| Sunday, 26th February 2023, 10:14 pm

പ്രണയം നിറച്ച പെര്‍ഫോമന്‍സുകള്‍; പ്രണയ വിലാസത്തില്‍ പ്രേക്ഷക മനം കവര്‍ന്നവര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണയ വിലാസം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും ട്രെയ്‌ലറും പുറത്ത് വന്നപ്പോള്‍ അതില്‍ മുഴുവന്‍ നിറഞ്ഞുനിന്നത് അനശ്വര രാജനും മമിത ബൈജുവും അര്‍ജുന്‍ അശോകനുമായിരുന്നു. ഇതൊക്കെ കണ്ട് ചിത്രം ത്രികോണ പ്രണയമാണെന്ന് തെറ്റിദ്ധരിച്ചവര്‍ നിരവധിയായിരുന്നു. സ്റ്റാര്‍ വാല്യു വെച്ചുള്ള മാര്‍ക്കറ്റിങ്ങിന്റെ ഭാഗം കൂടിയായിരുന്നു ഇത്. എന്നാല്‍ ചിത്രത്തിന് ശേഷം മനസില്‍ നില്‍ക്കുന്നത് മറ്റ് ചിലര്‍ കൂടിയായിരുന്നു.

പ്രണയം നിറച്ചൊരു ചിത്രമാണ് പ്രണയ വിലാസം. പല തരത്തിലുള്ള പ്രണയങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. കോളേജ് പ്രണയം മുതല്‍ മുതിര്‍ന്നവരുടെ പ്രണയം വരെ, വിവാഹത്തിന് മുമ്പും ശേഷവുമുള്ള പ്രണയം, ഇതിലൂടെയൊക്കെ ചിത്രം പോകുന്നുണ്ട്.

സിനിമയില്‍ ഏറ്റവും ഓര്‍ത്തിരിക്കുന്ന പെര്‍ഫോമന്‍സുകളിലൊന്നാണ് ഹക്കിം ഷായുടേതും മനോജ് കെ.യുവിന്റെതും. ചിത്രത്തിലെ ഒരു സര്‍പ്രൈസ് കഥാപാത്രം കൂടിയാണ് ഹക്കിം ഷാ. രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തില്‍ ഹക്കിം ഷായ്ക്കുള്ളത്. ചിത്രത്തില്‍ കാണിക്കുന്ന ഫ്‌ളാഷ് ബാക്കില്‍ ഇരുപതുകളുടെ മധ്യത്തിലുള്ള യുവാവായാണ് ഹക്കിം എത്തുന്നത്. അനശ്വര അവതരിപ്പിച്ച അനുവിന്റെ കാമുകനാണ് ഹക്കിം ഷാ.

തനിക്ക് പ്രണയം നന്നായി വഴങ്ങുമെന്ന് ഹക്കിം നേരത്തെ തന്നെ പല വട്ടം തെളിയിച്ചതാണ്. പ്രണയ വിലാസത്തിലും മനോഹരമായി അദ്ദേഹം അത് അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പ്രണയങ്ങളില്‍ പ്രേക്ഷകരെ ഏറ്റവും ഫീല്‍ ചെയ്യിപ്പിച്ചതും ഇവരുടെ പ്രണയമായിരുന്നു. അനശ്വരയും ഹക്കിം ഷായും തമ്മിലുള്ള കെമിസ്ട്രിയും മികച്ചതായിരുന്നു.

ഇതിന് ശേഷം ഒരു മധ്യവയസ്‌കനായാണ് ഹക്കിം എത്തുന്നത്. നോട്ടത്തിലും നടപ്പിലും ഭാവത്തിലുമെല്ലാം സമ്പൂര്‍ണമായൊരു മാറ്റമാണ് ഈ സമയം കാണാനാവുന്നത്. മധ്യവയസ്‌കനാണെന്ന് തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകരെ തോന്നിപ്പിക്കാന്‍ ഹക്കിം ഷാക്ക് സാധിക്കുന്നുണ്ട്.

ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് മനോജ് കെ.യുവിന്റെ പ്രകടനമാണ്. നേരത്തെ തിങ്കളാഴ്ച നിശ്ചയത്തിലൂടെ വന്ന് ഒരുവട്ടം പ്രേക്ഷകരെ അമ്പരപ്പിച്ചതാണ് മനോജ്. പ്രണയ വിലാസത്തിലും അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഭാര്യയേയോ മകനേയോ മര്യാദക്കൊന്ന് നോക്കാത്ത രാജീവ് പഴയ കാമുകിയെ കാണുമ്പോള്‍ മകനെക്കാള്‍ ചെറുപ്പമാകുന്നതൊക്കെ രസകരമായി തന്നെ പ്രകടനത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ മാത്രമാണ് എത്തുന്നതെങ്കിലും ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാവുന്നുണ്ട് അനശ്വര അവതരിപ്പിച്ച അനു. അനശ്വര സ്‌ക്രീനിലെത്തുമ്പോള്‍ മുതല്‍ ചിത്രത്തിന് ഒരു പ്രത്യേക പോസിറ്റീവ്‌നെസ് കൈ വരുന്നുണ്ട്. പൈങ്കിളി പ്രണയത്തിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനങ്ങള്‍ ചിത്രത്തില്‍ നടത്തിയത് ഹക്കിം ഷായും മനോജ് കെ.യുവും അനശ്വരയുമാണ്.

Content Highlight: performances of pranaya vilasam

We use cookies to give you the best possible experience. Learn more