പേരന്‍പ് , വളരെ മെല്ലെ തുടങ്ങി പതിയെ സര്‍വനാഡികളിലേക്കും പടരുന്ന ഒരു സ്ലോ പോയ്സന്‍
Film Review
പേരന്‍പ് , വളരെ മെല്ലെ തുടങ്ങി പതിയെ സര്‍വനാഡികളിലേക്കും പടരുന്ന ഒരു സ്ലോ പോയ്സന്‍
ഫായിസ് മുഹമ്മദ്
Saturday, 2nd February 2019, 3:23 pm

പ്രകൃതിയുടെ ഭാവമാറ്റങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ഓര്‍മകളുടെ, വീണ്ടെടുപ്പുകളുടെയൊക്കെ ആര്‍ദ്രമായൊരു അടയാളപ്പെടുത്തലാണ് പേരന്‍പ്.ഋതുഭേദങ്ങള്‍ക്കിടയിലൂടെ മെല്ലെ പതിഞ്ഞുപോകുന്ന ഒരു നേര്‍ത്ത വിഷാദം ഒരറ്റത്ത് നിന്നും മെല്ലെക്കേറിവരികയും ,അതിതീവ്രമാവുകയും അമുദന്‍ വേദനയുള്ളൊരു ചിരിയായിത്തീരുകയോ ചെയ്യുകയുമാണിവിടെ …

ഗള്‍ഫില്‍ ടാക്‌സി ഡ്രൈവര്‍ ആയി ജീവിച്ച ശേഷം തന്റെ ശരീരികവൈകല്യം ബാധിച്ച മകളിലേക്കുള്ള തിരിച്ചു വരവിലൂടെ അമുദന്‍ നടത്തുന്ന “ഇട” ത്തിനു വേണ്ടിയുള്ള ആരാലും അടയാളപ്പെടാന്‍ സാധ്യതയില്ലാത്ത താരതമ്യേന ദുര്‍ബലമായ ജീവിക്കാനായുള്ള പോരാട്ടങ്ങളിലൂടെ പല കാലങ്ങള്‍ ഉണ്ടായിത്തീരുകയാണ് . അമുദന് എന്ന തീവ്രമായ മനുഷ്യനുണ്ടാവുന്നത് പ്രകൃതിയിലൂടെയാണ്.

തന്നോടിടപെടുന്ന മനുഷ്യരെയും,ജീവിതത്തെയും,ജീവിതപരിസരങ്ങളെയും പ്രകൃതിയിടെ ഭാവമാറ്റങ്ങളിലൂടെ അമുദന് വിശദീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നുണ്ട് . പല മനുഷ്യരെയും അവരുടെ സ്വത്വപ്രതിസന്ധികളെയും , സമൂഹികത കരുത്തന്‍ മനുഷ്യര്‍ക്ക് വേണ്ടി നിര്മിചിട്ടുള്ള ഇടങ്ങളില്‍ നിന്നു നിര്‍ബാധം പുറത്താക്കപ്പെട്ടവരെയും പറ്റി അമുദന്‍ കൈവരിക്കുന്ന ബോധ്യങ്ങളാണ് അയാളെ പ്രകൃതിയുടെ പ്രവാചകനാക്കി മാറ്റുന്നത്. റാമിന്റെ “പേരന്‍പ് “വളരെ സബ്റ്റില്‍ ആയൊരു പ്രബോധന സന്ദേശവും അമുദന്‍ അതിന്റെ പ്രവാചകനുമാണ്.

പ്രകൃതി തന്റെ ഉള്‍ജീവിതങ്ങളെ മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയുന്ന അതേ വിശാലത തന്നെയാണ് അമുദന് എന്ന മനുഷ്യനും .ഒരുപക്ഷേ തന്നിലേക്ക് സംഭവിച്ച മനുഷ്യരെ അവരുടെ തന്നെ സത്യങ്ങള്‍ കൊണ്ടിടപെടാനും മനസിലാക്കാനും ശ്രമിച്ച അമുദന്റെ പ്രകൃതിയിലേക്കുള്ള രൂപാന്തരത്വമോ,അത്ര തന്നെ വിശാലമായൊരു അറിവിന്റെ സമാഹാരണമോ ആണ് പേരന്‍പിലൂടെ റാം സാധ്യമാക്കിയെടുക്കുന്നത്.

Also Read  പേരന്‍പ്- അമുദന്‍ എന്ന ഗ്രേറ്റ് ഫാദര്‍….

അമുദന്റെ ഒറ്റയാള്‍ സംവാദത്തിനുള്ളിലെ താരതമ്യേന നിശ്ചലവും നിശ്ശബ്ദവുമായ ലോകത്തിന്റെ ഇടുക്കില്‍ തന്റേതായ ഭാഷകളും ചിഹ്നങ്ങളും കൊണ്ടു അമുതനോട് വിനിമയം സാധ്യമാക്കുകയാണ് മകള്‍ പാപ്പാ. “സാധാരണ” മനുഷ്യരുടെ അസംഖ്യതയെ പാപ്പാ 1,2,3 എന്നീ അക്കങ്ങള്‍ കൊണ്ടു റദ്ദ് ചെയ്യുന്നത് മികച്ച സീന്‍ തന്നെയാണു.നക്ഷത്രങ്ങളെ മൂന്നു വരെ എണ്ണി വീണ്ടും ഒന്നില്‍ നിന്നു തുടങ്ങുന്ന പാപ്പായെ തിരുത്തുന്ന അമുദന് പിന്നീട് ആത്മഗതമായി ” മൂന്നല്ല മൂന്നു കോടി വറെ എണ്ണാനറിഞ്ഞാലും നക്ഷത്രങ്ങളെ എണ്ണിത്തീര്‍ക്കാന്‍ കഴിയില്ലെന്ന ” ലളിത സത്യത്തിലേക്കും , മനുഷ്യന്റെ നോര്‍മാലിറ്റി എന്ന തമാശയിലേക്കും തിരിച്ചുവരുന്നുണ്ട്.
അമുദനും പാപ്പായും ഓടിക്കൊണ്ടേയിരിക്കുകയാണ്.

നാഗരികതയില്‍ മനുഷ്യനും പ്രകൃതിക്കും ഇടയിലുണ്ടാവുന്ന വിനിമയ പരമായ ആശയക്കുഴപ്പത്തെ റാം തമ്മിലിടകോര്‍ക്കുന്നത് അമുദന്റെ ലോകവീക്ഷണത്തിലൂടെയാണ്. മകളുടെ വൈകല്യത്തെ മാനസികമായി മറികടക്കാനുള്ള അമുതന്റെ കരുതല്‍,ക്ഷമ എന്നിവയൊക്കെ കൂടുതല്‍ വിശാലമായ സ്‌നേഹത്തിലേക്ക് അമുതനെ നായിക്കുന്നതായി കാണാം. സമൂഹികത എന്ന അബോധത്തില്‍ നിന്നു മനുഷ്യന്‍ എന്ന ബോധ്യത്തിലേക്കും അന്‍പില്‍ നിന്നു പേരന്‍പിലേക്കുമുള്ള തീവ്രമായ ഇഴുകിച്ചേരലാണ് പേരന്‍പ് സാധ്യമാക്കിയെടുക്കുന്നത്.

അമുദനോടൊപ്പം പ്രകൃതി സന്തോഷിക്കുന്നുണ്ട്,കടല്‍ കരയുന്നുണ്ട് .. മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്കുള്ള ആശയവിനിമയത്തിന്റെ ,സ്‌നേഹത്തിന്റെ ഇടമുറിയാത്ത തുടര്‍ച്ചക്കെന്നോണമാണ് പേരന്‍പില്‍ പ്രകൃതിയെ മുന്നിര്‍ത്തിയിട്ടുള്ളത് .

റാമിന്റെ മുന്‍സിനിമകളെപ്പോലെ hard hitting അല്ല പേരന്‍പെന്നു പറയാന്‍ കഴിയും. കാരണം ഓടിവന്നു കുത്തിയിളക്കിയിട്ടു പോവുന്നില്ല സിനിമ. ആവശ്യത്തിനു സമയമെടുത്തു വളരെ മെല്ലെ തുടങ്ങിയോടുങ്ങകയും മെല്ലെ സര്‍വനാടികളിലേക്കും പടരുകയും ചെയ്യുന്ന ഒരു സ്ലോ പോയ്സന്‍ പോലെയാണ് റാമിന്റെ പേരന്‍പ് . ഒറ്റയ്ക്ക് തലയുയര്‍ത്തി നില്‍ക്കുന്നൊരു സിനിമ.

ഇത്ര കാലം മമ്മൂട്ടി മറന്നുപോയതൊക്കെ പേരന്‍പിലുണ്ട്. മമ്മൂട്ടി എന്ന താരം മമ്മൂട്ടി എന്ന മഹാനടനെ തിരിച്ചു പിടിക്കുന്ന കാഴ്ച ഗംഭീരമാണ് . മമ്മൂട്ടിയില്ലെങ്കില്‍ പേരന്‍പില്ലെന്നു പറയുന്ന റാമിനെ എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ മമ്മൂട്ടിക് നിഷ്പ്രയാസം സാധിക്കുന്നുണ്ട്. അഞ്ജലി അമീറിന്റെ ട്രാന്‍സ് കഥാപാത്രം മികച്ചു നില്‍ക്കുമ്പോള്‍ പാപ്പാ ആയി സാധനയുടെ പ്രകടനം മാസ്മരികമാണ് .
കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് പേരന്‍പ് .

Dool News Video