ബീജിങ്: സുരക്ഷിതമായി സൂക്ഷിച്ചുവെച്ച ദിനോസറിന്റെ ഭ്രൂണം ചൈനയില്‍ കണ്ടെത്തി. മുട്ട പൊട്ടി കുഞ്ഞ് പുറത്തുവരാനിരുന്ന അവസ്ഥയിലായിരുന്ന ഭ്രൂണം പ്രിസര്‍വ് ചെയ്ത് വെച്ചതായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
തെക്കന്‍ ചൈനയിലെ ഗാന്‍സൗ പ്രദേശത്ത് നിന്നാണ് ഫോസില്‍ കണ്ടെത്തിയത്.
ഇത് ഏകദേശം 72 മുതല്‍ 66 വരെ മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാകാമെന്നും പെട്ടെന്നുണ്ടായ മണ്ണിടിച്ചില്‍ പോലുള്ള എന്തെങ്കിലും കാരണങ്ങളാല്‍ പ്രിസര്‍വ് ചെയ്യപ്പെട്ടതാകാമെന്നുമാണ് സയന്റിസ്റ്റുകള്‍ പറയുന്നത്.
‘ബേബി യിങ്‌ലിയാങ്’ എന്നാണ് ഭ്രൂണത്തിന് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്.
”ചരിത്രത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും മികച്ച ദിനോസര്‍ ഭ്രൂണങ്ങളിലൊന്നാണിത്,” ബര്‍മിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകന്‍ ഫിയൊന്‍ വെയ്‌സം മാ പറഞ്ഞു. മായും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ ഭ്രൂണം കണ്ടെത്തിയത്.
ദിനോസറുകളും പക്ഷിവര്‍ഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പഠിക്കുന്നതിന് ഈ ഭ്രൂണം സഹായകരമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. ചൈനയിലെ മ്യൂസിയത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.