ക്രിക്കറ്റ് ടീമുകള്‍ ഒളിമ്പിക്‌സില്‍: 18 സ്വര്‍ണവുമായി ഒന്നാമത് ഓസ്‌ട്രേലിയ, ഇന്ത്യ എട്ടാമത്, പാകിസ്ഥാന്‍ എത്രാം സ്ഥാനത്ത്?
Sports News
ക്രിക്കറ്റ് ടീമുകള്‍ ഒളിമ്പിക്‌സില്‍: 18 സ്വര്‍ണവുമായി ഒന്നാമത് ഓസ്‌ട്രേലിയ, ഇന്ത്യ എട്ടാമത്, പാകിസ്ഥാന്‍ എത്രാം സ്ഥാനത്ത്?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th August 2024, 5:50 pm

ഐതിഹാസിക നേട്ടങ്ങളും ലോക റെക്കോഡുകളും ഒളിമ്പിക് റെക്കോഡുകളും വിവാദങ്ങളുമായാണ് 2024 പാരീസ് ഒളിമ്പിക്‌സ് അവസാനിച്ചത്. മെഡല്‍ പട്ടികയില്‍ ഫോട്ടോഫിനിഷില്‍ അമേരിക്ക വീണ്ടും ഒന്നാമതെത്തിയപ്പോള്‍ ആകെ നേടിയ മെഡലുകളുടെ എണ്ണത്തിലെ കുറവ് കാരണം ചൈന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലവുമായി 126 മെഡലുകളോടെയാണ് അമേരിക്ക പാരീസും കീഴടക്കിയത്. 40 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലുമടക്കം 91 മെഡലുകളാണ് ചൈനക്കുണ്ടായിരുന്നത്.

ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകളുമായി 71ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഒളിമ്പിക്‌സ് ചരിത്രത്തിലെ മെഡല്‍ ടാലിയില്‍ ഇന്ത്യയുടെ ഏറ്റവും മോശം സ്ഥാനമാണിത്. ടോക്കിയോയില്‍ 48ാം സ്ഥാനത്തായിരുന്നു ഇന്ത്യ. റിയോയിലാകട്ടെ 67ാം സ്ഥാനത്തും.

2024 ഒളിമ്പിക്‌സില്‍ ടെസ്റ്റ് പ്ലെയിങ് നേഷനുകളുടെ മാത്രം പ്രകടനം കണക്കിലെടുക്കുമ്പോഴും പറയത്തക്ക നേട്ടമുണ്ടക്കാന്‍ ഇന്ത്യക്കായിട്ടില്ല. 12 രാജ്യങ്ങളുടെ ഈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.

ഓസ്‌ട്രേലിയ തന്നെയാണ് ഈ പട്ടികയിലെയും ഒന്നാം സ്ഥാനക്കാര്‍. ഒളിമ്പിക്‌സ് സ്റ്റാന്‍ഡിങ്‌സില്‍ അമേരിക്കക്കും ചൈനക്കും ജപ്പാനും ശേഷം നാലാമതാണ് ഓസ്‌ട്രേലിയ സ്ഥാനം പിടിച്ചിരിക്കുന്നത്. 18 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലുമായി 53 മെഡലുകളാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടും സ്‌കോട്‌ലാന്‍ഡും വെയ്ല്‍സും അടങ്ങുന്ന ഗ്രേറ്റ് ബ്രിട്ടനാണ് ടെസ്റ്റ് പ്ലെയിങ് നേഷനുകളുടെ പട്ടികയില്‍ രണ്ടാമത്. 14 സ്വര്‍ണവും 22 വെള്ളിയും 29 വെങ്കലുമാണ് ബ്രിട്ടണിന്റെ പേരിന് നേരെ കുറിക്കപ്പെട്ടത്.

പത്ത് സ്വര്‍ണമടക്കം 20 മെഡലുമായി ന്യൂസിലാന്‍ഡ് മൂന്നാമതും ആറ് സ്വര്‍ണമടക്കം 23 മെഡലുമായി വെസ്റ്റ് ഇന്‍ഡീസ് നാലാമതുമാണ്.

അര്‍ഷാദ് നദീം നേടിയ ഒറ്റ സ്വര്‍ണ മെഡലിന്റെ കരുത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പിന്തള്ളി ഈ പട്ടികയിലും ഒന്നാമതെത്തി. ഇന്ത്യക്ക് ആറ് മെഡലും പാകിസ്ഥാന് ഒറ്റ മെഡലും മാത്രമാണ് നേടാന്‍ സാധിച്ചതെങ്കിലും നേടിയ മെഡല്‍ സ്വര്‍ണമായതാണ് പാകിസ്ഥാനെ പട്ടികയില്‍ തുണച്ചത്.

 

 

ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങള്‍ക്കൊന്നും ഒളിമ്പിക്‌സില്‍ ഒറ്റ മെഡല്‍ പോലും നേടാന്‍ സാധിച്ചിരുന്നില്ല.

പാരീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ്/ ടെസ്റ്റ് പ്ലെയിങ് നേഷനുകളുടെ പ്രകടനം

(രാജ്യം/ടീം – സ്വര്‍ണം – വെള്ളി – വെള്ളി – ആകെ മെഡല്‍ എന്നീ ക്രമത്തില്‍)

ഓസ്‌ട്രേലിയ – 18 – 19 – 16 – 53

ഗ്രേറ്റ് ബ്രിട്ടണ്‍ – 14 – 22 – 29 – 65

ന്യൂസിലാന്‍ഡ് – 10 – 7 – 3 – 20

വെസ്റ്റ് ഇന്‍ഡീസ് – 6 – 5 – 12 – 23

അയര്‍ലന്‍ഡ് – 4 – 0 – 3 – 7

സൗത്ത് ആഫ്രിക്ക – 1 – 3 – 2 – 6

പാകിസ്ഥാന്‍ – 1 – 0 – 0 – 1

ഇന്ത്യ – 0 – 1 – 5 – 6

അഫ്ഗാസിനിസ്ഥാന്‍ – 0 – 0 – 0 – 0

ബംഗ്ലാദേശ് – 0 – 0 – 0 – 0

ശ്രീലങ്ക – 0 – 0 – 0 – 0

സിംബാബ്‌വേ – 0 – 0 – 0 – 0

 

Content highlight: Performance of cricket playing nations in Paris Olympics 2024