ട്രംപറ്റിന്റെ സംഗീതത്തിനൊപ്പം ജനിച്ച ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടാതിരിക്കാനായി ജാക്‌സണ്‍ വേലയ്യ തുടങ്ങിവെച്ച സമരത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ജാക്‌സണ്‍ ബസാര്‍ യൂത്തിന്റേത്. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജാഫര്‍ ഇടുക്കിയാണ് ജാക്‌സണ്‍ വേലയ്യയായി എത്തിയത്.
വളരെ കുറച്ച് സമയം മാത്രമാണ് ഉള്ളതെങ്കിലും ചിത്രത്തിന്റെ ആത്മാവായത് ജാഫര്‍ ഇടുക്കിയുടെ ജാക്‌സണ്‍ വേലയ്യ തന്നെയാണ്. എക്‌സ് മിലിട്ടറിക്കാരനായ വേലയ്യക്ക് പട്ടാള ക്യാമ്പില്‍ നിന്നുമാണ് ജാക്‌സണ്‍ എന്ന പേര് ലഭിച്ചത്. അത് ട്രംപറ്റ് വായിക്കുന്നതിനിടിയില്‍ മൈക്കിള്‍ ജാക്‌സന്റെ മൂണ്‍ വാക്ക് കൂടി കളിക്കുന്നത് കൊണ്ട് കിട്ടിയതാണ്.
പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം ജാക്‌സണ്‍ വേലയ്യ തന്റെ ജീവിതം ചെലവഴിക്കുന്നത് കുടിയിറക്കത്തിനെതിരായ സമരത്തിനായും തന്റെ കോളനിയിലെ ബാന്‍ഡ് സംഘത്തെ വളര്‍ത്തുന്നതിനുമാണ്. ആ പോരാട്ടം അയാളുടെ ജീവിതത്തേയും സമരത്തിന്റെ ഗതിയേയും മാറ്റിമറിക്കുന്നതാണ് പിന്നീട് ചിത്രത്തില്‍ സംഭവിക്കുന്നത്.
ഫസ്റ്റ് ഹാഫ് മുഴുവന്‍ ജാഫര്‍ ഇടുക്കിയുടെ ഒരു വണ്‍മാന്‍ ഷോ തന്നെയാണ്. ചിരിക്കേണ്ടയിടത്ത് അയാള്‍ മനസ് തുറന്ന് ചിരിച്ചു, ആഘോഷമാക്കേണ്ടിടത്ത് ആര്‍മാദിച്ചു, ഇമോഷണല്‍ രംഗങ്ങളില്‍ തൊണ്ടയിടറി, കണ്ണ് നിറച്ചു.
ബാന്‍ഡ് സംഘത്തിനൊപ്പം ട്രംപറ്റ് വായിക്കുമ്പോള്‍ ഒരു ഉന്മാദിയെയാണ് പ്രേക്ഷകര്‍ക്ക് കാണാനാവുന്നത്. തന്റെ ജീവിതത്തിന്റെ ഏത് ഇമോഷനൊപ്പവും ജാക്‌സണ്‍ വേലയ്യ ട്രംപറ്റിന്റെ സംഗീതത്തേയും ലയിപ്പിച്ചു. പൊലീസുകാര്‍ അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന രാത്രിയില്‍ വേലയ്യ ട്രംപറ്റ് വായിക്കുന്ന ഒരു രംഗമുണ്ട്. ചുറ്റുമുള്ള പരിഹാസങ്ങളും ഭീഷണികളും അവഗണിച്ച് ട്രംപറ്റിന്റെ ഈണത്തില്‍ സ്വയം മറന്ന് വായിക്കുന്ന വേലയ്യയുടെ രംഗം മനസില്‍ തറക്കുന്നതായിരുന്നു.
തിരക്കഥയും സിനിമയും ചില സ്ഥലങ്ങളില്‍ വീക്കാവുമ്പോഴും തന്റെ പ്രകടനത്തിലൂടെ കഥാപരിസരത്തെ ഉയര്‍ത്താന്‍ ജാഫര്‍ ഇടുക്കിക്ക് ആവുന്നുണ്ട്. ജാഫറിന്റെ കരിയറില്‍ എണ്ണപ്പെടാവുന്ന പ്രകടനമാണ് അദ്ദേഹം ജാക്‌സണ്‍ ബസാറില്‍ നല്‍കിയത്.
Content Highlight: performance of jaffar idukki in jackson bazaar youth