ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജാഫര്‍ ഇടുക്കി, ലുക്മാന്‍ അവറാന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ലോക്കപ്പ് മര്‍ദനങ്ങളുടേയും കുടിയൊഴിപ്പിക്കലുകളുടേയും ക്രൂരത തുറന്നുകാട്ടുന്ന ചിത്രമാണ്.
അധികമാരും കൈവെക്കാത്ത വിഷയമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉസ്മാന്‍ മാരാത്ത് തെരഞ്ഞെടുത്തത്. പൊതുസമൂഹത്തിന്റേയും ഭരണ സംവിധാനങ്ങളുടേയും വിവേചനവും ക്രൂരതയും വിമര്‍ശന വിധേയമായും അതിനോടുള്ള പ്രതിഷേധ സൂചകമെന്നോണം അടിക്ക് തിരിച്ചടി എന്ന നിലയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
കൈ പൊള്ളുന്ന വിഷയം എന്നതുകൊണ്ട് മാത്രമല്ല, മികച്ച പ്രകടനങ്ങള്‍ കൊണ്ടും കൂടിയാണ് ജാക്‌സണ്‍ ബസാര്‍ മുന്നിട്ട് നില്‍ക്കുന്നത്. അതില്‍ എടുത്ത് പറയേണ്ടത് ജാഫര്‍ ഇടുക്കിയുടേതും ഇന്ദ്രന്‍സിന്റേതുമാണ്.
ഒരു കാലത്ത് കോമഡി റോളുകളില്‍ തളക്കപ്പെട്ടിരുന്ന നടനായിരുന്നു ഇന്ദ്രന്‍സ്. അദ്ദേഹത്തിലെ കാലിബറിനെയും വൈവിധ്യപൂര്‍ണമായ പ്രകടനങ്ങളേയും കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഹോമിലെ നിഷ്കളങ്കനായ വീട്ടച്ഛനായും ഉടലില്‍ ഭാര്യയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്ന നായകനായും ഇന്ദ്രന്‍സ് തിളങ്ങി. ഇനി ജാക്‌സണ്‍ ബസാറിലേക്ക് വരികയാണെങ്കില്‍ ഇയാള്‍ ഹീറോയാണോ വില്ലനാണോ എന്ന സംശയമാണ് ആദ്യം പ്രേക്ഷകര്‍ക്കുണ്ടാവുക.
കഥ മുന്നോട്ട് പോകുന്നതിനിടയില്‍ ഇടിച്ച് കയറിയാണ് സി.ഐ. ശശിധരന്‍ വരുന്നത്. ഇയാള്‍ എന്തിനു വന്നു എവിടെ നിന്നു വന്നു എന്നൊരു എത്തും പിടിയും കിട്ടില്ല. മിസ്റ്റീരിയസായാണ് ഈ കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. ചിത്രത്തിലുടനീളം ഒരു മാസ് അപ്പീലാണ് ഇന്ദ്രന്‍സ് കഥാപാത്രത്തിനുള്ളത്. ഇതിനോടകം തന്നെ തനിക്ക് ഏത് കഥാപാത്രവും വഴങ്ങും എന്ന് തെളിയിച്ച ഇന്ദ്രന്‍സ് ശശിധരനേയും ആ കഥാപാത്രം ആവശ്യപ്പെടുന്ന നിലയില്‍ ഗംഭീരമാക്കിയിട്ടുണ്ട്.
പ്രെഡിക്ടബിലിറ്റിയാണ് ഈ കഥാപാത്രത്തിന്റെ ഒരു ന്യൂനതയായി തോന്നിയത്. ഈ കഥാപാത്രം എന്താണ് എങ്ങനെയാണ് അയാളുടെ ഉദ്ദേശം എന്താവുമെന്നൊക്കെ ചിലര്‍ക്കെങ്കിലും ഊഹിക്കാന്‍ പറ്റും. ആ ന്യൂനത നിലനില്‍ക്കുമ്പോള്‍ തന്നെ പ്രകടനത്തിലൂടെ തന്റെ കഥാപാത്രത്തെ എന്‍ഗേജിങ്ങാക്കുന്നതില്‍ ഇന്ദ്രന്‍സ് വിജയിച്ചിട്ടുണ്ട്.
Content Highlight: performance of indrans in jackson bazaar youth