| Saturday, 30th October 2021, 12:36 pm

'പെരിയാറും ഇസ്‌ലാമും'; സര്‍വകലാശാലയുടെ സെമിനാര്‍ തടസ്സപ്പെടുത്തി ഹിന്ദുമുന്നണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ‘പെരിയാറും ഇസ്‌ലാമും’എന്ന വിഷയത്തില്‍ തമിഴ്‌നാട്ടിലെ യൂണിവേഴ്‌സിറ്റി നടത്തിയ സെമിനാര്‍ തടസ്സപ്പെടുത്തി സംഘപരിവാര്‍ സംഘടന.

സെമിനാറിനെ കുറിച്ചുള്ള വിവരം തിരുനെല്‍വേലിയിലെ എം.എസ് യൂണിവേഴ്‌സിറ്റി മാധ്യമങ്ങളിലൂടെ അറിയിച്ചതിന് പിന്നാലെ എതിര്‍പ്പുമായി ഹിന്ദുമുന്നണി രംഗത്തെത്തിയിരുന്നു.

‘എം.എസ്.യു ഒരു സര്‍വകലാശാലയാണോ, അതോ ഐ.എസ്.ഐ.എസിന്റെ പരിശീലന കേന്ദ്രമാണോ’ എന്നാണ് ഹിന്ദുമുന്നണി ഫേസ്ബുക്കിലൂടെ ചോദിച്ചത്.

സെമിനാര്‍ തുടങ്ങുന്നതിന് മുന്‍പ് ക്യാംപസിന് പുറത്തെത്തിയ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ബഹളം വെയ്ക്കുകയും അകത്തേക്ക് കയറ്റിവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് എത്തിയതോടെ ഗവര്‍ണര്‍ക്ക് പരാതി കൊടുക്കുമെന്ന് പറഞ്ഞ് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തിരിച്ചുപോയി.

സംഘര്‍ഷാവസ്ഥ കാരണം സംഘാടകര്‍ സെമിനാറിന്റെ സമയം കുറച്ചു.

സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുപിന്നാലെ സര്‍വകലാശാലയില്‍ എന്ത് സെമിനാര്‍ നടക്കുന്നുണ്ടെങ്കിലും വിശദ വിവരങ്ങള്‍ നല്‍കി, അനുമതി വാങ്ങണമെന്നറിയിച്ച് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സര്‍വകലാശാലയുടെ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നോട്ടീസ് അയച്ചു.

കഴിഞ്ഞ നവംബറില്‍ അരുന്ധതി റോയിയുടെ ‘ വാക്കിംഗ് വിത് ദി കോമ്രേഡ്‌സ്’ ഇംഗ്ലീഷ് സിലബസില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന എഴുത്താണെന്ന് ആരോപിച്ച് എ.ബി.വി.പി നടത്തിയ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു ഇത് നീക്കം ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘Periyar and Islam’ seminar triggers circular at TN university

We use cookies to give you the best possible experience. Learn more