കൊച്ചി: പെരിയാര്‍ നദിയിലെ മലിനീകരണം പുതിയൊരു പ്രശ്‌നമല്ല. പകല്‍പോലെ തെളിച്ചമുള്ള സത്യമായിരുന്നിട്ടും ഇതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടെ കഴിഞ്ഞ ഒരാഴ്ച്ചയായി പെരിയാറില്‍ വീണ്ടും മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ക്കിടെ ഗാര്‍ഹികമായും വില്‍പ്പനയ്ക്കായും ഇത്തരത്തില്‍ ചത്തുപൊങ്ങിയ മത്സ്യങ്ങളും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് കൊച്ചിയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു
ഇത്തരത്തില്‍ വാരിക്കൂട്ടിയ മത്സ്യങ്ങള്‍ ചില ആളുകളില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വിഷം കലര്‍ന്ന് ചത്ത മത്സ്യങ്ങള്‍ ആണെന്ന് നാട്ടുകര്‍ പറഞ്ഞിട്ടും മത്സ്യം വാരുന്നതില്‍ നിന്ന് ആരും പിന്മാറിയില്ല. മാര്‍ക്കറ്റില്‍ ഉയര്‍ന്ന വില ലഭിക്കുന്ന കൊഞ്ചും കരിമീനും കണമ്പും വളയും മഞ്ഞകൂരിയും അടക്കമുള്ള മത്സ്യങ്ങളാണ് ചത്ത് പൊങ്ങിയത് ആഘോഷങ്ങള്‍ക്കിടെ ഇവ വ്യാപകമായി വിപണിയിലിറങ്ങിയിരിക്കാനുമിടയുണ്ട്.
കഴിഞ്ഞ മാസം മാത്രം വ്യവസായ മാലിന്യത്തെ തുടര്‍ന്ന് 12 തവണയാണ് പെരിയാര്‍ ചുവന്നു ഒഴുകിയത്. അതില്‍ ഈ കഴിഞ്ഞ കൊല്ലം മാത്രം കണക്ക് എടുത്താല്‍ പെരിയാര്‍ ചുവന്നു ഒഴുകിയത് 50ല്‍ ഏറെ തവണ, ഇത്തരത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് നടന്നത് 30 ഇല്‍ ഏറെ തവണയും. ഇത്തരം മത്സ്യങ്ങള്‍ ഉപയോഗിക്കാതിരിക്കാനുള്ള ഔദ്യോഗിക മുന്നറിയിപ്പുകളൊന്നും തന്നെ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ലോകത്തെ അറിയപെടുന്ന “ടോക്‌സിക്ക് ഹോട്ട് സ്‌പോട്ട്” ആണ് ഇന്ന് പെരിയാര്‍ നദിയും കൊച്ചി കായലും. വിഷമയമായ പല കെമിക്കലുകളും ഈ പ്രദേശത്ത് അടിഞ്ഞ് കൂടുന്നുണ്ടെന്ന് പല പഠനങ്ങളിലും വ്യക്തമായതാണ്. വ്യവസായ മേഖലയില്‍ നിന്ന് വരുന്ന ഈ മാലിന്യങ്ങള്‍ ആണ് മത്സ്യങ്ങള്‍ ഇത്തരത്തില്‍ ചത്ത് പൊങ്ങുന്നതിന് പ്രധാന കാരണം. ഈ മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് മാരകമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നുണ്ട്.
വ്യാവസായിക മലിനീകരണം ഏറെയുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള പല പഠനങ്ങളിലും പെരിയാറില്‍ മലിനീകരണമില്ലെന്ന നിലപാട് സ്വീകരിക്കുകയാണുണ്ടായത്. നിരവധി പഠനറിപ്പോര്‍ട്ടുകള്‍ പെരിയാര്‍ മലിനീകരണത്തെ കുറിച്ച് ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നിനും കാര്യമായി നടപടികളൊന്നും ഉണ്ടായിട്ടില്ല. പെരിയാര്‍ അപകടകരമാം വിധം മലിനീകരിക്കപ്പെട്ടിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി.
അധികൃതര്‍ വ്യാവസായിക ലോബിയ്ക്ക് കൂട്ടുനില്‍ക്കുക്കയാണെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നത്. പെരിയാര്‍ മലിനീകരണത്തെ തള്ളിക്കൊണ്ടുള്ള പഠനറിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ഇവര്‍ പറയുന്നു. അതേസമയം പെരിയാര്‍ മലിനീകരണത്തിനെതിരെ വ്യാപകമായ ക്യാമ്പയിന്‍ തുടങ്ങാന്‍ പദ്ധതിയിടുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇവര്‍ കളക്ടറുമായി ചര്‍ച്ചകളും നടത്തിവരികയാണ്.