നമ്മുടെ കേരളത്തെ “”ദൈവത്തിന്റെ സ്വന്തം നാട് ” എന്ന് വിശേഷിപ്പിക്കപ്പെടുന്നതിന്, അതിന്റെ അത്യാകര്‍ഷകമായ പ്രകൃതിഭംഗിയും സമൃദ്ധപൂര്‍ണമായ ജൈവവൈവിധ്യങ്ങളും സുപ്രധാന പങ്കുവഹിക്കുന്നു. ലോകത്തു തന്നെ മറ്റൊരിടത്തും കാണാനോ അനുഭവിക്കാനോ സാധിക്കാത്തത്ര വിശിഷ്ടമാണ് നമ്മുടെ ജലാശയങ്ങള്‍.
തടാകങ്ങളുടെ ഒരു വലിയ ശൃംഖലയും, കനാലുകളും, നാല്പത്തിനാല് നദികളും, ആ നദീമുഖങ്ങളിലെ മുക്കോണ്‍ തുരുത്തുകളുമെല്ലാം നമ്മുടെ കൊച്ചു കേരളത്തെ അതിസുന്ദരമാക്കുന്നു. സ്വാശ്രയമായ ആവാസവ്യവസ്ഥകളുടെ കലവറ കൂടിയാണ് ജലജീവസമ്പത്തുകളാല്‍ നിറഞ്ഞ നമ്മുടെ ജലാശയങ്ങള്‍ ഓരോന്നും. ഭാരതത്തിലെ തന്നെ ഏറ്റവും നീളമേറിയ തടാകം, നമ്മുടെ കേരളത്തിന്റെ സ്വന്തം വേമ്പനാട് കായലാണ്. മൂന്ന് ജില്ലകളിലൂടെ ഒഴുകി കൊച്ചിയിലെത്തുന്ന വേമ്പനാട് കായല്‍, അറബിക്കടലില്‍ ലയിക്കുന്നു.
പക്ഷേ, അധികം ആര്‍ക്കും അറിയുവാന്‍ സാധ്യതയില്ല ഒരു വസ്തുതയുണ്ട്. അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെ പെരിയാറില്‍ ഒരു ദ്വീപുണ്ട്,ഏലൂര്‍ ദ്വീപ്. ഈ കൊച്ചു ദ്വീപിലാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വ്യാവസായികവൃന്ദം സ്ഥിതിചെയ്യുന്നത്.
വെറും 14.21 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ ചെറുദ്വീപില്‍ ഇന്ന് 250ല്‍ അധികം കെമിക്കല്‍ ഫാക്ടറികളുണ്ട്, രാജ്യത്തെ ഏറ്റവും വലിയ ഡി.ഡി.ടി ഉത്പാദക ഫാക്ടറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇവയിലേറെയും അമ്പതുവര്‍ഷത്തിലധികം പഴക്കമുള്ളവയും, കാലഹരണപ്പെട്ടതും അങ്ങേയറ്റം മലിനീകരണം ഉണ്ടാക്കുന്നവയുമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നവയാണ്.
സാന്ദ്രതയേറിയ മൂലകങ്ങള്‍ മുതല്‍ രാസവസ്തുക്കള്‍ വരെയുള്ളവയുണ്ടാക്കുന്ന വിഷമയമായ മലിനീകരണവും റേഡിയോ ആക്ടിവിറ്റിയും, കൊച്ചിയുടെ വായുവിലും ജലത്തിലും മണ്ണിലും ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. ഇവ പെരിയാറിനെയും വേമ്പനാട് കായലിനെയും വിഷമയമാക്കുന്നു.
തന്മൂലം ഒരു മഹാനഗരത്തെ മുഴുവന്‍ ഭീഷണിയിലാഴ്ത്തുകയും ചെയ്യുന്നു. ഒപ്പം, നമ്മുടെ ജലാശയങ്ങളിലെ ജീവവൈവിധ്യങ്ങളെ വലിയ തോതില്‍ കൊന്നൊടുക്കുകയും വിഷമായ ഇതേ രാസവസ്തുക്കള്‍ മത്സ്യങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് തന്നെ തിരികയെത്തുകയും ചെയ്യുന്നു. മാത്രമല്ല ഇവ നമ്മുടെ കൃഷിയിടങ്ങളെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.
ഏലൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മണ്ണും, ജലാശയങ്ങളും, ചതുപ്പുപ്രദേശങ്ങളുമെല്ലാം ഇന്ന് വിഷമയമാണ്. ഇവയിലൊക്കെത്തന്നെ സിങ്ക്, ലെഡ് , കാഡ്മിയം, ക്രോമിയം തുടങ്ങിയ സാന്ദ്രയേറിയ മൂലകങ്ങളും ഉഉഠ പോലുള്ള മാരകമായ കീടനാശിനികളും കലര്‍ന്നിരിക്കുന്നു.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഈ ഫാക്ടറികള്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന അമോണിയയും ക്ലോറിനും പോലെയുള്ള വിഷവാതകങ്ങള്‍ ഇന്ന് അമ്ലധൂമികകളായി പരിണമിച്ച് കൊച്ചിയുടെ ആകാശത്ത് തന്നെ പെയ്തിറങ്ങുന്നു.
ഏലൂരിന്റെ അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്. മലിനീകരണം ബാധിക്കാത്ത പ്രദേശങ്ങള്‍ ഒന്നുംതന്നെ ഇന്ന് ദ്വീപിലില്ല. ശ്വസിക്കാന്‍ ശുദ്ധവായു ഇല്ലെന്ന് മാത്രമല്ല, സുരക്ഷിതമായ കുടിവെള്ളം ലഭിക്കാനുള്ള സാധ്യതകള്‍ പോലും ഇന്നിവിടെ അവശേഷിക്കുന്നില്ല. പ്രദേശവാസികളില്‍ ഏറെയും മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു. നാഡീവ്യൂഹ രോഗങ്ങളും അന്തര്‍വ്യാപനശേഷിയുള്ള രോഗങ്ങളും അത്യധികമായി ഇക്കൂട്ടര്‍ക്ക് പിടിപെടുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കേന്ദ്ര ഗവണ്‍മെന്റിന്റെ അറ്റോമിക് എനര്‍ജി വകുപ്പിന് (DAE) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയര്‍ ഏര്‍ത്ത്‌സ് (IRE) ഇവിടെ റേഡിയോ ആക്റ്റീവ് വേസ്റ്റുകള്‍ സംഭരിച്ച് വെച്ചിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് ആറ് കെട്ടിടങ്ങളിലായി ഏകദേശം ഇരുപതിനായിരം ടണ്‍ തോറിയമാണ് അവരിവിടെ സംഭരിച്ച് വെച്ചിരിക്കുന്നത്. ഇവയില്‍ ആദ്യത്തെ കെട്ടിടവും പെരിയാര്‍ നദിയും തമ്മില്‍ വെറും രണ്ടു മീറ്റര്‍ അകലം മാത്രമാണ് ഉള്ളത്.
ഒരുകാലത്ത് ഗ്യാരേജായി പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം, യാതൊരു സുരക്ഷാ മാര്‍ഗങ്ങളും പാലിക്കാതെയാണ് ഇത്തരമൊരു സംഭരണശാലയായി പരിവര്‍ത്തനം ചെയ്തിട്ടുള്ളത്. ഇതേ കെട്ടിടത്തിന്റെ നദിയെ അഭിമുഖീകരിച്ച് നില്‍ക്കുന്ന ഭാഗത്ത് ഒരു മീറ്ററിലധികം നീളത്തില്‍ ഒരു വലിയ വിള്ളലുമുണ്ട്. ബാക്കിയുള്ള സംഭരണശാലകളും നിലകൊള്ളുന്നത് നദിയുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ തന്നെയാണ്.
കുറച്ച് കാലം മുമ്പുവരെ ഈ പ്രദേശത്ത് നിന്നും ലഭിക്കുന്ന മത്സ്യ സമ്പത്തായിരുന്നു പ്രദേശവാസികളുടെ പ്രധാന വരുമാനമാര്‍ഗം. ആയിരത്തോളം കുടുംബങ്ങള്‍ ഈ വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്നു.
സമീപകാലങ്ങളില്‍ ഏറി വന്ന വ്യവസായവത്കരണവും ഇത്തരം വ്യവസായശാലകളില്‍ നിന്നും നദിയിലേക്കൊഴുക്കുന്ന മാലിന്യങ്ങളും ഇവിടുത്തെ മത്സ്യസമ്പത്തിനെ നശിപ്പിച്ചു, അവശേഷിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലാത്ത രീതിയില്‍ വിഷമയമായി മാറി. ഇപ്പോഴത്തെ അവസ്ഥയില്‍ അപകടസാദ്ധ്യത വളരേയേറിയതും വിഷമയമായതുമായ അസംഖ്യം വ്യാവസായിക മാലിന്യങ്ങള്‍ ഒഴുക്കിവിടാനുള്ള സംവിധാനമായി പെരിയാറിന്റെ മാറ്റിയെടുത്തിരിക്കുന്നു.
മത്സ്യബന്ധനം എന്നത് ഇന്ന് പ്രദേശവാസികളുടെ ഓര്‍മയില്‍ മാത്രമായി ഒതുങ്ങി കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ മറ്റ് തൊഴില്‍ മേഖലകളിലേക്ക് ചേക്കേറിയിരിക്കുന്നു, അതിന് സാഹചര്യമില്ലാത്തവര്‍ വിഷമയമായ മത്സ്യങ്ങളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നു.
പ്രദേശത്തിന് അവാച്യമായ ദൃശ്യചാരുതയും പ്രദേശവാസികള്‍ക്ക് മത്സ്യ സമ്പത്തും നലകിയിരുന്ന ചീനവലകളുടെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ കാണാം. സമൃദ്ധമായ ഭൂതകാലത്തിന്റെ ബാക്കിപത്രങ്ങള്‍ പോലെ…
പെരിയാറിനെ നശിപ്പിക്കുന്ന മറ്റൊരു മാഫിയയും ഇന്ന് സജീവമാണ്, അനധികൃത മണല്‍വാരല്‍ സംഘങ്ങള്‍. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍വാരല്‍, പ്രകൃതിക്കും പരിസ്ഥിതിക്കും ജലസമ്പത്തിനും ജീവിവൈവിധ്യങ്ങള്‍ക്കുമെല്ലാം തന്നെ വലിയ ഭീഷണി ആണ് ഉയര്‍ത്തുന്നത്. മണല്‍വാരല്‍ മൂലം നദിയുടെ അടിത്തട്ടിന്റെ ആഴം വര്‍ധിക്കുകയും തന്മൂലം അടിയൊഴുക്ക് നഷ്ടപ്പെടുകയും, അവിടെ ഉപ്പുവെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നുവെന്നും ഇത് മണ്‍സൂണ്‍ കാലത്ത് വെള്ളപ്പൊക്ക ഭീഷണിയുമുണ്ടാക്കുന്നുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ഒരു മഹാനഗരത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിക്കാനുള്ള അവകാശത്തിന് ഭീഷണിയുണ്ടാക്കുന്ന ഇത്തരം വ്യാവസായികശാലകള്‍ക്കെതിരെയും പെരിയാറിന്റെ സംരക്ഷണത്തിനായും കേരള ജനത ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. ജാതി-മത-രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ജനങ്ങള്‍ ഒരുമിക്കേണ്ട സമയമായിരിക്കുന്നു. കുടിവെള്ളം നമ്മുടെ ജന്മാവകാശമാണ് !