അച്ഛ്യുത് വിനായകിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ത്രിശങ്കു തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം കഴിഞ്ഞ മെയ് 26നാണ് റിലീസ് ചെയ്തത്.
‘ഒളിച്ചോടാന്‍’ തീരുമാനിക്കുന്ന സേതുവിന്റെയും മേഘയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. തുടര്‍ന്ന് നടത്തുന്ന മംഗലാപുരം യാത്രയും അതിലെ പ്രതിസന്ധികളും രസച്ചരട് പൊട്ടാതെ പറയുകയാണ് ത്രിശങ്കു.
ചിത്രത്തില്‍ സേതുവിന്റെ അമ്മാവന്മാരുടെ കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത് നന്ദുവും സുരേഷ് കൃഷ്ണയുമാണ്. ചിത്രത്തെ ഉയര്‍ത്തുന്ന ലെവല്‍ പ്രകടനമാണ് സുരേഷ് കൃഷ്ണയുടേത്. ഒരു കാലത്ത് വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന സുരേഷ് കൃഷ്ണ പിന്നീട് തനിക്ക് കോമഡി വേഷങ്ങളും വഴങ്ങും എന്ന് തെളിയിച്ചിരുന്നു. ത്രിശങ്കുവിലും കോമഡി കൊണ്ട് ചിരിപ്പിക്കാന്‍ സുരേഷ് കൃഷ്ണ മുന്നിലുണ്ടായിരുന്നു.
കര്‍ക്കശക്കാരായ അന്ധവിശ്വാസിയായ ജാതിവാദിയായ മൂത്ത അമ്മാവന് മുന്നില്‍ സെന്‍സിബിളായി ചിന്തിച്ച് നല്ല തീരുമാനങ്ങളെടുക്കുന്നത് സുരേഷ് കൃഷ്ണ അവതരിപ്പിച്ച ഇളയ അമ്മാവനാണ്. നന്ദുവിന്റെയും സുരേഷ് കൃഷ്ണയുടെയും അസാധ്യ കെമിസിട്രി ചിത്രത്തില്‍ നിര്‍ണായകമായിരുന്നു.
ചിത്രം താഴെ പോകുന്നു എന്ന ഘട്ടത്തിലെല്ലാം പെര്‍ഫോമന്‍സിലൂടെയും കോമഡിയിലൂടെയും ഇരുവരും ഉയര്‍ത്തി. പ്രത്യകിച്ചും മംഗലാപുരത്തെ പബ്ബിലേക്കും കയറുമ്പോഴും പിന്നീട് ജയിലിലെ രംഗങ്ങളിലുമെല്ലാം നന്ദുവിന്റേയും സുരേഷ് കൃഷ്ണയുടെയും പെര്‍ഫോമന്‍സും കോമ്പോ സീനുകളും ചിരി ഉയര്‍ത്തിയിരുന്നു. കൂട്ടത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തത് നന്ദുവാണെങ്കിലും അതിനൊപ്പം സുരേഷ് കൃഷ്ണയും കട്ടക്ക് പിടിച്ചു നിന്നു. യഥാര്‍ത്ഥത്തില്‍ മലയാള സിനിമ സുരേഷ് കൃഷ്ണയെ കുറച്ച് കൂടി ഉപയോഗപ്പെടുത്തണം. വൈവിധ്യമാര്‍ന്ന ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ അസാധ്യ കാലിബറുള്ള നടനാണ് അദ്ദേഹം. ത്രിശങ്കുവിലൂടെ അത് വീണ്ടും തെളിയിക്കുകയാണ്.
മറ്റ് പെര്‍ഫോമന്‍സുകള്‍ നോക്കുമ്പോഴും അന്ന ബെന്നും അര്‍ജുന്‍ അശോകനും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി. കൃഷ്ണ കുമാറിന്റേയും ബാലാജിയുടേയും കോമ്പോയും കോമഡി ഒന്നുമില്ലെങ്കിലും പെര്‍ഫോമന്‍സ് കൊണ്ട് ശ്രദ്ധ നേടുന്നതായിരുന്നു.
Content Highlight: performance of suresh krishna in thrishanku