അച്ഛന്‍ മരിക്കാന്‍ കാത്തിരിക്കുന്ന കുടുംബം. തികച്ചും പുതുമയാര്‍ന്ന ഒരു തീമുമായാണ് അപ്പന്‍ റിലീസ് ചെയ്തത്. ശക്തമായ തിരക്കഥക്കും സംവിധാനത്തിനുമൊപ്പം മികച്ച പെര്‍ഫോമന്‍സുകള്‍ കൂടി സമ്മാനിക്കുന്ന സിനിമയാണ് അപ്പന്‍.
ചിത്രത്തിലെ ഏറ്റവും മികച്ച ഘടകങ്ങളിലൊന്നാണ് കാസ്റ്റിങ്. വളരെ കുറച്ച് കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്. കേന്ദ്രകഥാപാത്രമായ ഞൂഞ്ഞിന്റെ വീട്ടിലും പരിസരങ്ങളിലുമായാണ് കഥ നടക്കുന്നത്. അതുകൊണ്ട് തന്നെ ആ വീട്ടിലുള്ളവരും വീടിനോട് അടുത്ത് നിക്കുന്നവരുമാണ് സിനിമയില്‍ വരുന്നത്.
സണ്ണി വെയ്ന്‍, അലന്‍സിയര്‍, അനന്യ, ഗ്രേസ് ആന്റണി, പൗളി വല്‍സണ്‍, വിജിലേഷ് എന്നിവരാണ് പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖങ്ങള്‍. മറ്റ് കഥാപാത്രങ്ങള്‍ അധികം കണ്ട് പരിചയമില്ലാത്തവരാണ്. എന്നാല്‍ സീനിയറായവരും പുതുമുഖങ്ങളുമെല്ലാം പ്രകടനത്തില്‍ നിറഞ്ഞാടുന്ന ചിത്രമാണ് അപ്പന്‍.
അലന്‍സിയര്‍ ഇട്ടിച്ചനാവുമ്പോള്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ ടൂള്‍ ശബ്ദമാണ്. അരക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന് കിടക്കുകയാണ് ഇട്ടിച്ചന്‍. വളരെ ലൗഡായ അഗ്രസീവായ കഥാപാത്രമാണ് ഇട്ടിച്ചന്‍. കിടപ്പിലായിട്ടും ആ അഗ്രസീവ്‌നെസിന് കുറവില്ല. അലന്‍സിയര്‍ ഇട്ടിച്ചന് വേണ്ടി രൂപപ്പെടുത്തിയെടുത്ത സൗണ്ട് മോഡുലേഷന്‍ ഗംഭീരമായി തോന്നി.
ഇട്ടിച്ചന്റെ ഭാര്യയാണ് കുട്ടിയമ്മ. ഒരു ആയുഷ്‌കാലം മുഴുവന്‍ ഭര്‍ത്താവിനെ സഹിച്ചാണ് അവര്‍ കഴിയുന്നത്. ഇത്രയൊക്കെ ദുരിതം സഹിച്ച് ജീവിക്കുന്നതിന് പകരം ഇറങ്ങിപ്പൊയ്കൂടിയാരുന്നോ എന്ന് മകള്‍ ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന നിസഹായത ഒരു പക്ഷേ നമ്മുടെയൊക്കെ ജീവിതത്തിലും നേരില്‍ കണ്ടിട്ടുണ്ടായിരിക്കും. ഭര്‍ത്താവ് കിടപ്പിലായിട്ടും അവര്‍ക്ക് സ്വസ്ഥതയുണ്ടാകുന്നില്ല. സാധാരണ തമാശ കഥാപാത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള പൗളി വല്‍സണ് തന്റെ അഭിനയ സാധ്യത പുറത്തെടുക്കാന്‍ കൂടി കയ്യില്‍ കിട്ടിയ കഥാപാത്രമാണ് കുട്ടിയമ്മ.
സണ്ണി വെയ്‌നാണ് ഞെട്ടിച്ചത്. അഭിനയത്തിന്റെ കാര്യത്തില്‍ വളരെയധികം വിമര്‍ശനം കേട്ട നടനാണ് സണ്ണി വെയ്ന്‍. കൂടുതലായും അര്‍ബന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള സണ്ണി വെയ്ന്‍ നാട്ടിന്‍പുറത്തുകാരനായ ഞൂഞ്ഞായി വളരെ പെട്ടെന്ന് തന്നെ മാറുകയായിരുന്നു. അനന്യയും ഗ്രേസ് ആന്റണിയും തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കി. മകനായ ആബേലിനെ അവതരിപ്പിച്ച ബാലതാരവും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.
ചിത്രത്തിലെ നിര്‍ണായകമായ കഥാപാത്രങ്ങളാണ് ഷീലയും വര്‍ഗീസും ജോണ്‍സണും. ഇട്ടിച്ചായന്റെ അനേകം വിവാഹേതര ബന്ധങ്ങളില്‍ ഒന്നാണ് ഷീല. ഇട്ടിച്ചന്റെ മകളാവാനുള്ള പ്രായമേ ഷീലക്കുള്ളൂ. വയനാട്ടില്‍ നിന്നും ഇട്ടിച്ചന്‍ കൊണ്ടുവന്ന് വീടിനടുത്ത് തന്നെ പാര്‍പ്പിച്ചിരിക്കുകയാണ് ഷീലയെ. കിടപ്പിലായിട്ടും അവളോടുള്ള അയാളുടെ ആശ മാറിയിട്ടില്ല. ഷീലയുടെ പല ലെയറുകള്‍ ചിത്രത്തില്‍ കാണാം. തുടക്കത്തില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ചില മാനങ്ങള്‍ കൂടി ഷീലയില്‍ കാണാനാവും.
മറ്റൊരാള്‍ ജോണ്‍സണാണ്. സിനിമയുടെ പല ഭാഗത്തായി ജോണ്‍സണ്‍ കടന്നുവരുന്നുണ്ട്. തീര്‍ത്താല്‍ തീരാത്ത അമര്‍ഷമാണ് ജോണ്‍സണ് ഇട്ടിയോട്. ജോണ്‍സണ് എന്തുകൊണ്ടാണ് ഇട്ടിയോട് ഇത്രയും പകയെന്ന് വ്യക്തമായി പറയുന്നില്ല. സണ്ണി വെയ്ന്‍ അവതരിപ്പിച്ച മകനായ ഞൂഞ്ഞിന്റെ ഒരു ചോദ്യത്തിലൂടെയാണ് ഇതിന്റെ കാരണം കാണുന്ന പ്രേക്ഷകര്‍ക്കും പിടികിട്ടുന്നത്. സ്പൂണ്‍ ഫീഡ് ചെയ്യാതെ അത് പ്രേക്ഷകര്‍ക്ക് തന്നെ ചിന്തിക്കാന്‍ വിട്ടുകൊടുത്തത് നന്നായി തോന്നി.
ഇട്ടിയുടെ സന്തതസഹചാരിയായ വര്‍ഗീസിന്റെ മുഖവും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. ഇട്ടിയുടെ സര്‍വകൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്നത് വര്‍ഗീസാണ്. വര്‍ഗീസിന്റെ വിസിലടി ചിത്രം കഴിഞ്ഞാലും പ്രേക്ഷകരുടെ ചെവിയില്‍ നില്‍ക്കും.
രാധിക രാധാകൃഷ്ണന്‍, ഷംസുദ്ദീന്‍ മറത്തൊടി, അനില്‍ കെ. ശിവറാം എന്നിവരാണ് ഷീല, ജോണ്‍സണ്‍, വര്‍ഗീസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം കണ്ടുകഴിഞ്ഞാലും ഇവരുടെ മുഖം മറക്കാനാവില്ല.
ബാലന്‍ മാഷ് വളരെ കുറച്ച് സമയം മാത്രമാണ് ചിത്രത്തിലെത്തുന്നതെങ്കിലും എന്തൊരു ഇമ്പാക്ടാണ് ആ കഥാപാത്രത്തിന്. കാഴ്ചയില്‍ ദുര്‍ബലനായ വൃദ്ധനാണ് അദ്ദേഹം. എന്നാല്‍ ആറ്റിറ്റിയൂഡ് കൊണ്ടും ഡയലോഗ് ഡെലിവറിയിലെ സൗണ്ട് മോഡുലേഷന്‍ കൊണ്ടും ആ കഥാപാത്രം വളരെ ശക്തനായാണ് അനുഭവപ്പെടുന്നത്. വരാനിരിക്കുന്ന ആപത്തിനെ പറ്റിയുള്ള മാഷിന്റെ മുന്നറിയിപ്പ് ഭീതിജനകമായ ഒരു അന്തരീക്ഷം തന്നെ സൃഷ്ടിക്കുന്നുണ്ട്. ഈ രംഗത്തിലെ അലന്‍സിയറിന്റെ റിയാക്ഷനും ആ രംഗത്തിന്റെ തീവ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.
മൊത്തതില്‍ മികച്ച പെര്‍ഫോമന്‍സുകള്‍ കൊണ്ട് കൂടി പ്രേക്ഷകരെ എന്‍ഗേജിങ്ങാക്കി നിര്‍ത്താന്‍ അപ്പനാവുന്നുണ്ട്.
Content Highlight: performance of each character in appan movie