| Tuesday, 20th March 2018, 12:13 pm

തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമയുടെ തലയറുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ:തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമ അജ്ഞാത സംഘം തകര്‍ത്തു.

തമിഴ്‌നാട്ടിലെ പുതുക്കോട്ടൈയില്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയാണ് തലയറുത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ത്രിപുര തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പല പ്രമുഖരുടെയും പ്രതിമകള്‍ക്കുനേരെ ആക്രമണം ഉണ്ടായിരുന്നു.


Dont Miss ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടതായി സുഷമ സ്വരാജ്


നേരത്തേ, ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്‌സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു.

തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയായിരുന്നു അന്നു നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയുമായിരുന്നു തകര്‍ത്തത്.
ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്നായിരുന്നു എച്ച്.രാജ പറഞ്ഞിരുന്നത്.

ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച ശേഷം കോളേജ് ക്യാംപസില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ ആക്രമിക്കപ്പെട്ടതോടെയാണ് രാജ്യവ്യാപകമായി പ്രതിമകള്‍ തകര്‍ക്കപ്പെടുന്ന പ്രവണത തുടങ്ങിയത്.

പെരിയാര്‍, ഗാന്ധിജി, അബേദ്ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങി നിരവധി പ്രതിമകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിന്നീടുള്ള ദിവസങ്ങളില്‍ തകര്‍ക്കപ്പെട്ടിരുന്നു.

ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിഷയത്തില്‍ പ്രതിഷേധമറിയിക്കുകയും പ്രതിമകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബ്രാഹ്മണ്യത്തിനെതിരെയും അനാചരങ്ങള്‍ക്കെതിരെയും ശക്തമായി പോരാടിയ സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഇ.വി രാമസ്വാമിക്കെതിരെ ഹിന്ദു സംഘടനകള്‍ അഴിച്ചുവിട്ടിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more