കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതില്‍ വിമര്‍ശനവുമായി പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യന്‍.
കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രതികളെ സംരക്ഷിക്കാനായി പെടാപാടുപെടുകയാണ് സര്‍ക്കാരെന്നും ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളേണ്ട സര്‍ക്കാര്‍ എന്തിന് വേണ്ടിയാണ് ഇത്തരമൊരു നടപടിയ്ക്ക് മുതിരുന്നതെന്നും സത്യന്‍ ചോദിച്ചു. കൊലപാതകികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കും നാടിനും വേണ്ടി ഭരണം നടത്തേണ്ട സര്‍ക്കാര്‍ ഇപ്പോള്‍ എന്തിനാണ് ഈ പെടാപാട് പെടുന്നത്. ജനങ്ങളുടെ ലക്ഷക്കണക്കിന് വരുന്ന നികുതിപണമെടുത്ത് വാരിയെറിഞ്ഞിട്ടും സിംഗിള്‍ ബെഞ്ചില്‍ പരാജയപ്പെട്ടു. ഡിവിഷെന്‍ ബെഞ്ചിലും പരാജയപ്പെട്ടു. ഇനി അവസാനം സുപ്രീം കോടതിയിലേക്ക് പോകുന്നു.
സുപ്രീം കോടതിയില്‍ പോയാലും അവര്‍ക്ക് അനുകൂല വിധി വാങ്ങിച്ചെടുക്കാനാവില്ലെന്ന് ഉറപ്പുണ്ട്. ഞങ്ങള്‍ അതിനെതിരെ പൊരുതും. കാരണം നമ്മള്‍ക്ക് ഈ ഒരു ജീവിതമേ ബാക്കിയുള്ളൂ. പ്രതികളെ തടങ്കലില്‍ അടയ്ക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഞങ്ങള്‍ക്കുള്ളൂ.ആ ഒരു ഉദ്ദേശത്തോടുകൂടിയാണ് നമ്മള്‍ എന്തിനും തയ്യാറായി നില്‍ക്കുന്നത്.
നമ്മളെ സംരക്ഷിക്കേണ്ട, നമ്മള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാനായി ഭരണവും അധികാരവും ഉപയോഗിക്കുന്നു. ഇതെല്ലാം ജനങ്ങള്‍ കാണുന്നില്ലേ, ഇതാണോ നീതി? നീതി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഇപ്പോള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്.
തെറ്റ് ചെയ്തവരെ സംരക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശമാണ് ഇവര്‍ക്കുള്ളത്. അതിന് വേണ്ടി തലകുത്തി മറിയുകയാണ്. ഉന്നതര്‍ക്ക് വരെ ഈ കൊലപാതകത്തില്‍ പങ്കുണ്ട്. അവരുടെ സമ്മര്‍ദ്ദം കൂടി സര്‍ക്കാരിന് മേലുണ്ട്. അവര്‍ക്ക് മുന്‍പില്‍ മുഖ്യമന്ത്രി വഴങ്ങിക്കൊടുക്കുന്നു.
അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും എത്ര നാണം കെട്ടും എത്ര അനീതി ചെയ്തും അവര്‍ മുന്നോട്ടു നീങ്ങുകയാണ്. സര്‍ക്കാരിന്റെ ഈ ഒരു നടപടിയിലൂടെ തന്നെ ഇതിലെ ഗൂഢാലോചന വ്യക്തമല്ലേ, എന്തൊക്കെ ചെയ്താലും ദൈവത്തിന്റെ കോടതി ഉണ്ട്. ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നു.