മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ പുറത്തുവന്ന മാമന്നന്‍ ജൂണ്‍ 29നാണ് റിലീസ് ചെയ്തത്. വടിവേലു, ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്. മുന്‍ചിത്രങ്ങളിലേത് പോലെ ജാതി രാഷ്ട്രീയമാണ് മാരി സെല്‍വരാജ് മാമന്നനിലും പറഞ്ഞുവെക്കുന്നത്.
Spoiler Alert
ശക്തമായ കഥക്കൊത്ത പെര്‍ഫോമന്‍സുകള്‍ കൂടിയാണ് മാമന്നനെ മുന്നോട്ട് നയിക്കുന്നത്. എടുത്തുപറയേണ്ടത് ഫഹദ് ഫാസിലിനേയും വടിവേലുവിനേയുമാണ്. ‘മണ്ണ്’ എന്ന മേല്‍ജാതിക്കാരനായ നേതാക്കളുടെ വിളിയില്‍ നിന്നും തന്റെ മകന്‍ ഉരുവാക്കിയ മാമന്നനിലേക്കുള്ള കഥാപാത്ര വളര്‍ച്ചയെ വടിവേലു മികച്ചതാക്കി.
ചിത്രത്തിന്റെ തുടക്കത്തില്‍ അയാള്‍ നിസഹായനാണ്. പണമോ അധികാരമോ ജാതി പാരമ്പര്യമോ മണ്ണിനില്ല. അതുകൊണ്ട് തന്നെ മേല്‍ജാതിക്കാരുടെ മുന്നില്‍ നിവര്‍ന്നുനില്‍ക്കാനോ പോരാടാനോ മണ്ണിനാവുന്നില്ല. ക്ഷമയോടെയുള്ള ആ യാത്രക്കൊടുവില്‍ അധികാരത്തിലെത്തിച്ചേര്‍ന്നെങ്കിലും മണ്ണ് മേല്‍ജാതിക്കാരുടെ കാല്‍ക്കീഴില്‍ ‘നില്‍ക്കുകയായിരുന്നു’. ആ നില്‍പ്പില്‍ നിന്നും കസേരയുറപ്പിച്ച് ഇരിക്കുന്നിടത്താണ് മണ്ണ് മാമന്നനായി മാറുന്നത്.
ആ നില്‍പ്പിലെ നിസഹായതയും ദയനീയതയും ഇരിക്കുമ്പോഴുള്ള അഭിമാന ബോധവും നോട്ടത്തിലൂടെ തന്നെ വടിവേലു പ്രതിഫലിപ്പിക്കുന്നുണ്ട്. പെര്‍ഫോമന്‍സ് കൊണ്ട് വടിവേലു മുന്നേറുമ്പോള്‍ അതിനെ വെല്ലുന്ന, ചില ഘട്ടങ്ങളില്‍ അതിന് മുകളില്‍ പോവുന്ന പെര്‍ഫോമന്‍സ് പുറത്തെടുക്കുന്നുണ്ട് ഫഹദ്.
വളരെ അഗ്രസീവായ പെര്‍ഫോമന്‍സായിരുന്നു ഫഹദിന്റേത്. ജാതിബോധവും അധികാരവും തലക്ക് പിടിച്ച രത്‌നവേലിനെ മാരി സെല്‍വരാജ് ഡിമാന്‍ഡ് ചെയ്തതിനപ്പുറവും ഫഹദ് ചെയ്തുവെച്ചതായി തോന്നും. അതുകൊണ്ടാണ് അയാളുടെ നെഞ്ചില്‍ ചവിട്ട് കിട്ടുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത്രയും നിര്‍വൃതി ഉണ്ടാകുന്നത്. ചോര കാണുമ്പോഴുണ്ടാകുന്ന ക്രൂരതയും ഇരിപ്പിലെ ഗര്‍വും അപമാനിക്കപ്പെടുമ്പോഴുള്ള വേദനയുമെല്ലാം ഫഹദിന്റെ കണ്ണുകളിലൂടെ പ്രതിഫലിച്ചിട്ടുണ്ട്.
പുഷ്പ ഇറങ്ങിയ സമയത്ത് ഫഹദിന്റെ മുന്‍ ചിത്രങ്ങളിലെ ഇന്റന്‍സ് പെര്‍ഫോമന്‍സുകളും കണ്ണ് കൊണ്ടുള്ള അഭിനയവും ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം വന്ന മലയന്‍കുഞ്ഞ്, പാച്ചുവും അത്ഭുതവിളക്കും, ധൂമം പോലെയുള്ള ചിത്രങ്ങളില്‍ ഫഹദിന്റെ എടുത്തുപറയാവുന്ന പെര്‍ഫോമന്‍സ് വന്നില്ലെന്നും ആവര്‍ത്തനവിരസത ഉണ്ടായി എന്നുമുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ സംഭവിച്ചത് ഈ കഥാപാത്രങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്നതാണ്.