ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുഞ്ഞിരാമനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
സി.ബി.ഐ.യുടെ കാസര്‍കോട്ടെ ക്യാമ്പ് ഓഫീസില്‍ വിളിച്ചുവരുത്തി ഡി.വൈ.എസ്.പി ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ക്രൈംബ്രാഞ്ചിന്റെ സാക്ഷിപ്പട്ടികയില്‍ കെ.വി കുഞ്ഞിരാമന്‍ ഇല്ലായിരുന്നു. എന്നാല്‍ ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇദ്ദേഹത്തിനെതിരേ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കൊല നടന്നതിന്റെ പിറ്റേ ദിവസം, അതായത് 2019 ഫെബ്രുവരി 18-ന് രാത്രിയില്‍ പാക്കം വെളുത്തോളിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ശരത്‌ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.
വെളുത്തോളി ചാലിലെ ചെറൂട്ടിവളപ്പ് പ്രദേശത്ത് ഒരു കാര്‍ നിര്‍ത്തിയിട്ടതായി വിവരം ലഭിച്ച ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. കാര്‍ കസ്റ്റഡിയിലെടുക്കാന്‍ തുടങ്ങവെ, കേസിലെ രണ്ടാം പ്രതി സജി സി. ജോര്‍ജ് കാര്‍ തന്റെതാണെന്ന് പറഞ്ഞ് പൊലീസിനടുത്തെത്തി.
ഈ സമയം പെരിയ ഇരട്ടക്കൊലയിലെ പ്രതികള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് സജിയെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
ഈ സമയം ഒരുസംഘം ആളുകള്‍ സംഘടിച്ചെത്തി പൊലീസ് ജീപ്പ് വളഞ്ഞ് സജിയെ മോചിപ്പിച്ചു. ഇതിന് ശേഷം രണ്ടുദിവസം കഴിഞ്ഞാണ് സജിയെ അറസ്റ്റ് ചെയ്യുന്നത്.
അന്ന് സംഘടിച്ചെത്തിയവര്‍ക്ക് നേതൃത്വം നല്‍കിയത് കെ.വി കുഞ്ഞിരാമനാണെന്നായിരുന്നു ശരത്‌ലാലിന്റേയും കൃപേഷിന്റേയും കുടുംബം കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞത്.
പെരിയ ഇരട്ടക്കൊല കേസില്‍ കഴിഞ്ഞ ദിവസം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സി.പി.എം. പ്രവര്‍ത്തകരെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു.
അഞ്ചുപേരും കൊലനടത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും കൊലനടത്തിയവര്‍ക്ക് സഹായം ചെയ്തെന്നും വ്യക്തമായതായി ഡിവൈ.എസ്.പി. പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് സി.ബി.ഐ കേസ് ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ അറസ്റ്റ് ആയിരുന്നു ഇത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: periya-case-cpm-district-secretariat-member-kv-kunhiraman-has-been-named-as-the-accused