റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്ത ഒറ്റ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. ആസിഫ് അലി, ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സത്യരാജ്, സുരേഷ് കുമാര്‍, രോഹിണി, സോന നായര്‍. ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്.
മാതാപിതാക്കളില്‍ നിന്നുമേല്‍ക്കുന്ന ദുരിതങ്ങള്‍ സഹിക്കാനാവാതെ നാടുവിടുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തില്‍ ഒരു കഥാപാത്രമായി സുധീര്‍ കരമനയും അഭിനയിച്ചിരുന്നു. ഇന്ദ്രജിത്തിന്റെ അച്ഛനായി ഒരു രംഗത്തില്‍ മാത്രമാണ് സുധീര്‍ അഭിനയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രകടനം ചിത്രം കണ്ടവരാരും മറക്കാന്‍ ഇടയില്ല.
ഒരു കാലത്ത് ചെയ്ത ക്രൂരതയുടെ ഫലമായി അയാള്‍ ഇന്ന് ജയിലിലാണ്. മകന് അയാളെ കാണുന്നത് പോലും ഇഷ്ടമല്ല. തെറ്റുകള്‍ തിരിച്ചറിഞ്ഞെങ്കിലും അതുകൊണ്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടാവുന്നില്ല. മകന്റെ തിരസ്‌കരണത്തിന് മുന്നില്‍ നിസഹായ ഭാവത്തോടെ നില്‍ക്കുകയല്ലാതെ ഒരു ഡയലോഗ് പോലും ചിത്രത്തില്‍ സുധീര്‍ കരമനക്കില്ല. എന്നാല്‍ ആ നിസഹായ ഭാവത്തില്‍ തന്നെ ചിത്രത്തില്‍ തന്റെ സാന്നിധ്യം സുധീര്‍ അടയാളപ്പെടുത്തി. നമ്മുടെ ചുറ്റിലുമുള്ള, ചുറ്റുമുണ്ടാവാന്‍ ഇടയുള്ള ഒരുപാട് കയ്‌പേറിയ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൊന്നിനെയാണ് ഒറ്റ ഈ രംഗത്തിലൂടെ കാണിച്ചത്.
അങ്ങനെയുള്ള ഒരുപാട് മുഖങ്ങള്‍ ഒറ്റയില്‍ കാണാം. ജീവിതത്തില്‍ സ്വന്തമാക്കി എന്ന് വിചാരിക്കുന്ന എല്ലാം നഷ്ടമാവുന്ന രാജുവണ്ണനായാലും വീട്ടില്‍ പോകാനാവാതെ മുതലാളിയുടെ പീഢനങ്ങള്‍ അനുഭവിക്കുന്ന ബാലനിലായാലും ബേക്കറിയിലെ ജോലിക്കാരിയായ പെണ്‍കുട്ടിയിലായാലും കയ്‌പേറിയ ദുരനുഭവങ്ങളുടെ മുറിവുകള്‍ കാണാം. അത്തരം ഒരുപിടി ജീവിതങ്ങളിലൂടെയാണ് ഒറ്റ കടന്നുപോകുന്നത്.
Content Highlight: Performance of Sudheer Karamana in Otta movie