| Tuesday, 9th February 2021, 6:17 pm

വര്‍ഷങ്ങളോളം അവസാനിക്കാത്ത അവഗണന; കേന്ദ്രവും കേരളവും സ്പെഷ്യല്‍ എജുക്കേറ്റേഴ്സിനെ ഒരുപോലെ മാറ്റിനിര്‍ത്തുന്നതാണോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊതുവിദ്യാലയങ്ങളില്‍ സ്പെഷ്യല്‍ എജുക്കേറ്റേഴ്സിന് സ്ഥിരനിയമനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പരാതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കപ്പെടാതെ സ്പെഷ്യല്‍ എജുക്കേറ്റേഴ്സിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുപതു വര്‍ഷത്തോളമായി സ്ഥിരനിയമത്തിന് പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് അധ്യാപകര്‍ ഉള്ളത്. പൊതുവിദ്യാലയങ്ങളിലുള്ള ഒന്നരലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ അനുപാതത്തിനനുസരിച്ച് അധ്യാപകര്‍ ഇല്ലെന്നത് റിസോഴ്സ് അധ്യാപക സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

റിസോഴ്സ് അധ്യാപകര്‍ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന നിലവില്‍ സ്പെഷ്യല്‍ എജുക്കേറ്റേഴ്സ് എന്ന് സൂചിപ്പിക്കുന്ന അധ്യാപകര്‍ പൊതുവിദ്യാലയങ്ങളില്‍ തസ്തികയില്ലാത്തതുമായി ബന്ധപ്പെട്ട് കാലങ്ങളായി പരാതി പെട്ടുകൊണ്ടിരിക്കുകയാണെന്ന് കെ.ആര്‍.ടി.എ സംഘടനാ സെക്രട്ടറിയായ വിനോദ് ഡൂള്‍ന്യൂസിനോട് പറയുന്നു.

പൊതുവിദ്യാലയങ്ങളില്‍ സ്പെഷ്യല്‍ എജുക്കേറ്റേഴ്സിന് സ്ഥിരനിയമനം ഇല്ല എന്നതാണ് ഞങ്ങള്‍ നേരിടുന്ന പ്രശ്നം. തസ്തികകള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് സംഘടനയും മുന്നോട്ട് വെച്ചിരിക്കുന്നത്. സ്‌കൂളുകളില്‍ ഒരു സ്പെഷ്യല്‍ എജുക്കേറ്റര്‍ എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുകയുള്ളൂ. വിദ്യാര്‍ത്ഥികളെ ഓരോരുത്തരെയും പ്രത്യകമായി ശ്രദ്ധിക്കേണ്ട സാഹചര്യമാണ് മിക്കപ്പോഴും ഉണ്ടാവുന്നത്.

എന്നാല്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര അധ്യാപകരും നിലവിലില്ല. അതിനാല്‍ തന്നെ സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സമയം ശ്രദ്ധ കൊടുക്കുക എന്ന കാര്യം അസാധ്യമാണ്. വിദ്യാര്‍ത്ഥികളുടെ പഠനത്തെയും അത് ബാധിക്കും. സ്‌കൂളുകളില്‍ സ്ഥിരമായി അധ്യാപകനുണ്ടാവുകയാണെങ്കില്‍ വിദ്യാര്‍ത്ഥികളുടെ സാഹചര്യങ്ങളെ മനസ്സിലാക്കി പഠിപ്പിക്കുന്നതിന് സാധിക്കും. ഇത്തരം കുട്ടികളെയും സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കണമെങ്കില്‍ പ്രത്യേകമായ ശ്രദ്ധ കൂടിയേ തീരൂ.

സ്ഥിരം അധ്യാപകരുടെ ശമ്പളത്തിന് തതുല്യമായ രീതിയിലാണ് താല്‍ക്കാലിക അധ്യാപകര്‍ക്കും ദിവസവേതനം നിര്‍ണയിക്കേണ്ടത്. എന്നാല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന്‍ പ്രൊജക്ടിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ എജുക്കേറ്റേഴ്‌സിന്റെ ശമ്പളനിര്‍ണയം നടക്കുന്നത്. അതുകൊണ്ടു തന്നെ അടിസ്ഥാന ശമ്പളത്തിന്റെ കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

കൂടാതെ ഈ പ്രൊജക്ട് കേന്ദ്രാവിഷ്‌കൃത പദ്ധതിയായതുകൊണ്ട് കേന്ദ്രത്തിന്റെ ഫണ്ടിനെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്. കേന്ദ്ര ഫണ്ട് കുറവാണെന്നുള്ളതും ശമ്പളത്തെ വലിയ രീതിയില്‍ ബാധിക്കുന്നു.

പഠനകമ്മീഷനെ നിയമിക്കുകയും സ്‌പെഷ്യല്‍ എജുക്കേറ്റേഴ്‌സിനെ സ്ഥിരപ്പെടുത്താനുള്ള തസ്തിക സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. വിനോദ് പറയുന്നു.

വിദ്യാലയങ്ങളില്‍ റിസോഴ്സ് അധ്യാപകര്‍ എന്ന തസ്തികയ്ക്കു പകരം സ്പെഷ്യല്‍ എജുക്കേറ്റേഴ്സ് എന്ന പ്രത്യേക തസ്തികയാണ് പരിഗണിക്കേണ്ടതെന്നും വിനോദ് പറഞ്ഞു.

പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടാതെ കാലങ്ങളോളം അവഗണിക്കപ്പെടുന്ന ഒരു അവസ്ഥയാണ് ഈയൊരു വിഭാഗം അധ്യാപകര്‍ നേരിട്ടു പോരുന്നത്. ബി.എഡും, പി.ജിയും സ്‌പെഷ്യല്‍ ബി.എഡും എടുത്ത് കൃത്യമായ പരിശീലനം പൂര്‍ത്തിയാക്കി ആര്‍.സി.ഐ അംഗീകൃത സര്‍ട്ടിഫിക്കറ്റും നേടിയ സ്‌പെഷ്യല്‍ എജുക്കേറ്റേഴ്‌സിനാണ് ഈ അവസ്ഥ ഉണ്ടാവുന്നത്. കൂടാതെ ജീവിതത്തിന്റെ ഏറിയ പങ്കും കരാര്‍ ജീവനക്കാരായി ജീവിക്കുന്ന സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു പൊതുപരീക്ഷ എഴുതി ജോലി നേടാനുള്ള പ്രായപരിധിയും കഴിഞ്ഞിരിക്കുന്നു.

വരുമാനം എന്നതിനപ്പുറം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള താല്‍പര്യത്തോടെ ഈ മേഖല തെരഞ്ഞെടുക്കുന്നവരും ഒട്ടനവധിയാണ്. അതിനാല്‍ തന്നെ കുറഞ്ഞ ശമ്പളത്തില്‍ കാലങ്ങളായി ജോലി ചെയ്യേണ്ടി വരുമ്പോഴും അധ്യാപകര്‍ക്ക് അടിസ്ഥാനപരമായ ശമ്പളം എന്ന ആവശ്യത്തിന് പരിഗണന ലഭിക്കാതെ പോവുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

തെരഞ്ഞെടുപ്പടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോഴും സ്പെഷ്യല്‍ എജുക്കേറ്റേഴ്സിന്റെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടാവുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

പൊതുവിദ്യാലയങ്ങളില്‍ റിസോഴ്സ് അധ്യാപകരുടെ പ്രവര്‍ത്തനകാലാവധി 2019ല്‍ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. സമഗ്ര ശിക്ഷാ അഭിയാനും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആര്‍.എം.എസ്) ഒന്നിച്ച് എസ്.എസ്.കെ ആയതോടെയാണ് സേവനകാലാവധി വെട്ടിച്ചുരുക്കിയതെന്ന് അധ്യാപകര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

അന്ധത, കാഴ്ചക്കുറവ്, ശ്രവണ വൈകല്യം, ശാരീരിക വൈകല്യം, കുഷ്ഠരോഗത്തില്‍നിന്ന് മോചനം നേടിയവര്‍, മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, ബുദ്ധി പരിമിതിയുള്ളവര്‍, പഠനവൈകല്യമുള്ളവര്‍, ഓട്ടിസം, സെറിബ്രല്‍ പാഴ്സി, സംസാരിക്കാന്‍ വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് സഹായങ്ങള്‍ നല്‍കുകയും ഇത്തരം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയുമാണ് സ്പെഷ്യല്‍ എജുക്കേറ്റേഴ്സ് ചെയ്യുന്നത്.

പത്ത് വര്‍ഷം പൂര്‍ത്തീകരിച്ച റിസോഴ്സ് അധ്യാപകരെ ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്ന് 2016ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ റിസോഴ്സ് അധ്യാപകരെ സ്ഥാിരപ്പെടുത്താനാവില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇത്തരത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അവഗണനകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് തങ്ങളെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Permanent appointment for special education in kerala

We use cookies to give you the best possible experience. Learn more