ നിരസിച്ചിരിക്കുന്നു എന്ന വിവരം കോൺഗ്രസ് അധികൃതർ അറിയുന്നത്.
Content highlight: permission denied in Imphal for Bharat Jodo Nyayu Yathra; Will start from Manipoor itself says AICC