| Saturday, 22nd April 2023, 6:43 pm

നന്നായി തേച്ചാല്‍ നന്നായി മിനുങ്ങുന്ന സൗബിന്‍; പാളാതെ ബിനു പപ്പുവും നസ്‌ലിനും ഗോകുലനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, ഗോകുലന്‍, നസ്‌ലിന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത ചിത്രമാണ് അയല്‍വാശി. ഒരു കല്യാണ വീട്ടില്‍ വെച്ച് ഒരു സ്‌കൂട്ടറിന് സ്‌ക്രാച്ച് വീഴുന്നതും അത് സുഹൃത്തുക്കള്‍ക്കിടയില്‍ വഴക്കിന് കാരണമാകുന്നതും തുടര്‍ന്ന് ഇതിന് പിന്നിലെ യഥാര്‍ത്ഥ കുറ്റക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളുമാണ് അയല്‍വാശി കാണിക്കുന്നത്.

ഇത്രയും ചെറിയ സംഭവത്തില്‍ നിന്നുമാണ് ഇര്‍ഷാദ് തന്റെ കഥാപരിസരം വികസിപ്പിച്ചിരിക്കുന്നത്. അതിനെ എന്‍ഗേജിങ്ങാക്കിയ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവുമാണ് അയല്‍വാശിയുടെ പ്ലസ് പോയിന്റ്. ചെറുതും വലുതുമായ റോളുകളില്‍ വന്ന എല്ലാ കഥാപാത്രങ്ങളും ചിത്രത്തില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഗോകുലന്റെ നരേഷനിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം കിടിലനാക്കിയ ചരിത്രമുള്ള ഗോകുലന്‍ അയല്‍വാശിയിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്. കൊച്ചി സ്ലാങ്ങില്‍ നിന്നും പുറത്ത് കടക്കാന്‍ സാധാരണ പാടുപെടാറുള്ള സൗബിന്‍ കോട്ടയം സ്ലാങ് പിടിച്ച് പെര്‍ഫോമന്‍സിലും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഭാര്യവീട്ടില്‍ താമസിക്കുന്ന താജുദ്ദീന്‍ നേരിട്ട അപമാനങ്ങളില്‍ നിന്നും അവഗണനകളില്‍ നിന്നും പരിഹാസങ്ങളില്‍ നിന്നുമുണ്ടാകുന്ന വേദനയേയും നിരാശയേയും സൗബിന്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. മുമ്പ് പ്രകടനത്തിന്റെ പേരില്‍ പല സിനിമകളിലും വിമര്‍ശിക്കപ്പെട്ട സൗബിന്‍ മികച്ച സംവിധായകന്റെ കയ്യില്‍ കിട്ടിയതോടെ നന്നായി മിനുങ്ങുന്നുണ്ട്.

സിറ്റ്വേഷണല്‍ കോമഡി കൊണ്ടാണ് ബിനു പപ്പു അയല്‍വാശിയില്‍ ശ്രദ്ധ നേടുന്നത്. ഭീമന്റെ വഴി പോലെയുള്ള ചില സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബിനു പപ്പുവിനെ അധികം കോമഡി റോളുകളില്‍ കണ്ടിട്ടില്ല. ജയ കുറുപ്പിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട് ബിനു പപ്പു.

പഠിക്കേണ്ട പ്രായത്തില്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം തലയിലേറ്റേണ്ടി വരുന്ന പാച്ചുവിനെ നസ്‌ലിനും കയ്യടക്കത്തോടെ ചെയ്തിട്ടുണ്ട്. ഫ്രസ്‌ട്രേഷന്‍ നിറഞ്ഞ ഈ കഥാപാത്രത്തിന്റെ മുഖത്ത് എല്ലായ്‌പ്പോഴും നിരാശയും ദേഷ്യവും വരുത്താന്‍ നസ്‌ലിന്‍ ശ്രമിച്ചിട്ടുണ്ട്.

നിഖില വിമലിനും ലിജോ മോള്‍ക്കും കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും കഥാപാത്രമാവശ്യപ്പെടുന്ന പെര്‍ഫോമന്‍സ് അവരും കൊടുത്തിട്ടുണ്ട്. കുറച്ച് ഭാഗങ്ങളില്‍ മാത്രമെത്തിയ ജഗദീഷും കോട്ടയം നസീറും തങ്ങളുടെ രംഗങ്ങളില്‍ സ്‌കോര്‍ ചെയ്തു.

Content Highlight: performances of ayalvaashi

We use cookies to give you the best possible experience. Learn more