കൊച്ചി: പെരിയ ഇരട്ട കൊലപാതകക്കേസിലെ നാല് സി.പി.ഐ.എം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള സി.പി.ഐ.എം നേതാക്കളുടെ ശിക്ഷയാണ് മരവിപ്പിച്ചത്.
ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട കെ.വി കുഞ്ഞിരാമന്‍, കെ,മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നീ പ്രതികളാണ് അപ്പീല്‍ നല്‍കിയത്. ഇവരെ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ അടക്കമുള്ള ഈ നാല് പ്രതികള്‍ക്ക് 5 വര്‍ഷം തടവിനും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്. ഇതാണ് ഹൈക്കോടതി മരവിപ്പിച്ചത്.
എ.പീതാംബരന്‍, സജി.സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍ കുമാര്‍ തുടങ്ങിയ പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തവും കോടതി വിധിച്ചിരുന്നു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതായിരുന്നു വിധി.
പെരിയ കേസില്‍ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, എ. പീതാംബരന്‍, ടി. രഞ്ജിത്ത്, എ.എം. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി), എ. സുരേന്ദ്രന്‍, രാഘവന്‍ വെളുത്തോളി (പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി), കെ.വി. ഭാസ്‌ക്കരന്‍, കെ. അനില്‍ കുമാര്‍, ജിജിന്‍, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ്, സജി.സി.ജോര്‍ജ് തുടങ്ങിയവര്‍ കുറ്റക്കാരെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതി പട്ടികയില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള പ്രതികള്‍ക്കും പത്ത്, പതിനഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരുന്നത്.
24 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പത്ത് പേരെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി ഡിസംബര്‍ 28ന് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നത്.
2019 ഫെബ്രുവരിയി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുന്നത്. കാറിലെത്തിയ അക്രമിസംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃപേഷ് സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശരത് ലാല്‍ മരിക്കുന്നത്.
ആദ്യം ലോക്കല്‍ പൊലീസായിരുന്നു കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റവും ഒടുവില്‍ സി.ബി.ഐയും കേസ് അന്വേഷിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് തുടര്‍നടപടികള്‍ ആരംഭിക്കാനിരിക്കവെയാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരിയില്‍ കൊച്ചി സി.ബി.ഐ കോടതിയില്‍ വിചാരണ ആരംഭിക്കുന്നത്. ഏകദേശം രണ്ട് വര്‍ഷത്തോളമാണ് വിചാരണ നീണ്ടുനിന്നത്.
Content Highlight: Periya double murder High Court freezes punishment of CPIM leaders including K.V. Kunhiraman