| Wednesday, 1st February 2023, 10:03 pm

ഹര്‍ദിക് പാണ്ഡ്യ - 2, സൂര്യകുമാര്‍ യാദവ് - 2; ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും എജ്ജാദി കോംബോ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടി-20യില്‍ ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും അധീശത്വം സ്ഥാപിച്ച് ഇന്ത്യ. ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലെ ബൗളിങ് നിരയാണ് സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ കിവികളെ എറിഞ്ഞൊതുക്കുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെയും രാഹുല്‍ ത്രിപാഠി, ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സിന്റെയും ബലത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടിയിരുന്നു.

ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ 63 പന്തില്‍ നിന്നും പുറത്താവാതെ 126 റണ്‍സ് നേടിയപ്പോള്‍ ത്രിപാഠി 22 പന്തില്‍ നിന്നും 44 റണ്‍സും ഹര്‍ദിക് 17 പന്തില്‍ നിന്നും 30 റണ്‍സും നേടി പുറത്തായി.

ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും തന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയാണ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. നിലവില്‍ രണ്ട് ഓവര്‍ പന്തെറിഞ്ഞ് 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഹര്‍ദിക് വീഴ്ത്തിയത്.

ഹര്‍ദിക് നേടിയ രണ്ട് വിക്കറ്റിന് പിന്നിലും വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ കരങ്ങളുണ്ടായിരുന്നു. ഓപ്പണര്‍ ഫിന്‍ അലനെയും സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ ഫിലിപ്‌സിനെയും ഹര്‍ദിക് പുറത്താക്കിയത് സ്‌കൈയുടെ ക്യാച്ചിലൂടെയാണ്.

ഈ രണ്ട് ക്യാച്ചുകളും സമാനമായ രീതിയിലുള്ളത് തന്നെയായിരുന്നു. ഹര്‍ദിക്കിന്റെ പന്ത് ഫ്‌ളിക് ചെയ്യാന്‍ ശ്രമിച്ച ബാറ്റര്‍മാര്‍ രണ്ട് പേരെയും സ്ലിപ്പില്‍ ക്യാച്ചെടുത്താണ് സൂര്യകുമാര്‍ പുറത്താക്കിയത്. മൂന്നാം ടി-20യില്‍ ക്യാപ്റ്റന്‍-വൈസ് ക്യാപ്റ്റന്‍ കോംബോ അക്ഷരാര്‍ത്ഥത്തില്‍ ആറാടുകയാണ്.

ഒമ്പത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ന്യൂസിലാന്‍ഡിന് ആറ് വിക്കറ്റുകള്‍ നഷ്ടമായിരിക്കുകയാണ്. നിലവില്‍ 8.3 ഓവറില്‍ 53ന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ബ്ലാക് ക്യാപ്‌സ്.

ഹര്‍ദിക്കിന് പുറമെ കഴിഞ്ഞ മത്സരങ്ങളില്‍ പരാജയമായ അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങിയാണ് അര്‍ഷ്ദീപ് വിക്കറ്റുകള്‍ കൊയ്തത്.

ഒരു റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയെയും റണ്ണെടുക്കുന്നതിന് മുമ്പ് മാര്‍ക് ചാപ്മാനെയുമാണ് അര്‍ഷ്ദീപ് മടക്കിയത്. ശിവം മാവിയും ഉമ്രാന്‍ മാലിക്കുമാണ് നിലവിലെ മറ്റ് വിക്കറ്റ് വേട്ടക്കാര്‍.

ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാന്‍ സാധിക്കുമെന്നിരിക്കെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണര്‍ ഇഷാന്‍ കിഷനെ തുടക്കത്തിലേ നഷ്ടമായ ഇന്ത്യയെ രാഹുല്‍ ത്രിപാഠിയും ശുഭ്മന്‍ ഗില്ലും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ത്രിപാഠി പുറത്തായതിന് പിന്നാലെ സൂര്യകുമാറിനെയും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെയും കൂട്ടുപിടിച്ച് ഗില്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.

ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ 2023ലെ നാലാമത് പരമ്പര വിജയമാകും ഇത്.

Content highlight: Performance of Hardik Pandya and Suryakumar Yadav in India vs New Zealand 3rd T20

We use cookies to give you the best possible experience. Learn more