രാജസ്ഥാന്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഫാസ്റ്റ് ബൗള്‍ ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ആരാധകര്‍ക്ക് പകരം നല്‍കുന്നത് നിരാശ മാത്രം. ടീമിന് അത്രത്തോളം ആവശ്യമായ ഒരു താരത്തില്‍ നിന്നാണ് തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ ഉണ്ടാകുന്നത്.
കഴിഞ്ഞ മിനി ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ജേസണ്‍ ഹോള്‍ഡറെ ടീമിലെത്തിച്ചപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചിരുന്നു. ടീം കൂടുതല്‍ സ്‌റ്റേബിളാകുമെന്നും കണ്‍സിസ്റ്റന്റാകുമെന്നുമായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ഐ.പി.എല്ലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പോലും ഹോള്‍ഡര്‍ പുറത്തെടുക്കുന്ന പ്രകടനം ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നുണ്ട്.
സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ടി-20യിലും ഹോള്‍ഡര്‍ നല്ല രീതിയില്‍ തന്നെ റണ്‍സ് വഴങ്ങിയിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തിലും താരം റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചിരുന്നില്ല. ഒരു വശത്ത് റണ്‍സ് വഴങ്ങുമ്പോള്‍ മറുവശത്ത് വിക്കറ്റ് വീഴ്ത്തണമെന്ന ബോധ്യം പോലുമില്ലാത്ത രീതിയിലാണ് താരം പന്തെറിഞ്ഞത്.
കഴിഞ്ഞ മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ഹോള്‍ഡര്‍ 10.50 എന്ന എക്കോണമിയില്‍ 42 റണ്‍സ് വഴങ്ങിയിരുന്നു, ഒരു വിക്കറ്റ് നേടുകയും ചെയ്തു.
കഴിഞ്ഞ മത്സരത്തില്‍ ഹോള്‍ഡര്‍ അടക്കമുള്ള സകല വിന്‍ഡീസ് ബൗളര്‍മാരും റണ്ണടിച്ചുകൂട്ടിയപ്പോള്‍ മികച്ചുനിന്നത് അല്‍സാരി ജോസഫ് മാത്രമാണ്. 40 റണ്‍സ് വഴങ്ങിയെങ്കിലും പ്രോട്ടീസ് നിരയില്‍ ആകെ വീണ ആറ് വിക്കറ്റില്‍ അഞ്ചും തന്റെ പേരിലാക്കിക്കൊണ്ടാണ് താരം മത്സരത്തില്‍ നിര്‍ണായകമായത്.
കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിനെ തച്ചുതകര്‍ത്ത ക്വിന്റണ്‍ ഡി കോക്കിനെ പുറത്താക്കിക്കൊണ്ടാണ് ജോസഫ് വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നാലെ ഡേവിഡ് മില്ലര്‍, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍, വെയ്ന്‍ പാര്‍നെല്‍ എന്നിവരെയും പുറത്താക്കി താരം ഫൈഫര്‍ തികച്ചു. ജോസഫ് തന്നെയാണ് മത്സരത്തിലെ താരവും.
കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിഞ്ഞ അല്‍സാരി ജോസഫ് ഈ സീസണിലും സ്‌ഫോടനാത്മക പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Performance of West Indies bowlers in WI vs SA match