| Monday, 10th July 2023, 10:54 pm

സാഫ് ബോയിയെ മെയ്‌നാക്കിയത് ജോ ആന്‍ഡ് ജോയില്‍ പരീക്ഷിച്ച് വിജയിച്ച ഫോര്‍മുല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അരുണ്‍ ഡി. ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രമാണ് 18 പ്ലസ്. ആദ്യ ചിത്രമായ ജോ ആന്‍ഡ് ജോയിലേതെന്ന പോലെയുള്ള ചില ഘടകങ്ങള്‍ അദ്ദേഹം രണ്ടാമത്തെ ചിത്രത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. നസ്‌ലന്‍- മാത്യു കൂട്ടുകെട്ടാണ് അതിലൊന്ന്. 2019 തണ്ണീര്‍ മത്തനില്‍ തുടങ്ങിയ ആ ഹിറ്റ് കോമ്പോ 18 പ്ലസിന് മുതല്‍ക്കൂട്ടാകും എന്ന് അരുണ്‍ കണക്ക് കൂട്ടിയിട്ടുണ്ടാവാം.

ഇത് മാറ്റിനിര്‍ത്തിയാല്‍ ജോ ആന്‍ഡ് ജോ കണ്ടവരാരും മറക്കാത്ത പേരാകും മെല്‍വിന്‍ ജി. ബാബുവിന്റേത്. മാത്യുവിനും നസ്‌ലനുമൊപ്പം കട്ടക്ക് പെര്‍ഫോമന്‍സില്‍ പിടിച്ച് നിന്ന കഥാപാത്രമാണ് മെല്‍വിന്റേത്. എഫ്.ടി ഗയ്‌സ് (ഫയങ്കര ടാലന്റഡ് ഗയ്‌സ്) എന്ന ഇന്‍സ്റ്റ പേജിലൂടെ ശ്രദ്ധ നേടിയ താരമായിരുന്നു മെല്‍വിന്‍.

രണ്ടാമത്തെ ചിത്രത്തിലും സോഷ്യല്‍ മീഡിയ ഫെയ്മുകളെ അരുണ്‍ മെയ്‌നാക്കിയിട്ടുണ്ട്. നസ്‌ലന്‍ അവതരിപ്പിക്കുന്ന നായകനായ അഖിലിന്റെ ഇടവും വലവും നില്‍ക്കുന്ന സുഹൃത്തുക്കളെയാണ് സാഫ് ബോയ് എന്ന യൂട്യൂബ് ചാനലിലെ സഫ്‌വാനും അന്‍ഷദും അവതരിപ്പിച്ചത്.

ചിത്രത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ മത്സരിച്ചുള്ള അഭിനയമായിരുന്നു ഇരുവരുടേതും. ജോ ആന്‍ഡ് ജോയിലേതുപോലെ ചിത്രത്തില്‍ കോമഡി ഇല്ലായിരുന്നെങ്കിലും കൗണ്ടറുകള്‍ കൊണ്ട് സ്‌കോര്‍ ചെയ്തത് സഫ്‌വാനും അന്‍ഷദും തന്നെ. പ്രത്യേകിച്ചും അന്‍ഷദിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. മദ്യപിക്കുന്ന രംഗത്തില്‍ ബിനു പപ്പുവുമൊത്തുള്ള കോമ്പിനേഷന്‍ സീനുകളും പേര് പറയുന്നതുമെല്ലാം രസകരമായിരുന്നു.

സഫ്‌വാന്റെ കഥാപാത്രം കുറച്ചുകൂടി സീരിയസും യുക്തിപരമായി ചിന്തിക്കുന്നതുമായപ്പോള്‍ പഴയ കോമഡി ചിത്രങ്ങളിലെ ജഗദീഷിന്റെ 2കെ പതിപ്പായാണ് അന്‍ഷദിന്റെ റെജിമോനെ തോന്നിയത്. നായകന്റെ കൂട്ടുകാരനെ മണ്ടനും വിവരമില്ലാത്തവനുമാക്കുന്ന പഴകിത്തേഞ്ഞ ഏര്‍പ്പാടിലേക്ക് സംവിധായകന്‍ വീണ്ടും പിന്തിരിഞ്ഞ് നടന്നോ എന്നും അന്‍ഷദിന്റെ കഥാപാത്രം ചിന്തിപ്പിച്ചു. എന്തായാലും സിനിമയിലേക്കുള്ള അരങ്ങേറ്റം എന്ന നിലയ്ക്ക് സാഫ്‌വാന്റേയും അന്‍ഷദിന്റേയും പെര്‍ഫോമന്‍സ് ഗംഭീരമായിട്ടുണ്ട്.

C+ontent Highlight: performance of saf boy in 18 plus movie

We use cookies to give you the best possible experience. Learn more