നന്‍ പകല്‍ നേരത്ത് മയക്കം തുടങ്ങി അല്‍പ സമയം കഴിയുമ്പോള്‍ ചാണക വറളി ഉണ്ടാക്കുന്ന സ്ത്രീയോട് ഒരാള്‍ ഈ വഴി പോയോ എന്ന് ഒരു സംഘം അന്വേഷിക്കുന്നുണ്ട്. ഇതുവഴി പലരും പോയിട്ടുണ്ട്, ചിലര്‍ മരിച്ചുംപോയി, നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നതെന്നാണ് സ്ത്രീ അവരോട് തിരികെ ചോദിക്കുന്നത്. ജീവനുള്ള ജെയിംസിനെയാണോ ജെയിംസിനുള്ളില്‍ കയറിക്കൂടിയ മരിച്ചുപോയ(?) സുന്ദരത്തെയാണോ അവര്‍ തിരികെ കൊണ്ടുപോകാന്‍ നോക്കുന്നത്. ഈ ചോദ്യത്തിലൂടെ തന്നെയാണ് സിനിമ പിന്നീട് അങ്ങോട്ട് സഞ്ചരിക്കുന്നത്.
ഭാഷയിലും വേഷത്തിലും പെരുമാറ്റത്തിലും സ്വഭാവത്തിലുമെല്ലാം വ്യത്യസ്തരായ ജെയിംസും സുന്ദരവും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റാണ് നന്‍ പകല്‍ നേരത്ത് മയക്കം. ജെയിംസ് ഒരു മുരടനാണ്. കൂട്ടത്തിലുള്ള ആളുകളുടെ ഇഷ്ടത്തിന് വില കല്പിക്കാത്ത, അവരെല്ലാം ആസ്വദിക്കുന്ന പാട്ടും മേളവും ശല്യമെന്ന് പറഞ്ഞ് നിര്‍ത്തിക്കുന്ന ഒരു ‘അമ്മാവനാണ്’ ജെയിംസ്. തമിഴ് ഭക്ഷണം പിടിക്കാത്ത, അവിടുത്തെ സ്ഥലങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരു ശരാശരി മലയാളി മധ്യവയസ്‌കന്‍. തമിഴ് ഹോട്ടലില്‍ നിന്നും അനിഷ്ടത്തോടെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുടിക്കുന്ന ചായയില്‍ പഞ്ചാര അധികമായെന്ന് പറഞ്ഞ് അയാള്‍ പരാതിപ്പെടുന്നുണ്ട്. ഏതൊരു മലയാളിയും ജീവിതത്തില്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ജെയിംസിനെ കണ്ടുമുട്ടിയിരിക്കാം.
നേരെ തിരിച്ചാണ് സുന്ദരത്തിന്റെ കഥാപാത്ര നിര്‍മിതി. നാട്ടുകാരോടെല്ലം തുറന്ന മനസോടെ ഇടപെടുന്ന, പാട്ട് പാടുന്നതും സിനിമാ കാണുന്നതും നന്നായി ആസ്വദിക്കുന്ന, സിനിമയുടെ ഡയലോഗ് കേള്‍ക്കുമ്പോള്‍ കറക്ടായി ഒപ്പം പറഞ്ഞ് അഭിനയിക്കുന്നയാളാണ് സുന്ദരം. ചായക്ക് നല്ല മധുരം നിര്‍ബന്ധമാണ് സുന്ദരത്തിന്.
നടപ്പിലും ഇരിപ്പിലും നോട്ടത്തിലും വരെ വൈവിധ്യമുള്ള രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ഒരു സിനിമയില്‍ അവതരിപ്പിച്ചത്. സ്ലോ പേസില്‍ പോകുന്ന സിനിമയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രധാന ഘടകം മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ്.
മമ്മൂട്ടി കരയുമ്പോള്‍ നമ്മളും കൂടെക്കരയും എന്ന ലിജോയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ചിത്രത്തിലെ ചില രംഗങ്ങള്‍. ജെയിംസിനെ വിട്ട് സുന്ദരത്തിന് പോകാന്‍ സമയമായെന്ന് പറയാതെ തന്നെ ഒരു ഘട്ടത്തില്‍ പ്രേക്ഷകര്‍ക്ക് മനസിലാവും. തുടര്‍ന്നുണ്ടാകുന്ന മയക്കത്തില്‍ നിന്നും ജെയിംസ് ഉണരാതിരുന്നെങ്കില്‍ എന്ന് അറിയാതെ പ്രേക്ഷകരും ആഗ്രഹിക്കും. പ്രേക്ഷകരിലേക്ക് സുന്ദരം അത്രത്തോളം ആഴ്ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം മമ്മൂട്ടി തന്നെയാണ്.
ജനിച്ച വളര്‍ന്ന നാട് തന്റേതാണെന്ന് വാദിക്കേണ്ടി വരുന്ന, സ്വന്തക്കാരില്‍ നിന്ന് പോലും അവഗണന നേരിടേണ്ടി വരുന്ന സുന്ദരത്തെ മമ്മൂട്ടി പകര്‍ന്നാടുമ്പോള്‍ പ്രേക്ഷകരുടെ ഉള്ളം നീറും.
പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ സേഫ് സോണ്‍ സിനിമകളില്‍ അഭിനയിച്ച് സേഫാകാനല്ല, മറിച്ച് ഒരു തുടക്കക്കാരനെ പോലെ പുതിയ കഥാപാത്രങ്ങളും പരീക്ഷണങ്ങളും നടത്തി തന്നെത്തന്നെ വെല്ലുവിളിക്കുന്ന മമ്മൂട്ടിയെ ആണ് നന്‍ പകലിലും കാണുന്നത്.
Content Highlight: performance of mammootty as jaims and sundaram in nanpakal nerathu mayakkam