ഒരുപാട് മികച്ച അഭിനേതാക്കൾ ഉള്ള ഒരു സിനിമ മേഖലയാണ് മലയാളം ഫിലിം ഇൻഡസ്ട്രി. എന്നാൽ എല്ലാ അഭിനേതാക്കളെയും വേണ്ടപോലെ പരിഗണിക്കുന്നുണ്ടോ എന്നത് ചോദ്യം തന്നെയാണ്.
ഒരുപാട് മികച്ച അഭിനേതാക്കൾ ഉള്ള ഒരു സിനിമ മേഖലയാണ് മലയാളം ഫിലിം ഇൻഡസ്ട്രി. എന്നാൽ എല്ലാ അഭിനേതാക്കളെയും വേണ്ടപോലെ പരിഗണിക്കുന്നുണ്ടോ എന്നത് ചോദ്യം തന്നെയാണ്.
കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന പല അഭിനേതാക്കൾക്കും അവരുടെ കാലിബർ തെളിയിക്കാൻ അവസരം ലഭിച്ചത് വളരെ വൈകിയായിരിക്കും. അതിൽ ഒരുപാട് ഉദാഹരണങ്ങൾ മലയാള സിനിമയിൽ തന്നെയുണ്ട്. കോമഡി മാത്രം അവതരിപ്പിച്ചിരുന്ന പല അഭിനേതാക്കളും പിന്നീട് വ്യത്യസ്ത വേഷപ്പകർച്ചകളിൽ വന്ന ഞെട്ടിച്ചത് മലയാളികൾ കണ്ടിട്ടുണ്ട്.
ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ഇവരെല്ലാം വർഷങ്ങളായി മലയാള സിനിമയിൽ ഉണ്ടെങ്കിലും തന്നിലെ അഭിനേതാവിനെ ഉപയോഗിക്കാൻ കഴിയുന്ന വേഷങ്ങൾ അവർക്ക് ലഭിക്കാൻ തുടങ്ങിയത് ഈയടുത്താണ്.
ഇന്ദ്രൻസ് അഭിനയിച്ച അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം തിയേറ്ററിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ടൊവിനോയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം ഒരു ക്രൈം ത്രില്ലറാണ്.
ഇന്ദ്രൻസിനെ പോലെ തന്നെ ഒരുകാലത്ത് കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങിപ്പോയ പല അഭിനേതാക്കളുടെയും കൂടിച്ചേരൽ കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും. അതിൽ ആദ്യത്തേത് വെട്ടുകിളി പ്രകാശാണ്.
വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് വെട്ടുകിളി പ്രകാശ്. 1987ൽ തീർത്ഥം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിന് ശേഷമാണ് കഥാപാത്രത്തിന്റെ പേരായ വെട്ടുകിളി എന്ന വാക്ക് സ്വന്തം പേരിനോടൊപ്പം ചേരുന്നത്. 90 കളിൽ സിനിമയിൽ സജീവമായിരുന്ന അദ്ദേഹം സ്ഥിരമായി കോമഡി വേഷങ്ങളിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.
സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു വെട്ടുകിളി പ്രകാശ്. 2017ൽ ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രമാണ് ആ നടനിലെ മറ്റൊരു സാധ്യതയെ പുറത്തേക്ക് കൊണ്ടുവരുന്നത്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലും പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട് അദ്ദേഹം.
അടുത്ത വ്യക്തി കോട്ടയം നസീറാണ്. മിമിക്രി രംഗത്തുനിന്ന് സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് കോട്ടയം നസീർ. മിമിക്രിയിൽ നിന്നെത്തിയത് കൊണ്ട് തന്നെ കോട്ടയം നസീറും സ്ഥിരമായി കോമഡി വേഷങ്ങളിലേക്ക് തഴയപ്പെട്ടിരുന്നു. എന്നാൽ കാലങ്ങൾക്കിപ്പുറം ഈയിടെയാണ് കോട്ടയം നസീറിലെ നടനെ ഉപയോഗിക്കുന്ന വിധത്തിൽ കുറച്ചെങ്കിലും കഥാപാത്രങ്ങൾ തേടിയെത്തിയത്.
അക്കൂട്ടത്തിൽ ഒന്നാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലെ സീനിയർ പൊലീസ് ഓഫീസറുടെ കഥാപാത്രം. നോക്കിലും നടപ്പിലും ഒരു പക്കാ പൊലീസുകാരനെ മാത്രമേ കോട്ടയം നസീറിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുള്ളൂ. പല സമയങ്ങളിലും സിനിമ കാണുന്ന പ്രേക്ഷകർക്ക് അയാളോട് ദേഷ്യം തോന്നുന്നതും നസീറിന്റെ അഭിനയം അത്രയും മനോഹരമായത് കൊണ്ടാണ്.
കണ്ണൂർ സ്‌ക്വാഡിന് ശേഷം അസീസ് നെടുമങ്ങാടിന്റെ വ്യത്യസ്ത പ്രകടനം കണ്ട ചിത്രമായിരുന്നു അന്വേഷിപ്പിൻ കണ്ടെത്തും. കോട്ടയം നസീറിനൊപ്പം തന്നെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് അസീസും ചിത്രത്തിൽ എത്തുന്നത്. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ നിന്ന് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അസീസ്.
മിമിക്രിയിലും കയ്യടി നേടിയ അസീസ് തീർത്തും വേറിട്ട വേഷത്തിലാണ് കണ്ണൂർ സ്‌ക്വാഡിൽ പ്രത്യക്ഷപ്പെട്ടത്. അന്വേഷിപ്പിൻ കണ്ടെത്തുവിൽ എത്തുമ്പോൾ എല്ലാവരും പേടിയോടെ കാണുന്ന പൊലീസ് ഉദ്യോഗസ്ഥനായി നിറഞ്ഞ് നിൽക്കുന്നുണ്ട് അസീസ്.
ഇവരെയെല്ലാം പോലെ വർഷങ്ങളായി മലയാളത്തിന്റെ ഭാഗമായിട്ടുള്ള ഹരിശ്രീ അശോകൻ, സാദിഖ്, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളുടെയും വ്യത്യസ്ത പ്രകടനമായിരുന്നു അന്വേഷിപ്പിൻ കണ്ടെത്തുവിൽ പ്രേക്ഷകർ കണ്ടത്.
കുറഞ്ഞ സ്ക്രീൻ ടൈമാണ് ഓരോ അഭിനേതാവിനും ലഭിക്കുന്നതെങ്കിലും പ്രശംസ അർഹിക്കുന്ന അഭിനയമായിരുന്നു ഓരോ താരങ്ങളിൽ നിന്നും സംവിധായകൻ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ടെക്നികൽ മികവിനൊപ്പം ഗംഭീര പ്രകടനത്തിലൂടെയും മികച്ചു നിൽക്കുന്നുണ്ട് അന്വേഷിപ്പിൻ കണ്ടെത്തും.
Content Highlight: Performances In Anweshppin Kandethum