| Saturday, 26th November 2022, 3:06 am

വമ്പന്മാരെ വിറപ്പിച്ച നിമിഷങ്ങള്‍; ആദ്യ വിജയം സെനഗലിന്; ഖത്തറിലെ ആഫ്രിക്കന്‍ ടീമുകളുടെ പ്രകടനം ഇതുവരെ

സ്പോര്‍ട്സ് ഡെസ്‌ക്

കാമറൂണ്‍, മൊറോക്കോ, സെനഗല്‍, ടുണീഷ്യ, ഘാന എന്നീ അഞ്ച് ടീമുകളാണ് അഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് ഖത്തറിലേക്ക് ലോകകപ്പ് കളിക്കാനായി വണ്ടി കയറിയത്. ഇതില്‍ ഒന്നാം റൗണ്ടിലെ ആദ്യം മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ആഫ്രിക്കന്‍ ടീമിനും വിജയിക്കാനായിരുന്നില്ല.

എന്നാല്‍ ഒരുപിടി വമ്പന്‍ ടീമുകളെ സമനിലയില്‍ കുരുക്കാനും, ചിലരെ വിറപ്പിക്കാനും ആഫ്രിക്കന്‍ കരുത്തര്‍ക്കായിരുന്നു. ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് ഒരു ഗോളിന് തോറ്റാണ് കാമറൂണ്‍ ആദ്യം മത്സരം തുടങ്ങിയത്. എന്നാല്‍ നിലവിലെ റണ്ണറപ്പുകളായ ലൂക്കാ മോഡ്രച്ചിന്റെ ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളക്കാന്‍ മൊറോക്കോക്ക് കഴിഞ്ഞു.

ഗ്രൂപ്പ് ഡിയില്‍ യൂറോപ്യന്‍ കരുത്തരായ ഡെന്മാര്‍ക്കിനെ ടുണീഷ്യ സമനിലയില്‍ കുരുക്കിയിരുന്നു. ഇരുടീമുകള്‍ക്കും മത്സരത്തില്‍ ഗോളടിക്കാനായിരുന്നില്ല.

പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് എച്ചില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനോട്, 3-2 എന്ന സ്‌കോറിന് പൊരുതാന്‍ കരുത്തരായ ഘാനക്കായി.

എന്നാല്‍, ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടേറ്റ പരാജയത്തിന് ശേഷം രണ്ടാം മത്സരത്തില്‍ ഖത്തറിനെ തകര്‍ക്കാന്‍ സെനഗലിനായി.

ഇതോടെ ഈ ലോകകപ്പില്‍ വിജയം നേടുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി സെനഗല്‍ മാറി. ഒരു വിജയവും ഒരു പരാജയവുമായി മൂന്നാം സ്ഥാനത്താണ് ഗ്രൂപ്പ് എയില്‍ സെനഗല്‍.

ഇക്വഡോറിനോടാണ് ഗ്രൂപ്പ് ഘട്ടത്തില്‍ സെനഗലിന്റെ അവസാന മത്സരം. നവംബര്‍ 29ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക. ഈ മത്സരത്തില്‍ വിജയിച്ചാല്‍ സെനഗലിന് പ്രീക്വാര്‍ട്ടറില്‍ കടക്കാം.

Content Highlight:  Performance of African teams in Qatar World cup so far

We use cookies to give you the best possible experience. Learn more