| Wednesday, 12th May 2021, 9:45 am

നാലു ദിവസം 'യാഗം' നടത്തുക, കൊറോണയൊക്കെ ഇന്ത്യയില്‍ നിന്ന് പമ്പ കടക്കും; അശാസ്ത്രീയത പ്രചരിപ്പിച്ച് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: രാജ്യത്ത് രൂക്ഷമാകുന്ന കൊവിഡ് രണ്ടാം തരംഗത്തെ ഇല്ലാതാക്കാന്‍ ഹിന്ദു ആചാരമായ യാഗം നടത്തിയാല്‍ മതിയെന്ന് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി ഉഷ താക്കൂര്‍. നാലുദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തിയാല്‍ കൊറോണ വൈറസ് ഇല്ലാതാകുമെന്നാണ് മന്ത്രിയുടെ അവകാശവാദം.

‘നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന യാഗം നടത്തണം. യാഗ്‌ന ചികിത്സ എന്നാണ് ഇതറിയപ്പെടുന്നത്. നമ്മുടെ പൂര്‍വ്വികര്‍ മഹാമാരിയെ തടുക്കാന്‍ ഇതൊക്കെയാണ് ചെയ്തിരുന്നത്. ഇങ്ങനെ ചെയ്താല്‍ പിന്നെ കൊറോണയൊക്കെ ഇന്ത്യയില്‍ നിന്ന് പമ്പ കടക്കും,’ ഉഷ താക്കൂര്‍ പറഞ്ഞു.

ഇതാദ്യമായല്ല ഇത്തരം വിവാദ പരാമര്‍ശവുമായി ഉഷ താക്കൂര്‍ രംഗത്തെത്തുന്നത്. മുമ്പ് കൊവിഡ് വ്യാപനം തടയാന്‍ ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പൂജ നടത്തിയയാളാണ് ഉഷ താക്കൂര്‍. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ഇവര്‍ പൂജ നടത്തിയത്.

ഇന്‍ഡോറിലെ ദേവി അഹല്യാഭായി എയര്‍പോര്‍ട്ടിലാണ് മന്ത്രിയും സംഘവും പൂജ നടത്തിയത്. എയര്‍പോര്‍ട്ടിലെ ജീവനക്കാരും ഇവരോടൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കൊറോണയെ തുരത്താനെന്ന രീതിയിലാണ് എയര്‍പോര്‍ട്ടില്‍ ഇവര്‍ പൂജ സംഘടിപ്പിച്ചത്. മാസ്‌ക് ധരിക്കാതെ പൊതുചടങ്ങില്‍ പങ്കെടുക്കുന്നത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട്, താന്‍ എന്നും ഹനുമാന്‍ ചാലിസ ചൊല്ലാറുണ്ടെന്നും തനിക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Perform Yagna To Ward Off Covid Virus Says MP Minister

We use cookies to give you the best possible experience. Learn more