Film News
ഏറ്റവും ഹൃദയ സ്പര്‍ശിയായ കഥാപാത്രം; ഇന്ദ്രജിത്തിലെ പെര്‍ഫോമറെ പുറത്തെടുത്ത ഒറ്റ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 01, 12:42 pm
Wednesday, 1st November 2023, 6:12 pm

മലയാളത്തിലെ ഏറ്റവും അണ്ടര്‍റേറ്റഡായ നടനാണ് ഇന്ദ്രജിത്ത്. നായകന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൂസിഫര്‍, സിറ്റി ഓഫ് ഗോഡ് എന്നിങ്ങനെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ ഉയര്‍ത്തി കാണിക്കാവുന്ന നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ ഉള്ളത്.

ഇന്ദ്രജിത്തിലെ നടനെ ഒന്നുകൂടി പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റിയ സിനിമയാണ് ഒറ്റ. രാജുവണ്ണന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം ചിത്രത്തില്‍ പുറത്തെടുത്തിരിക്കുന്നത്. ടോക്‌സിക് പേരന്റിങ് സഹിക്കാനാവാതെ വീട് വിട്ടിറങ്ങി വന്ന ബെന്നിനും ഹരിക്കും മുംബൈയില്‍ തണലാവുന്നത് രാജുവണ്ണനാണ്. അയാളുടെ പരുക്കന്‍ മുഖത്തിന് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്. തന്റെ ജീവിതം ദുരന്തത്തിലേക്ക് തള്ളിയിട്ടത് സ്വന്തം അച്ഛന്‍ തന്നെയാണ്.

രാജുവിന് സ്വന്തമെന്ന് പറയാന്‍ ഭൂമുഖത്ത് ആരുമില്ല. ആ വേദനക്കിടയില്‍ ചെറിയ സന്തോഷമായാണ് ഹരി വന്നത്. എന്നാല്‍ അവിടെയും വിധി അയാളെ തോല്‍പ്പിക്കുകയാണ്. ഹരി പോകുന്ന ലോറിയുടെ പിന്നില്‍ ദുഖത്തോടെ നില്‍ക്കുന്ന രാജുവണ്ണന്‍ ഒരു നൊമ്പരമാണ്. ഇന്ദ്രജിത്തിനെ പോലെ തന്നെ എടുത്തു പറയേണ്ട പ്രകടനമാണ് സുധീര്‍ കരമനയുടേത്. ഇന്ദ്രജിത്ത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായാണ് താരം ചിത്രത്തില്‍ എത്തിയത്.

ഒരു കാലത്ത് ചെയ്ത ക്രൂരതയുടെ ഫലമായി അയാള്‍ ഇന്ന് ജയിലിലാണ്. മകന് അയാളെ കാണുന്നത് പോലും ഇഷ്ടമല്ല. തെറ്റുകള്‍ തിരിച്ചറിഞ്ഞെങ്കിലും അതുകൊണ്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടാവുന്നില്ല. മകന്റെ തിരസ്‌കരണത്തിന് മുന്നില്‍ നിസഹായ ഭാവത്തോടെ നില്‍ക്കുകയല്ലാതെ ഒരു ഡയലോഗ് പോലും ചിത്രത്തില്‍ സുധീര്‍ കരമനക്കില്ല. എന്നാല്‍ ആ നിസഹായ ഭാവത്തില്‍ തന്നെ ചിത്രത്തില്‍ തന്റെ സാന്നിധ്യം സുധീര്‍ അടയാളപ്പെടുത്തി. നമ്മുടെ ചുറ്റിലുമുള്ള, ചുറ്റുമുണ്ടാവാന്‍ ഇടയുള്ള ഒരുപാട് കയ്പേറിയ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൊന്നിനെയാണ് ഒറ്റ ഈ രംഗത്തിലൂടെ കാണിച്ചത്.

അങ്ങനെയുള്ള ഒരുപാട് മുഖങ്ങള്‍ ഒറ്റയില്‍ കാണാം. ജീവിതത്തില്‍ സ്വന്തമാക്കി എന്ന് വിചാരിക്കുന്ന എല്ലാം നഷ്ടമാവുന്ന രാജുവണ്ണനായാലും വീട്ടില്‍ പോകാനാവാതെ മുതലാളിയുടെ പീഡനങ്ങള്‍ അനുഭവിക്കുന്ന ബാലനിലായാലും ബേക്കറിയിലെ ജോലിക്കാരിയായ പെണ്‍കുട്ടിയിലായാലും കയ്പേറിയ ദുരനുഭവങ്ങളുടെ മുറിവുകള്‍ കാണാം. അത്തരം ഒരുപിടി ജീവിതങ്ങളിലൂടെയാണ് ഒറ്റ കടന്നുപോകുന്നത്.

Content Highlight: performance of indrajith in otta movie