എന്താണ് ഈ കാണിച്ചുവെച്ചിരിക്കുന്നത്; മിസ്റ്റര്‍ സൗത്ത് ആഫ്രിക്ക നിങ്ങള്‍ ഒരു പിടിയും തരുന്നില്ല!
Sports News
എന്താണ് ഈ കാണിച്ചുവെച്ചിരിക്കുന്നത്; മിസ്റ്റര്‍ സൗത്ത് ആഫ്രിക്ക നിങ്ങള്‍ ഒരു പിടിയും തരുന്നില്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th October 2022, 12:10 pm

കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയില്‍ സൗത്ത് ആഫ്രിക്കന്‍ നിരയിലെ പല താരങ്ങളും ഇന്‍കണ്‍സിസ്റ്റന്റായ പ്രകടനങ്ങളാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ മികച്ചു നിന്ന പലരും രണ്ടാം മത്സരത്തില്‍ മങ്ങുകയും എന്നാല്‍ ആദ്യ മത്സരങ്ങളില്‍ പക്കാ മോശം പ്രകടനം നടത്തിയവര്‍ തുടര്‍ന്നുള്ള മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌ചെവെക്കുന്നതുമാണ് ക്രിക്കറ്റ് ലോകം കണ്ടത്.

ആദ്യ രണ്ട് മാച്ചിലും അങ്ങേയറ്റം മോശം പ്രകടനമായിരുന്നു സൗത്ത് ആഫ്രിക്കന്‍ നിരയിലെ സൂപ്പര്‍ താരം റിലി റൂസോ പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരത്തിലും ഡക്കായി പുറത്തായ റൂസോ മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു.

ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായും രണ്ടാം മത്സരത്തില്‍ സില്‍വര്‍ ഡക്കായും പുറത്തായ റൂസോ മൂന്നാം ടി-20യില്‍ 48 പന്തില്‍ നിന്നും എട്ട് സിക്‌സറും ഏഴ് ബൗണ്ടറിയുമടക്കം നൂറ് റണ്‍സാണ് തികച്ചത്.

ആദ്യ മത്സരത്തില്‍ പരാജയപ്പെടുകയും തുടര്‍ന്നുള്ള മത്സരത്തില്‍ കത്തിക്കയറുകയും ചെയ്ത ക്വിന്റണ്‍ ഡി കോക്കും ഡേവിഡ് മില്ലറും തങ്ങളുടെ സ്‌ഫോടനാത്മകമായ ഇന്നിങ്‌സ് പുറത്തെടുത്തിരുന്നു.

ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസറായ കഗീസോ റബാദയും സീരീസില്‍ സമാനമായ രീതിയിലാണ്  കളിച്ചത്‌. ആദ്യ മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ റബാദ, രണ്ടാം മത്സരത്തില്‍ നല്ല അസ്സല്‍ ചെണ്ടയായിരുന്നു.

എന്നാല്‍ മൂന്നാം മത്സരത്തില്‍ തന്റെ ക്ലാസ് പുറത്തെടുത്ത റബാദയാണ് നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യയെ പിടിച്ചുകെട്ടിയത്.

സൗത്ത് ആഫ്രിക്കയുടെ മറ്റൊരു സ്റ്റാര്‍ പേസര്‍ വെയ്ന്‍ പാര്‍ണെലും ഏകദേശം ഇതേ ‘ഫോര്‍മാറ്റ്’ തന്നെയായിരുന്നു പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ പ്രോട്ടീസ് തോറ്റെങ്കിലും പാര്‍ണെലിന്റെയും റബാദയുടെയും പ്രകടനമായിരുന്നു ടീമിന് ആശ്വാസമായത്.

ആദ്യ മത്സരത്തില്‍ ടീമിന് ആശ്വാസമായ പാര്‍ണെല്‍ തൊട്ടടുത്ത മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ പോലെ റണ്‍സ് വഴങ്ങുന്നതില്‍ ഒരു പിശുക്കും കാണിച്ചിരുന്നില്ല.

ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം തന്നെ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെക്കുമ്പോഴും ടീമില്‍ കണ്‍സിസ്റ്റന്റായി കളിച്ചത് ചുരുക്കം താരങ്ങളാണ്, അതില്‍ പ്രധാനികളാണ് പ്രോട്ടീസ് നായകന്‍ തെംബ ബാവുമയും സ്പിന്നര്‍ കേശവ് മഹാരാജും.

പരമ്പരയിലെ മൂന്ന് മത്സരത്തിലും കേശവ് മഹാരാജ് മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍, മൂന്നിലും പരാജയമായാണ് ബാവുമ തന്റെ കണ്‍സിസ്റ്റന്‍സി വ്യക്തമാക്കിയത്.

 

ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്ണടിച്ചുകൂട്ടിയ രണ്ടാം മത്സരത്തിലടക്കം മഹാരാജിന് മുമ്പില്‍ മാത്രമായിരുന്നു ഇവര്‍ക്ക് മുട്ടിടിച്ചത്. അതേസമയം, ബാവുമയാകട്ടെ ആദ്യ രണ്ട് മത്സരത്തിലും ഡക്കാവുകയും മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സുമെടുത്താണ് പുറത്തായത്.

സീരീസിലെ പ്രകടനം ഇങ്ങനെയൊക്കെയാണെങ്കിലും വരാനിരിക്കുന്ന ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്ക് പലതും ചെയ്യാന്‍ സാധിക്കും എന്ന് അടിവരയിടുന്നതായിരുന്നു ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പര.

 

 

Content Highlight: Performance of South African players in India – South Africa series