നിങ്ങൾ ചെയ്യുന്നതൊരു ഫോർവേഡ്, സമൂഹത്തിനുണ്ടാകുന്നത് വൻവിപത്ത്
Vigilantism
നിങ്ങൾ ചെയ്യുന്നതൊരു ഫോർവേഡ്, സമൂഹത്തിനുണ്ടാകുന്നത് വൻവിപത്ത്
റെന്‍സ ഇഖ്ബാല്‍
Thursday, 24th May 2018, 10:25 am

വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന വിവിധതരം വ്യാജ സന്ദേശങ്ങള്‍ തെറ്റായ അറിവ് പകരുകയും സമൂഹത്തോട് രോഷം ഉളവാക്കുകയും ചെയ്യുന്നതാണ്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മധു ഇതിനൊരു ഉദാഹരണം മാത്രമാണ്. മധുവിന്റെ കൊലപാതകത്തിന് ശേഷം പോലും വ്യക്തമല്ലാത്ത പല മോഷണദൃശ്യങ്ങളും മധുവിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടു. ദൃശ്യങ്ങളിലുള്ളത് മധുവാണോ എന്ന് സ്ഥിരീകരിക്കാതെയാണ് പലരും ഈ സന്ദേശങ്ങള്‍ പങ്കു വെക്കുന്നത്. മധു സ്ഥിരം കള്ളനായിരുന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ പ്രതികളില്‍ പലരെയും രക്ഷിക്കാനാവാം എന്ന് കരുതപ്പെടുന്നു.

വാട്‌സാപ്പില്‍ അംഗങ്ങളായാല്‍ പിന്നെ സ്‌കൂള്‍, കോളേജ്, അയല്‍ക്കൂട്ടം, റെസിഡന്‍സ് അസോസിയേഷന്‍, കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ അനവധി ഗ്രൂപ്പുകളില്‍ അംഗത്വം ഉറപ്പാണ്. പലപ്പോഴും പ്രത്യേകം ഉദ്ദേശ്യങ്ങളുമായി ആരംഭിക്കുന്ന ഈ ഗ്രൂപ്പുകള്‍ പിന്നെ ഫോര്‍വേഡുകളുടെ കേന്ദ്രമായി മാറുന്നു.

റമദാന്‍ ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് ക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലേക്ക് വരുന്നുവെന്ന് പൊലീസിന്റെ പേരില്‍ വ്യാജപ്രചരണം ഉണ്ടായത്. പൊലീസിന്റെ ലെറ്റര്‍ഹെഡ് എന്ന് തോന്നിപ്പിക്കുന്ന കടലാസ്സില്‍ എഴുതിയ മുന്നറിയിപ്പാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും തെറ്റായ സന്ദേശമാണു പ്രചരിക്കുന്നതെന്നും കൊല്ലം ഈസ്റ്റ് എസ്.ഐ പറഞ്ഞു. വ്യാജസന്ദേശങ്ങളില്‍ കുടുങ്ങരുതെന്നും പൊലീസിന്റെ മുന്നറിയിപ്പുണ്ട്.

സ്വന്തം പേര് വെളിപ്പെടുത്താതെ സന്ദേശങ്ങള്‍ കൈമാറാം എന്ന സാധ്യത ഉപയോഗിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് തെറ്റായ വിവരങ്ങള്‍ പ്രചരിക്കപ്പെടുകയും, കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പി. എസ്. രാജശേഖരന്‍ പറയുന്നത്. പൊലീസ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറാണ് ഇദ്ദേഹം.

വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളെ സംശയത്തിന്റെ നിഴലിലാണ് ജനങ്ങള്‍ നോക്കികാണുന്നത്. മാര്‍ച്ച് മാസം കൊയിലാണ്ടിയില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന ബംഗാള്‍ സ്വദേശികള്‍ക്കെതിരെ യാതൊരു പ്രകോപനവും കൂടാതെ ആക്രമണമുണ്ടായി. വാട്‌സാപ്പിലൂടെയും മറ്റും അന്യസംസ്ഥാനക്കാരെ കുറിച്ച് പ്രചരിക്കുന്ന സന്ദേശങ്ങളാവാം ഇതിനു പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും ചെയ്യാന്‍ പാടില്ല. നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരാവുന്ന പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലും ചെയ്യാന്‍ പാടില്ല. വാസ്തവവിരുദ്ധമായുള്ള കാര്യങ്ങള്‍, മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍, മറ്റൊരാളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന രീതിയിലുള്ള പ്രവൃത്തികള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്നതും പങ്കു വെക്കുന്നതും ശിക്ഷാര്‍ഹമാണ് – പി. എസ്. രാജശേഖരന്‍ പറയുന്നു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന അന്യസംസ്ഥാന തൊഴിലാളികളും ഭിക്ഷാടകരും നാട്ടില്‍ നിറഞ്ഞിട്ടുണ്ടെന്നുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഇതില്‍ പലതും അടിസ്ഥാനരഹിതമാണെന്ന തിരിച്ചറിവില്ലാതെയാണ് ഇത് ലഭിക്കുന്നവര്‍ കൂടുതല്‍ പേരുമായി പങ്കു വെക്കുന്നത്. സംശയത്തിന്റെ പേരില്‍ നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്യുന്ന സംഭവങ്ങളുടെ എണ്ണം ഏറിക്കൊണ്ടിരിക്കുകയാണ്. നിരപരാധികളെയാണ് പലപ്പോഴും നാട്ടുകാര്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ പൊന്നാനിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്ന ആള്‍ ആണെന്ന സംശയത്തില്‍ ജനങ്ങള്‍ ഒരു വൃദ്ധനെ നഗ്നനാക്കി കെട്ടിയിട്ട് ആക്രമിച്ച സംഭവത്തിനു പിന്നിലും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ മെസ്സേജുകള്‍ ആണെന്നാണ് പൊന്നാനി പൊലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടിയ വിവരം. പ്രായം പേലും മാനിക്കാതെ നാട്ടുകാര്‍ ഇയാളെ നിര്‍ദാക്ഷിണ്യം മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് വന്ന് ലാത്തി വീശിയാണ് ജനക്കൂട്ടത്തെ ഓടിച്ചത്.

ഇതേ മാസമാണ് തിരുവനന്തപുരം വലിയതുറയില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തയെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്കു നേരെ ക്രൂരമര്‍ദ്ദനവും ആള്‍ക്കൂട്ട അക്രമവും അരങ്ങേറിയത്. പെണ്‍വേഷം കെട്ടി കുട്ടികളെ പിടിക്കാന്‍ ഇറങ്ങിയ സംഘത്തിലെ അംഗമാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇവരെ മര്‍ദ്ദിച്ചത്.

യൂട്യൂബ് വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ വേണ്ടി വ്യാജമെന്ന് അറിഞ്ഞുകൊണ്ട് പണം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ ബോധപൂര്‍വ്വം പടച്ചു വിടുന്ന നുണപ്രചാരണമാണ് ഒരു ഭാഗമെന്നും കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെ അത് ലംഘിക്കുന്ന അവസ്ഥയാണ് കാണുന്നതെന്നും എറണാകുളത്ത് “തെരുവോരം” എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനായ മുരുകന്‍ പറയുന്നു. ഇതിനെല്ലാം കൃത്യമായ ഒരു നിരീക്ഷണം അഥവാ അനുമതി ആവശ്യമാണെന്നാണ് ഇദ്ദേഹം പറയുന്നത്. ആര്‍ക്കും എന്തുവേണമെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പങ്കു വെക്കാം എന്ന അവസ്ഥയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന കാര്യങ്ങള്‍ പ്രചാരണം ചെയ്യുമ്പോള്‍ അതില്‍ എന്തെങ്കിലും തരത്തിലുള്ള പരിശോധന സര്‍ക്കാര്‍ സംവിധാനത്തിന്റെ അകത്ത് ഉണ്ടാവേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള ഒരു അളവുകോല്‍ അഥവാ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ ഒരു വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ മുരുകന്റെ അഭിപ്രായം.

കഴിഞ്ഞ ഒക്ടോബറില്‍ കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ പ്രചാരണം ഉണ്ടായതിന്റെ ഭാഗമായി ഒട്ടനവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന സംഭവം ഉണ്ടായിരുന്നു.

നാല്പതിനായിരത്തോളം ഫോളോവെഴ്സുള്ള കോഴിക്കോട്ടുകാര്‍ എന്ന ഫേസ്ബുക് പേജിന്റെ അഡ്മിനാണ് രാഗിന്‍. എട്ട് വര്‍ഷത്തോളമായി പേജ് ആരംഭിച്ചിട്ട്. ആദ്യം ആര്‍ക്കു വേണമെങ്കിലും പോസ്റ്റ് ചെയ്യാമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അപ്പ്രൂവല്‍ വെച്ചിട്ടാണ് പോസ്റ്റ് ഇടുന്നത്, രാഗിന്‍ പറയുന്നു. ഫോളോവെഴ്‌സിന്റെ എണ്ണം കൂടിയതോടെ പേജിലും ഗ്രൂപ്പിലും വരുന്ന പോസ്റ്റ് നിരീക്ഷിക്കാനുള്ള അഡ്മിന്‍സിന്റെ എണ്ണവും കൂട്ടി. പൊലീസുകാരായ ചില അംഗങ്ങള്‍ വ്യാജ സന്ദേശങ്ങള്‍ പടരുന്ന സമയത്ത് അതിനെ കുറിച്ചുള്ള വിവരം നല്‍കി സഹായിക്കുന്നു.

ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിപ്പെടുത്തുന്ന രീതിയിലുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് കഴിഞ്ഞ ഒക്ടോബറില്‍ ആസാം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയ ചിത്രങ്ങളെന്നു പറഞ്ഞ് എട്ടു യുവാക്കള്‍ കൊലചെയ്യപ്പെട്ട നിലയിലുള്ള ചിത്രങ്ങളാണ് സന്ദേശത്തില്‍ പ്രചരിപ്പിച്ചതിന് ഏറ്റുമാനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

നിലവില്‍ പതിനഞ്ചോളം പേരാണ് അഡ്മിന്‍സ് ആയിട്ടുള്ളത്. ഇതില്‍ വിദേശത്തുള്ളവരും ഉള്‍പ്പെട്ടിരിക്കുന്നു. സദാസമയം ജാഗരൂകരായിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിവിധ സമയ മേഖലയിലുള്ളവരെ ചേര്‍ത്തിരിക്കുന്നത്. പലപ്പോഴും ഒരു മെസ്സേജ് ലഭിച്ചാല്‍ അതിന്റെ യുക്തിബോധം നോക്കാതെയാണ് ആളുകള്‍ അത് ഷെയര്‍ ചെയ്യുക. അതിന്റെ പിന്നില്‍ ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന് സാധാരണക്കാരന് പെട്ടെന്ന് മനസ്സിലാവണമെന്നില്ല – രാഗിന്‍ പറയുന്നു.

വിവിധതരം രോഗപ്രധിരോധത്തെ കുറിച്ചും മരുന്നുകളെ കുറിച്ചുമുള്ള അനേകം വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചു വരുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ കോട്ടയത്തെ ഒരു ഡോക്ടര്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ക്യാന്‍സറിന് കീമോതെറാപ്പിയേക്കാള്‍ നല്ലത് ചെറുനാരങ്ങയാണെന്ന് ഡോക്ടര്‍ പറഞ്ഞതായ സന്ദേശമാണ് പ്രചരിച്ചത്.

സംസ്ഥാനത്തെ നടുക്കിയ നിപ്പാ വൈറസിനെ കുറിച്ച് വരുന്ന അസംഖ്യം സന്ദേശങ്ങളില്‍ പലതും വാസ്തവമാണൊ അല്ലയോ എന്ന് രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് പലരും അത് വാട്‌സാപ്പ് ഗ്രൂപുകളില്‍ പങ്കു വെക്കുന്നത്. ഭീതി പടര്‍ത്തുന്ന വ്യാജ സന്ദേശങ്ങളാണ് രോഗത്തെകുറിച്ച് പലയിടങ്ങളിലും ഷെയര്‍ ചെയ്യപ്പെടുന്നത്. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരായി നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി സൈബര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

വവ്വാലുകളാണ് ഇതിനു പിന്നിലെ പ്രഥമ കാരണം എന്ന് പ്രചരിച്ചതിനു പുറകെ തന്നെ വവ്വാലുകള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ വര്‍ധനവുണ്ട്. കോഴിക്കോട് ജില്ലയില്‍ വവ്വാലാണ് നിപ്പാ വൈറസ് പടര്‍ത്തിയത് എന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ ഫലത്തെ തുടര്‍ന്ന് നടന്ന അക്രമസംഭവങ്ങളില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നില്‍ വി.എസ് ആണെന്ന് നവമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. “ഈ രൂപത്തില്‍ ഒരു പ്രസ്താവനയോ പരാമര്‍ശമോ താന്‍ നടത്തിയിട്ടില്ല. തികച്ചും വാസ്തവ വിരുദ്ധവും, ദുരുദ്ദേശത്തോടെയുമുള്ള പ്രചരണമാണിത്.” അദ്ദേഹം പറയുന്നു. ഇത്തരം വ്യാജസന്ദേശങ്ങള്‍ ആരും വിശ്വസിക്കരുതെന്നും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ നിന്ന് പിന്തിരിയണമെന്നും വി.എസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രില്‍ 16ന് സംസ്ഥാനത്തുടനീളം ഹര്‍ത്താല്‍ ആചരിക്കപ്പെട്ടു. ചിലയിടങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടായി. കഠ് വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടതിനോടുള്ള പ്രതിഷേധമായിട്ടായിരുന്നു ഹര്‍ത്താല്‍ ആചരണം. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായത്. മലബാര്‍ ഭാഗത്ത് മാത്രമായിരുന്നു ഹര്‍ത്താല്‍ പൂര്‍ണ്ണമായി നടന്നത്. വിഷയത്തില്‍ ഉള്‍പ്പെട്ട കുട്ടിയുടെ ചിത്രം പ്രചരിപ്പിക്കല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിച്ച് പൊലീസ് കുറ്റം ചുമത്തി.

നമുക്ക് കൃത്യമായി ബോധ്യമല്ലാത്ത കാര്യങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് അപകടത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഐ.ടി ആക്റ്റിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചുള്ള ശിക്ഷാനടപടികളാണ് ഇതിനെതിരെ സ്വീകരിച്ച് വരുന്നത് എന്ന് പി.എസ്. രാജശേഖരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വോയ്സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്സ് എന്നീ പേരുകളുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ സൂത്രധാരന്മാര്‍ ഇരുപതിനും ഇരുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ള അഞ്ച് യുവാക്കളായിരുന്നു. സംസ്ഥാനത്ത് കലാപമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് കണ്ടെത്തിയത്. അഞ്ഞൂറോളം പേരാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ പൊലീസ് പിടിയിലായത്.

ഇത്തരം സന്ദേശങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന് നിയമ സംവിധാനങ്ങള്‍ക്ക് കൃത്യമായി കണ്ടുപിടിക്കാന്‍ സാധിക്കും. വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ നിയമവിരുദ്ധമാണോ എന്നൊക്കെ നോക്കി അതിനെ നിയന്ത്രിക്കുന്ന ചുമതല ആ ഗ്രൂപ്പ് അഡ്മിനുകള്‍ക്കുണ്ട് – പി. എസ്. രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ കാണാതെ പോകുന്ന സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ കുട്ടിയെ കിട്ടിക്കഴിഞ്ഞാലും കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞുള്ള സന്ദേശങ്ങള്‍ പ്രചരിച്ചുകൊണ്ടേയിരിക്കും. കുട്ടികളുടെ ഭാവിയെ തന്നെ ഇത് ബാധിച്ചേക്കുമെന്ന് മുരുകന്‍ പറയുന്നു.

സംരക്ഷണത്തിന് ഏറ്റെടുക്കുന്ന കുട്ടികള്‍ പോലും സ്ഥാപനങ്ങളില്‍ സുരക്ഷിതരല്ല എന്ന രീതിയിലുള്ള പല സന്ദേശങ്ങളും പടരുന്നത് കാരണം സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പോലും കിട്ടിക്കൊണ്ടിരുന്ന അരിയും, ഭക്ഷണവും, മരുന്നും, വസ്ത്രവുമെല്ലാം അവതാളത്തിലാവുന്ന അവസ്ഥയിലാണ് സാമൂഹ്യ പ്രവര്‍ത്തന മേഖല കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളും, പൊതുജനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ 250ഓളം വരുന്ന ഈ മേഖലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്ക് ഇത് ഭീഷണിയാണ്. കണ്ണുകാണാത്തവരും,ചെവി കേള്‍ക്കാത്തവരും, കുഷ്ഠരോഗികളും, മാറാരോഗികളും, കിടപ്പിലായവരുമായ ധാരാളം സ്ഥാപനങ്ങള്‍ ഇന്ന് കേരളത്തില്‍ അങ്ങോളം ഇങ്ങോളമുണ്ട്. എന്നാല്‍ വിവിധ വ്യാജ സന്ദേശങ്ങള്‍ ഇത്തരം സ്ഥാപനങ്ങളെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.

ഒരുനേരം തെരുവോരത്ത് ചോറ് കൊടുക്കുന്ന ആള്‍ക്കാണ് ഇത്തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ കാരണം ഒരു സമൂഹ സേവനം ചെയ്യുന്ന സ്ഥാപനം നടത്തുന്ന ആളെക്കാളും ആദരവ് ലഭിക്കുന്നത്. സ്ഥാപനങ്ങള്‍ ഓരോ അന്തേവാസിയുടെ എല്ലാ ആവശ്യങ്ങളും അവരുടെ മരണം വരെ നോക്കുന്നുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഒറ്റപ്പെട്ട സേവനപ്രവര്‍ത്തനങ്ങളാണ്.

സമൂഹസേവനത്തിന്റെ പേരില്‍ ഒരുപാട് ഗ്രൂപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് ഒരു കണക്ക് സംവിധാനവും ഇല്ല, ഇവര്‍ക്ക് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല എന്നതുകൊണ്ടു തന്നെ ഇതിനു പിന്നില്‍ വലിയ രീതിയിലുള്ള തട്ടിപ്പു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.