| Wednesday, 15th February 2023, 12:09 pm

പ്രകടനങ്ങള്‍ താരങ്ങളായി മാറുന്ന 'രേഖ', ചെറിയ താരങ്ങളുടെ വലിയ പ്രകടനങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത് ഫെബ്രുവരി പത്തിന് തിയേറ്ററുകളിലെത്തിയ സിനിമയാണ് രേഖ. സിനിമ എന്നതിനപ്പുറത്തേക്ക് നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളെയൊക്കെ കൂട്ടിയിണക്കിയ ഒരു അനുഭവമാണ് രേഖ. പ്രകടനങ്ങളാണ് സിനിമക്ക് കരുത്ത് പകരുന്നത് എന്നു തന്നെ പറയാം. അത്ര മനോഹരമായാണ് ഓരോ കഥാപാത്രങ്ങളും നിറഞ്ഞാടുന്നത്.

ത്രില്ലര്‍ ഴോണറിലാണ് രേഖ കഥപറയുന്നത്. നാട്ടുമ്പുറത്തെ രണ്ട് വ്യക്തികള്‍ക്കിടയിലുണ്ടാകുന്ന പ്രണയവും, അതിനെ തുടര്‍ന്ന് സംഭവിക്കുന്ന ചിലപ്രശ്‌നങ്ങളുമൊക്കെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തില്‍ നടക്കുന്ന ചില കാര്യങ്ങളും തുടര്‍ന്നുണ്ടാകുന്ന പ്രതികാരവുമൊക്കെയാണ് രേഖയുടെ ഇതിവൃത്തം.

സിനിമയുടെ തുടക്കത്തില്‍ ക്യാരക്ടര്‍ എക്‌സ്റ്റാബ്ലിഷിങ്ങിന് വേണ്ടി തന്നെ ഒരുപാട് സമയം തിരക്കഥ മാറ്റിവെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരുവേള തിരക്കഥ ഇഴയുന്നത് പോലെ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ല.

കാരണം അത്തരത്തില്‍ കഥാപാത്രങ്ങളുടെ സ്വഭാവമൊക്കെ സിനിമയുടെ തുടക്കത്തില്‍ കൃത്യമായി പറഞ്ഞ് പോകുന്നതുകൊണ്ട് തന്നെ പിന്നീടുണ്ടാകുന്ന ചില സംഭവങ്ങള്‍ വെറും അതിശയോക്തിയായി പ്രേക്ഷകന് അനുഭവപ്പെടുന്നില്ലാ എന്നത് രേഖയുടെ പ്രധാന പോസിറ്റീവുകളില്‍ ഒന്നാണ്. ചില സന്ദര്‍ഭങ്ങളില്‍ തിരക്കഥയുടെയും സംവിധാനത്തിന്റെയുമൊക്കെ പഞ്ച് കുറഞ്ഞ് പോകുമ്പോഴും സിനിമയെ മുമ്പോട്ട് കൊണ്ടുപോകുന്നത് അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് തന്നെയാണ്.

വിന്‍സി അലോഷ്യസും ഉണ്ണി ലാലുവുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവരുടെ പ്രകടനങ്ങളെ ഒന്ന് സൈഡിലേക്ക് മാറ്റിവെച്ച്, മറ്റ് ചിലരെ കുറിച്ച് നമുക്ക് സംസാരിക്കാം. തുടക്കം പറഞ്ഞതുപോലെ തന്നെ സിനിമയില്‍ വന്ന് പോകുന്ന ഓരോ കഥാപാത്രങ്ങളും അസാധ്യ പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നത്.

ചിത്രത്തില്‍ രേഖയുടെ അച്ഛനും അമ്മയുമായെത്തുന്ന രണ്ടുപേരുടെയും പ്രകടനങ്ങളാണ് എടുത്ത് പറയേണ്ടത്. വളരെ സ്വാഭാവികമായാണ് ഇരുവരും കഥാപാത്രങ്ങളെ സമീപിച്ചിരിക്കുന്നത്. അവര്‍ തമ്മിലുള്ള കെമിസ്ട്രിയും സംഭാഷണങ്ങളുമൊക്കെ മികച്ചതായിരുന്നു എന്നുതന്നെ പറയാം. സിനിമയില്‍ രണ്ട് അമ്മാവന്‍ കഥാപാത്രങ്ങള്‍ കൂടി വന്നുപോകുന്നുണ്ട്. അവരും പ്രകടനത്തിന്റെ കാര്യത്തില്‍ മികച്ചുനിന്നു.

ഇനി വിന്‍സിയിലേക്കും ഉണ്ണിയിലേക്കും തിരിച്ചുവരാം. വിന്‍സിയില്‍ നിന്നും രേഖയിലെ കുഞ്ഞിയിലേക്കുള്ള താരത്തിന്റെ പകര്‍ന്നാട്ടം അതിമനോഹരമാണെന്ന് തന്നെ പറയാം. ഡയലോഗ് ഡെലിവറി, ഫേഷ്യല്‍ എക്‌സ്പ്രഷന്‍സ്, ബോഡി ലാംഗ്വേജ് തുടങ്ങി നോട്ടത്തില്‍ പോലും അവര്‍ രേഖയെ അടയാള പെടുത്തുന്നുണ്ട്. വിന്‍സിയുടെ കഥാപാത്രം നടക്കുന്ന രീതിയില്‍ പോലും ആ സൂക്ഷ്മത അവര്‍ നിലനിര്‍ത്തുന്നുണ്ട്.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ പ്ര.തൂ.മ എന്ന സിനിമ കണ്ടിട്ടുള്ളവര്‍ക്കറിയാം ഉണ്ണി ലാലു എന്ന നടന്റെ പ്രകടനത്തിന്റെ റേഞ്ച്. അതിന്റെ മുകളില്‍ നില്‍ക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് രേഖയിലൂടെ അയാള്‍ പ്രേക്ഷകന് സമ്മാനിക്കുന്നത്. ക്ലൈമാക്‌സ് രംഗങ്ങളിലേക്ക് വരുമ്പോള്‍ അയാളിലെ നടന്‍ കൂടുതല്‍ ശക്തനാകുന്നതും കാണാന്‍ കഴിയും.

content highlight: performances of rekha movie

We use cookies to give you the best possible experience. Learn more