പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
Political Killing
പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd March 2019, 10:14 am

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്.പി വി.എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയിരിക്കുന്നത്.

എറണാകുളത്തേക്കാണ് റഫീഖിനെ സ്ഥലംമാറ്റിയിരിക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിനാണ് പകരം അന്വേഷണ ചുമതല. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് സര്‍ക്കാര്‍ തീരുമാനം.


അതേസമയം, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടതെന്നും അന്വേഷണസംഘത്തോടൊപ്പം തുടരുമെന്നും റഫീഖ് പറഞ്ഞു.

ഫെബ്രുവരി 17ാം തിയ്യതിയാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കാളിയാട്ടത്തിനുള്ള സംഘാടക സമിതി യോഗത്തില്‍ ശരത് ലാലും കൃപേഷും പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ജീപ്പില്‍ അജ്ഞാത സംഘം ഇവിടേക്ക് എത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തില്‍ പ്രധാനപ്രതിയായ സി.പി.ഐ.എം  ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന്‍ അടക്കമുള്ള ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും പ്രതികളായിരുന്നു. ഈ കേസില്‍ ശരത് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയിലാവുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഫെബ്രുവരി ഏഴാം തിയ്യതിയാണ് ഇവര്‍ ജാമ്യംനേടി പുറത്തിറങ്ങിയത്.

എന്നാല്‍ കൃപേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഈ വധശ്രമത്തിന്റെ പ്രതികാരമെന്നോണമാണ് സി.പി.ഐ.എം. ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരന്‍ പുറത്തുനിന്ന് ആളുകളെ എത്തിച്ച് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്.