തിരുവനന്തപുരം: പെരിയ ഇരട്ടകൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവിലെ അന്വേഷണം തൃപ്തികരമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേസില്‍ സി.പി.ഐ.എം നേതൃത്വത്തിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്. ഹൈക്കോടതിയില്‍ അറിയിച്ചു. പീതാംബരനും അനുയായികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകം ആസുത്രണം ചെയ്തത് പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിക്കാത്തതിനാലാണെന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുമെന്നും പീതാംബരന്‍ ഭീഷണി മുഴക്കിയതായി ക്രൈബ്രാഞ്ച് അറിയിച്ചു.
കാസര്‍ഗോട്ടെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ സി.പി.ഐ.എം പുറത്താക്കിയിരുന്നു. പീതാംബരനെ ആക്രമിച്ച കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പീതാംബരന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ.എം പ്രവര്‍ത്തകരില്‍ നിന്നും കൃപേഷിനും ശരത് ലാലിനും ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ അടക്കമുള്ളവര്‍ മൊഴി നല്‍കിയിരുന്നു.
ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. സി.പി.ഐ.എം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.