| Thursday, 21st February 2019, 6:42 pm

കാസര്‍ഗോഡ് പെരിയ ഇരട്ടകൊലപാതകം; അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അഞ്ച് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരാണിവര്‍ എന്ന് പൊലീസ് പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കൂടുതല്‍ ആളുകള്‍ സംഭവത്തില്‍ ഉണ്ടോ എന്ന ചോദ്യത്തിന് പൊലീസ് മറുപടി പറഞ്ഞില്ല.

എച്ചിലടക്കം സ്വദേശികളായ കെ.എം സുരേഷ്, കെ അനില്‍ കുമാര്‍ കുണ്ടംകുഴി സ്വദേശിയായ അശ്വിന്‍, കല്ല്യാട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

നേരത്തെ സംഭവത്തിലെ പ്രധാനപ്രതിയായ സി.പി.ഐ.എം എരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Also Read  അധ്യാപകരുടെ ലൈംഗികാതിക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള ക്രൂരതകള്‍ കുട്ടികള്‍ തുറന്നു പറയുന്നു; സര്‍ക്കാര്‍ ഉടനെ ഇടപെട്ടില്ലെങ്കില്‍ നിലമ്പൂര്‍ ആശ്രമം സ്‌കൂളില്‍ ഇനിയും ആദിവാസി കുട്ടികള്‍ കൊല്ലപ്പെട്ടേക്കാം

ഞായറാഴ്ചയാണ് കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കാളിയാട്ടത്തിനുള്ള സംഘാടക സമിതി യോഗത്തില്‍ ശരത് ലാലും കൃപേഷും പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ ജീപ്പില്‍ അജ്ഞാത സംഘം ഇവിടേക്ക് എത്തിയതായാണ് പറയപ്പെടുന്നത്. കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ജീപ്പായിരുന്നു അതെന്നും, സി.പി.ഐ.എം പ്രാദേശിക നേതാവ് ശരത് ലാലിനേയും കൃപേഷിനേയും ജീപ്പില്‍ വന്ന സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഇതുകൂടാതെ, ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം സംഘം കാഞ്ഞിരടുക്കത്തെ ഒരു വീട്ടിലെത്തി വസ്ത്രം മാറിയാണ് പോയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാല് മൊബൈല്‍ ഫോണുകളാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിച്ചത്.

രണ്ടെണ്ണം ശരത് ലാലിന്റേയും ഒരെണ്ണം കൃപേഷിന്റേയുമാണെന്ന് കണ്ടെത്തി. പിന്നെയുള്ള ഒരു ഫോണ്‍ പ്രതികളുടേത് ആവുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന തുടരുകയാണ്.
DoolNews Video

We use cookies to give you the best possible experience. Learn more