പെരിയ ഇരട്ടകൊലപാതകം; പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം
Kerala News
പെരിയ ഇരട്ടകൊലപാതകം; പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd January 2025, 12:39 pm

കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും. പ്രതി പട്ടികയില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള പ്രതികള്‍ക്കും പത്ത്, പതിനഞ്ച് പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തത്തിന് വിധിച്ചത്.

മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ അടക്കമുള്ള നാല് പ്രതികള്‍ക്ക് 5 വര്‍ഷം തടവിനും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചിട്ടുള്ളത്.

എ.പീതാംബരന്‍, സജി.സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍ കുമാര്‍ തുടങ്ങിയ പത്ത് പ്രതികള്‍ക്കാണ് ഇരട്ടജീവപര്യന്തത്തിന് കോടതി വിധിച്ചത്.

പിഴ തുക കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന്  കൈമാറണമെന്നും കോടതി പറഞ്ഞു. ഗൂഗിള്‍ മീറ്റ് വഴിയാണ് കോടതി വിധി പ്രസ്താവം നടത്തിയത്. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.

പെരിയ കേസില്‍ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, എ. പീതാംബരന്‍, ടി. രഞ്ജിത്ത്, എ.എം. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി), എ. സുരേന്ദ്രന്‍, രാഘവന്‍ വെളുത്തോളി (പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി), കെ.വി. ഭാസ്‌ക്കരന്‍, കെ. അനില്‍ കുമാര്‍, ജിജിന്‍, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ്, സജി.സി.ജോര്‍ജ് തുടങ്ങിയവര്‍ കുറ്റക്കാരെന്നാണ് കോടതി നേരത്തെ വിധിച്ചിരുന്നു.

24 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പത്ത് പേരെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി ഡിസെബര്‍ 28ന് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നത്.

2019 ഫെബ്രുവരിയി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുന്നത്. കാറിലെത്തിയ അക്രമിസംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃപേഷ് സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശരത് ലാല്‍ മരിക്കുന്നത്.

ആദ്യം ലോക്കല്‍ പൊലീസായിരുന്നു കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റവും ഒടുവില്‍ സി.ബി.ഐയും കേസ് അന്വേഷിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് തുടര്‍നടപടികള്‍ ആരംഭിക്കാനിരിക്കവെയാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരിയില്‍ കൊച്ചി സി.ബി.ഐ കോടതിയില്‍ വിചാരണ ആരംഭിക്കുന്നത്. ഏകദേശം രണ്ട് വര്‍ഷത്തോളമാണ് വിചാരണ നീണ്ടുനിന്നത്.

Content Highlight: Periya Double Murder; Ten accused get double life imprisonment