|

പ്രഭാസും പൃഥ്വിരാജും നിറഞ്ഞുനിന്ന സലാറില്‍ ജ്വലിച്ച ശ്രിയ റെഡ്ഡി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ചിത്രങ്ങളില്‍ സ്വന്തമായി ഒരു ലോകം തന്നെ സൃഷ്ടിക്കുന്ന സംവിധായകനാണ് പ്രശാന്ത് നീല്‍. കെ.ജി.എഫില്‍ അത് കോളാര്‍ ഗോള്‍ഡ് ഫീല്‍ഡായിരുന്നുവെങ്കില്‍ സലാറിലേക്ക് വരുമ്പോള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത് ഖാന്‍സാറാണ്.

കെ.ജി.എഫിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ വലിയ ലോകമാണ് സലാറിനായി പ്രശാന്ത് നീല്‍ സൃഷ്ടിച്ചിരിക്കുന്നത്. 1000 വര്‍ഷത്തെ ചരിത്രം തന്നെ അതിനായി സൃഷ്ടിച്ചു. പല ആചാരാനുഷ്ഠാനങ്ങളും ജീവിത രീതിയുമുള്ള മൂന്ന് ഗോത്രങ്ങളാണ് സലാര്‍ ഭരിക്കുന്നത്. ഇത്രയും വലിയ ലോകം സൃഷ്ടിച്ചുവെച്ചതുകൊണ്ട് തന്നെ കഥാപാത്രങ്ങളുടെ എണ്ണത്തിലും സമ്പന്നമാണ് സലാര്‍.

പ്രഭാസ്, പൃഥ്വിരാജ്, ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവോ, ശ്രിയ റെഡ്ഡി, ദേവരാജ്, രാമചന്ദ്ര രാജു, മധു ഗുരുസ്വാമി എന്നിങ്ങനെ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രഭാസും പൃഥ്വിരാജും ജഗപതി ബാബുവുമൊക്കെ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ മങ്ങാതെ ജ്വലിച്ചുനില്‍ക്കുന്ന ഒരു കഥാപാത്രം കൂടിയുണ്ട് സലാറില്‍, ശ്രിയ റെഡ്ഡി അവതരിപ്പിച്ച രാധാ രാമ മന്നാര്‍. ഖാന്‍സാര്‍ ഭരിക്കുന്ന രാജ മന്നാറിന്റെ ആദ്യഭാര്യയിലുണ്ടായ മകളാണ് രാധ രാമ മന്നാര്‍.

ഖാന്‍സാറിന്റെ ഭരണം ചുറ്റിത്തിരിഞ്ഞുള്ള അധികാര വടംവലിയില്‍ വലിയ പങ്കാണ് രാധ വഹിക്കുന്നത്. കഥാപാത്രത്തില്‍ ധാരാളം ലെയറുകളുള്ള കഥാപാത്രമാണ് രാധ. രാജ മന്നാര്‍ ഖാന്‍സാറില്‍ നിന്നും മാറിനില്‍ക്കുമ്പോള്‍ ഭരണം ഏല്‍പ്പിക്കുന്നതും തന്റെ ആശങ്കകള്‍ പങ്കുവെക്കുന്നതും മകളായ രാധയോടാണ്. വാക്കിലും നോക്കിലും നടപ്പിലും തന്റെ അധികാരം കൂടി പ്രതിഫലിപ്പിക്കുന്ന കഥാപാത്രമാണ് രാധ. ആ കഥാപാത്രത്തെ അതിന്റെ സര്‍വ തീവ്രതയുമുള്‍ക്കൊണ്ട് ശ്രിയ റെഡ്ഡി അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Performance and character of sriya reddy in salaar

Video Stories