സ്‌കോര്‍ ചെയ്തത് നമ്പി, പൂങ്കുഴലി മങ്ങിയോ?; രണ്ടാമൂഴത്തില്‍ മണിരത്‌നത്തിന്റെ മലയാളികള്‍
Film News
സ്‌കോര്‍ ചെയ്തത് നമ്പി, പൂങ്കുഴലി മങ്ങിയോ?; രണ്ടാമൂഴത്തില്‍ മണിരത്‌നത്തിന്റെ മലയാളികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th April 2023, 9:58 pm

ബോളിവുഡിലേയും തെന്നിന്ത്യയിലേയും താരങ്ങളേയെല്ലാം ഒന്നിച്ച് അണിനിരത്തി മണിരത്‌നം ഒരുക്കിയ മാജിക്കാണ് പൊന്നിയിന്‍ സെല്‍വന്‍. കാലാകാലങ്ങളായി എം.ജി.ആര്‍ ഉള്‍പ്പെടെ പലരും സിനിമയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഉദ്യമമാണ് മണിരത്‌നം സാധ്യമാക്കിയത്. കല്‍ക്കിയുടെ പ്രശസ്തമായ പൊന്നിയിന്‍ സെല്‍വന്‍ നോവലാണ് മണിരത്‌നം അതേ പേരില്‍ സിനിമയാക്കിയത്.

ചിത്രത്തിലെ മലയാളി താരങ്ങളുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു. ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍, റഹ്‌മാന്‍, ബാബു ആന്റണി, റിയാസ് ഖാന്‍ എന്നിവരാണ് പി.എസ്. ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും സുപ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ഇതില്‍ ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ടത് ജയറാമിന്റെ പേര് തന്നെയാണ്. കാര്‍ത്തിയുടെ വന്തിയത്തേവന്‍ എന്ന കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് ആഴ്‌വാര്‍ക്കടിയന്‍ നമ്പി. കാര്‍ത്തിക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളില്‍ ജയറാം അക്ഷരാര്‍ത്ഥത്തില്‍ സ്‌ക്രീന്‍ സ്‌പേസ് മുഴുവന്‍ കൊണ്ടു പോയി എന്ന് തന്നെ പറയാം. ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും നിര്‍ണായക ഘട്ടങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്ന പ്രധാനപ്പെട്ട കഥാപാത്രമായി തന്നെ നമ്പിയിലൂടെ ജയറാം നിറഞ്ഞുനിന്നു.

ഒന്നാം ഭാഗത്തില്‍ ജനപ്രീതി നേടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലി. ‘അലൈക്കടലാഴം,’ എന്ന പാട്ടിലൂടെ ഇന്‍ട്രോ സീനില്‍ തന്നെ പ്രേക്ഷക മനസിലേക്ക് ചേക്കേറാന്‍ പൂങ്കുഴലിക്കായി. ഒന്നാം ഭാഗത്തില്‍ ഈ കഥാപാത്രത്തിന് അത്യാവശം സ്‌ക്രീന്‍ സ്‌പേസും ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അതിച്ചിരി കുറഞ്ഞുപോയിട്ടുണ്ട്. സിനിമ തുടങ്ങുമ്പോള്‍ ഉള്ള ഒന്നു രണ്ട് രംഗങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പൂങ്കുഴലി രണ്ടാം ഭാഗത്തില്‍ എവിടെയൊക്കെ വരുന്നുണ്ടെന്നറിയാന്‍ ഒന്നാലോചിക്കേണ്ടി വരും.

ലാല്‍ അവതരിപ്പിച്ച തിരുക്കോവാളൂര്‍ മലയമന്‍ പ്രധാനമായും യുദ്ധ രംഗങ്ങളിലായിരുന്നു എത്തിയത്. രണ്ടാം ഭാഗത്തിലെ അദ്ദേഹത്തിന്റെ ഇമോഷണല്‍ രംഗങ്ങളും ഹൃദയം നിറക്കുന്നതായിരുന്നു.

റഹ്‌മാന്റെ മധുരാന്തകന്‍ പൊന്നിയിന്‍ സെല്‍വനിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. ഒന്നാം ഭാഗത്തിനെക്കാള്‍ ഈ കഥാപാത്രത്തിന് ചെയ്യാനുണ്ടായിരുന്നതും രണ്ടാം ഭാഗത്തിലായിരുന്നു. പി.എസ്. ടുവില്‍ വലിയ ട്രാന്‍സ്ഫര്‍മേഷന്‍ സംഭവിക്കുന്ന, ക്ലൈമാക്‌സില്‍ നിര്‍ണായക പ്രാധാന്യമുള്ള കഥാപാത്രമാണ് റഹ്‌മാന്റെ മധുരാന്തകന്‍.

ഖൊട്ടിക രാജനായി വന്ന ബാബു ആന്റണിക്കും തന്റെ കരിയറിലെ ഒരു വ്യത്യസ്ത കഥാപാത്രമാണ് പൊന്നിയിന്‍ സെല്‍വനിലൂടെ ലഭിച്ചത്. ഒരുപാട് സമയമൊന്നും വരുന്നില്ലെങ്കിലും പൊന്നിയിന്‍ സെല്‍വന്റെ കഥാഗതിയെ തന്നെ മാറ്റുന്ന രംഗങ്ങളിലാണ് ഈ കഥാപാത്രം വന്നത്.

ഡയലോഗുകളിലുപരി ആക്ഷനിലൂടെയാണ് റിയാസ് ഖാന്‍ പി.എസില്‍ ശ്രദ്ധ നേടുന്നത്. പ്രതികാര ദാഹികളായ പാണ്ഡ്യന്മാരുടെ സംഘത്തിലെ പ്രധാനികളിലൊരാളാണ് റിയാസ് ഖാന്റെ സോമന്‍ സാംബവന്‍. ചിത്രത്തില്‍ അദ്ദേഹത്തിന്റെ ബോഡി സ്ട്രക്ച്ചര്‍ യോദ്ധാവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

സാധാരണ ഗതിയില്‍ മലയാളത്തിലെ പ്രധാന നടന്മാരെ കൊണ്ടുപോയി നിസാര റോളുകളില്‍ അവതരിപ്പിക്കുന്നതിന്റെ പേരില്‍ തമിഴ് സിനിമ കുറേ പഴി കേട്ടിരുന്നു. ഇരുവര്‍, ദളപതി, ഒ.കെ. കണ്‍മണി, അലൈപായുതേ തുടങ്ങിയ സിനിമകളിലൂടെ മലയാളികളെ പ്രധാന കഥാപാത്രങ്ങളായി തന്നെ അവതരിപ്പിച്ച് ഈ പതിവില്‍ നിന്നും മാറി സഞ്ചരിച്ചത് മണിരത്‌നമായിരുന്നു. പൊന്നിയിന്‍ സെല്‍വനിലും അതിന് മാറ്റമില്ല.

Content Highlight: performance and screen space of malayali actors in ponniyin selvan 2