| Sunday, 27th September 2020, 11:10 am

പെരിയാര്‍ പ്രതിമക്ക് മേല്‍ കാവിയൊഴിച്ച് വികൃതമാക്കി; തമിഴ്‌നാട്ടില്‍ വന്‍പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തിരുച്ചിറപ്പള്ളിക്ക് സമീപം സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമക്ക് നേരെ ആക്രമണം. കാവി നിറത്തിലുള്ള പെയിന്റ് അക്രമികള്‍ പെരിയാര്‍ പ്രതികമക്ക് മുകളില്‍ ഒഴിക്കുകയായിരുന്നു. പ്രതിമയെ അപമാനിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

പ്രതിമയ്ക്ക് മുകളില്‍ കാവി ഒഴിച്ചവരെ പൊലീസ് അന്വേഷിക്കുകയാണ്. തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ അക്രമം നടക്കുന്ന സംഭവങ്ങള്‍ പതിവാണ്. സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഈ വര്‍ഷം ആദ്യം ചെങ്ങല്‍പാട്ടിലും പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ ആക്രമം നടന്നിരുന്നു. പ്രതിമയുടെ മുഖം വികൃതമാക്കിയ രീതിയില്‍ കണ്ട നാട്ടുകാരാണ് അന്ന് പൊലീസില്‍ വിവരം അറിയിച്ചത്.

ദ്രാവിഡ ജനതയുടെ വിമോചന നായകനായാണ് ഇ.വി രാമസ്വാമി നായ്കര്‍ എന്ന പെരിയാര്‍ അറിയപ്പെടുന്നത്.
തമിഴ്നാട്ടിലെ ഈറോഡ് ജില്ലയില്‍ 1879 സെപ്റ്റംബര്‍ 17നാണ് അദ്ദേഹം ജനിച്ചത്. സവര്‍ണ്ണ ഹിന്ദുത്വത്തിന്റെ ജാതീയ മേല്‍ക്കോയ്മകളെ നിരന്തരം ചോദ്യം ചെയ്ത പെരിയാറിന്റെ നിലപാടുകള്‍ക്ക് ദ്രാവിഡ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭ മുവ്‌മെന്റന്റെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തികൂടിയാണ് അദ്ദേഹം. സ്വാഭിമാന പ്രസ്ഥാനം, ദ്രാവിഡ കഴകം മുതലായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ ധൈഷണിക നേതൃത്വം വഹിച്ച പെരിയര്‍ വൈക്കം സത്യാഗ്രഹത്തിനും പിന്തുണ നല്‍കിയിരുന്നു.

1937 ല്‍ വിടുതലൈ എന്ന ദിനപത്രത്തിലും പകുത്തറിവ് എന്ന വാരികയിലും എഴുതിയ എഡിറ്റോറിയലിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് അദ്ദേഹം. ഉത്തരേന്ത്യന്‍ ദേശീയത അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും പെരിയാര്‍ ശക്തമായി പോരാടിയിരുന്നു.

കോണ്‍ഗ്രസിലെ ബ്രാഹ്മണ മേധാവിത്വം ചോദ്യം ചെയ്താണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. സൗത്ത് ഇന്ത്യന്‍ ലിബറേഷന്‍ ഫെഡറേഷന്‍ എന്ന ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Periyar statue vandalized in Tamil Nadu

We use cookies to give you the best possible experience. Learn more