കോഴിക്കോട്: കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം.
നവകേരള സദസ്സ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്. നവംബർ 25നാണ് കോഴിക്കോട് ബീച്ചിൽ സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് നടക്കുന്നത്. നവംബർ 23നായിരുന്നു കോഴിക്കോട് ബീച്ചിൽ കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ നിശ്ചയിച്ചിയിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും 25ന് നവകേരള സദസ്സിൽ പങ്കെടുക്കുമെന്നതിനാൽ മുൻകൂറായി സുരക്ഷാ സന്നാഹം ഒരുക്കേണ്ടതിനാലാണ് കോൺഗ്രസ് റാലിക്ക് അനുമതി നിഷേധിക്കുന്നത് എന്നാണ് ജില്ലാ കളക്ടറേറ്റ് അറിയിക്കുന്നത്.
50,000 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ റാലി നടത്താനായിരുന്നു കെ.പി.സി.സി തീരുമാനിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് വന്നത്.
ഇത്രയും ആളുകൾ പങ്കെടുക്കുന്നത് സുരക്ഷാ ക്രമീകരണത്തിന് ബുദ്ധിമുട്ടാകും എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം റാലിയുമായി മുന്നോട്ട് പോകുമെന്നാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും കെ.പി.സി.സിയും അറിയിക്കുന്നത്.
Content Highlight: Permission denied for Congress Palestine Solidarity Rally