|

പരിധികളില്‍ നിന്നും കൃത്യമായ എക്‌സിക്യൂഷന്‍; ചെറിയ കഥാപാത്രങ്ങളുടെ ഗംഭീര പെര്‍ഫോമന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇരട്ട കഥാപാത്രങ്ങളെ കേന്ദ്രമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയ ഇന്‍ഡസ്ട്രിയാണ് മലയാളം സിനിമ. റൊമാന്റിക്, ക്രൈം ത്രില്ലര്‍, ഫാമിലി ഡ്രാമ ഴോണറുകളിലെല്ലാം ഇത്തരം ചിത്രങ്ങളെത്തിയിട്ടുണ്ട്. ഈ കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ വന്നതാണ് ഇരട്ട. ഒരു പൊലീസ് സ്റ്റേഷനില്‍ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ഇരട്ട പറയുന്നത്.

മന്ത്രി പങ്കെടുക്കേണ്ട പരിപാടി നടക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് പൊലീസ് സ്റ്റേഷനില്‍ വെച്ച് വിനോദ് എന്ന പൊലീസുകാരന്‍ വെടിയേറ്റ് മരണപ്പെടുന്നു. തുടര്‍ന്ന് ഒറ്റദിവസം കൊണ്ട് പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് തന്നെ മുന്നോട്ട് പോകുന്ന അന്വേഷണമാണ് കാണിക്കുന്നത്. ഒറ്റ ദിവസത്തില്‍, ഒരു പൊലീസ് സ്റ്റേഷന്‍ എന്ന പരിധിയില്‍ നിന്നുകൊണ്ടാണ് ഇരട്ടയുടെ കഥ പറഞ്ഞുപോകുന്നത്. ഈ പരിമിതികളുണ്ടായിട്ടും പ്രേക്ഷകരെ എന്‍ഗേജിങ്ങാക്കി നിര്‍ത്തുന്നതില്‍ ഇരട്ട വിജയിക്കുന്നുണ്ട്.

മരണം നടക്കുന്നതിന് മുമ്പേയുള്ള ചില സംഭവങ്ങളും പ്രധാനകഥാപാത്രങ്ങളുടെ കുട്ടിക്കാലവുമെല്ലാം കാണിക്കുന്നുണ്ടെങ്കിലും പൊലീസ് സ്റ്റേഷനെ കേന്ദ്രീകരിച്ച് തന്നെ ചിത്രത്തിന് മുന്നോട്ട് പോകേണ്ടതുണ്ട്. അന്വേഷണം പുരോഗമിക്കുമ്പോഴും ഓരോ ചുരുളഴിയുമ്പോഴും പ്രേക്ഷകന്റെ ആകാംക്ഷയും വര്‍ധിക്കുന്നുണ്ട്.

ജോജുവിന് പുറമെ ചിത്രത്തിലെത്തിയ ഓരോ കഥാപാത്രത്തിനും കൃത്യമായ സ്‌ക്രീന്‍ സ്‌പേസ് ഇരട്ട നല്‍കുന്നുണ്ട്. കുറച്ച് സമയത്തേക്ക് സിനിമയില്‍ വന്നുപോകുന്നവര്‍ക്കെല്ലാം അവരവരുടേതായ പ്രാധാന്യമുണ്ട്. തന്നെയുമല്ല ഇവരുടെയെല്ലാം മികച്ചതും സ്വഭാവികവുമായ പ്രകടനവും പുറത്തെടുക്കാന്‍ സംവിധായകന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്.

ആര്യ സലിം, മനോജ് കെ.യു, ശ്രീകാന്ത് മുരളി, സാബുമോന്‍, ശരത് സഭ, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരുടെയെല്ലാം പ്രകടനം പ്രേക്ഷകര്‍ ഓര്‍ത്തുവെക്കും. ഇതില്‍ തന്നെ സാബുമോനും ജോജുവും തമ്മിലുള്ള ഒറ്റ ഷോട്ടിലെടുത്ത ഫൈറ്റ് സീനുകളും എക്‌സിക്യൂഷനിലെ മികവ് കൊണ്ടും യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിലൂടെയും ശ്രദ്ധ നേടുന്നതായിരുന്നു.

ഇരട്ട സഹോദരങ്ങളെ രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളായി തന്നെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ജോജു ജോര്‍ജിന് അനായാസം കഴിഞ്ഞിട്ടുണ്ട്. വേഷവിധാനങ്ങളിലോ മറ്റേതെങ്കിലും ശാരീരിക ഘടകങ്ങളിലോ ഉള്ള വ്യത്യാസത്തേക്കാള്‍, ശരീരഭാഷയിലും സംഭാഷണത്തിലും മൊത്തം ആറ്റിറ്റിയൂഡിലും മാറ്റം വരുത്തികൊണ്ടാണ് ഈ വ്യത്യാസത്തെ ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്.

ജോജു ജോര്‍ജ് മാത്രമല്ല, ചിത്രത്തിലെ ഓരോ അഭിനേതാക്കളും മികച്ച പെര്‍ഫോമന്‍സാണ് ഇരട്ടക്കായി പുറത്തെടുത്തിരിക്കുന്നത്. ഇമോഷണല്‍ ഡ്രാമയിലേക്ക് ഇടക്ക് സിനിമ ചെറുതായി തെന്നുന്നുണ്ടെങ്കിലും അഭിനേതാക്കളെ വേണ്ട രീതിയില്‍ പ്ലേസ് ചെയ്തുകൊണ്ട് സിനിമയുടെ നിലവാരം തുടരാന്‍ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്.

Content Highlight: perfomance of characters in iratta